DCBOOKS
Malayalam News Literature Website

പ്രണയത്തിന്റെ രാജകുമാരന്‍ ‘രവീന്ദര്‍ സിങ്’ കൊച്ചിയിലെത്തുന്നു

ഐ ടൂ ഹാഡ് എ ലവ് സ്‌റ്റോറി, ദിസ് ലവ് ദാറ്റ് ഫീല്‍സ് റൈറ്റ് തുടങ്ങി ഒട്ടനേകം കൃതികളിലൂടെ പ്രണയത്തിന്റെ പുതുകഥകള്‍ പറഞ്ഞ് ഇന്ത്യന്‍ യുവതയുടെ ഹരമായി മാറിയ രവീന്ദര്‍ സിങ് കൊച്ചിയിലെത്തുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ദി ബിലേറ്റഡ് ബാച്ചിലര്‍ പാര്‍ട്ടിയെന്ന പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് രവീന്ദര്‍ സിങ് എത്തുന്നത്. ജൂണ്‍ രണ്ടാം തീയതി ഞായര്‍ വൈകിട്ട് 5.30ന് കൊച്ചി സെന്റര്‍ സ്‌ക്വയര്‍ മാളില്‍ വെച്ചാണ് പുസ്തകപ്രകാശനവും സംവാദവും സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് എഴുത്തുകാരന്റെ കൈയ്യൊപ്പോടു കൂടി ദി ബിലേറ്റഡ് ബാച്ചിലര്‍ പാര്‍ട്ടിയുടെ കോപ്പികളും സ്വന്തമാക്കാം.

സ്വന്തം ജീവിതനിമിഷങ്ങളെ പകര്‍ത്തിയ ഐ ടൂ ഹാഡ് എ ലവ് സ്‌റ്റോറി എന്ന ആദ്യ കൃതിയിലൂടെ തന്നെ ഇന്ത്യയിലെ യുവഹൃദയങ്ങളില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ച എഴുത്തുകാരനാണ് രവീന്ദര്‍ സിങ്. അദ്ദേഹത്തിന്റെ കൃതികളില്‍ പച്ചയായ മുനുഷ്യബന്ധങ്ങളെക്കുറിച്ചും നിസ്വാര്‍ത്ഥ സ്‌നേഹത്തെക്കുറിച്ചും വായിച്ചെടുക്കാന്‍ കഴിയും. കൊല്‍ക്കത്തയിലെ ഒരു സിക്ക് കുടുംബത്തില്‍ ജനിച്ച രവീന്ദര്‍ സിങ് പ്രമുഖ ഐ.ടി കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ കൂടിയാണ്. Can love happen twice?, Love Stories That Touched My Heart, Like it Happened Yesterday, Your Dreams Are Mine Now, Tell me a story എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികള്‍

പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന കേരളത്തിലെ യുവ വായനക്കാര്‍ക്ക് പ്രിയങ്കരനായ രവീന്ദര്‍ സിങിനെ നേരിട്ട് കാണാനും അദ്ദേഹത്തോട് സംവദിക്കുവാനുമുള്ള സുവര്‍ണ്ണാവസരമാണ് ഡി സി ബുക്‌സ് ഈ പരിപാടിയിലൂടെ ഒരുക്കുന്നത്. പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സുമായി സഹകരിച്ചാണ് ഡി സി ബുക്‌സ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

 

 

Comments are closed.