‘തിരുമേനിയും ഡിസി കിഴക്കെമുറിയും’ ഓർമ്മകൾ പങ്കുവച്ച് രവി ഡി സി

mar

മനുഷ്യായുസ്സില്‍ നൂറു വര്‍ഷമെന്നത് വലിയൊരത്ഭുതമല്ല. എന്നാൽ നൂറു വര്‍ഷം ജീവിക്കുക എന്നതിലുപരി തന്റെ ചുറ്റുമുള്ള മനുഷ്യന്റെ ഹൃദയത്തില്‍ ജീവിക്കുവാന്‍ ഭാഗ്യം ചെയ്തിട്ടുള്ള കുറച്ചു പേര്‍ മാത്രമേ ഇവിടെ ഉണ്ടായിട്ടുള്ളൂ. അതിലൊരാളാണ് ക്രിസോസ്റ്റം തിരുമേനി. ദൈവശാസ്ത്രത്തിന്റെയും ഔപനിഷദിക ജ്ഞാനത്തിന്റെയും ഗാന്ധിയന്‍ നവോത്ഥാനത്തിന്റെയും ശക്തി, ധിഷണയില്‍ ആവഹിക്കുന്ന മഹാമനീഷി. ഒരു മതസിദ്ധാന്തത്തിന്റെയും സാക്ഷിയാകാതെ സ്‌നേഹത്തിന്റെ മാത്രം സാക്ഷിയാണ് ഞാന്‍ എന്ന് നമ്മെ അദ്ദേഹം നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു.

ജാതി മത ഭേദമന്യേ മലയാളികള്‍ക്ക് മുഴുവനും സ്വീകാര്യനായ ഒരു ആചാര്യന്‍ ഇന്നുണ്ടെങ്കില്‍ അത് ക്രിസോസ്റ്റം തിരുമേനി മാത്രം. ചിരിയും ചിന്തയും സമന്വയിക്കുന്ന അദ്ദേത്തിന്റെ ജീവിതവീക്ഷണങ്ങളിലൂടെ കൈവന്നതാണ് ആ സ്വീകാര്യത. ആ ചിരി ഒരു ആയോധന മുറയും പ്രതിരോധവും പ്രതിഷേധവുമായിരുന്നു എന്നതാണ് വാസ്തവം. തിരുഫലിതങ്ങള്‍ എന്ന പുസ്തകത്തില്‍ ഒരു നുറുങ്ങു കഥയുണ്ട് ‘ഒരിക്കല്‍ ഒരു വേദിയില്‍ താനിരുന്ന കസേരയില്‍നിന്നും ക്രിസോസ്റ്റം തിരുമേനി താഴെ വീണു. എഴുന്നേറ്റ ഉടന്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരുമേനി പ്രതികരിച്ചു. ‘നിങ്ങളെല്ലാം ശ്രദ്ധിച്ചു കണ്ടല്ലോ, ഇങ്ങനെയാണ് സഭ വീഴുന്നതും എഴുന്നേല്‍ക്കുന്നതും’ ചിരി എന്നത് അദ്ദേഹത്തിന് ലക്ഷ്യത്തേക്കാള്‍ മാര്‍ഗ്ഗമായിരുന്നു എന്നു പറയുന്നതാവും ശരി.

ആ ജീവിതംതന്നെ വ്യത്യസ്തമായിരുന്നു. പട്ടവും അധികാരവും ആര്‍ജ്ജിച്ച ജ്ഞാനവും സ്വന്തം മതവിശ്വാസികളുടെ വേലിക്കെട്ടിനുള്ളില്‍ തളച്ചിടുകയല്ല, മറിച്ച് നാനാജാതി മനുഷ്യന്റെ ഹൃദയത്തില്‍ വെളിച്ചം കൊളുത്താനുള്ളതാണെന്ന് തന്റെ ജീവിതത്തിലൂടെ അദ്ദഹേം തെളിയിച്ചു. തന്റെ ചിന്തകള്‍ വിശദീകരിച്ചുകൊണ്ട് തിരുമേനി ഗ്രാമഗ്രാമാന്തരങ്ങളിലുള്ള മനുഷ്യനോട് സംവദിച്ചു. വേദനിക്കുന്നവന്റെ കണ്ണീരൊപ്പുവാന്‍ ആവുന്നതെല്ലാം നിശ്ശബദമായി ചെയ്തുകൊണ്ടേയിരിക്കുന്നു. ചുമട്ടുതൊഴിലാളികളുടെ ജീവിതസാഹചര്യം മനസ്സിലാക്കുവാന്‍ ഒരു മാസം ചുമട്ടുകാരനായി അവര്‍ക്കൊപ്പം കഴിഞ്ഞ കഥ തന്റെ ആത്മകഥയില്‍ അദ്ദേഹം വിവരിക്കുന്നുണ്ട്. നോക്കിയും കണ്ടും സ്വന്തം അപദാനങ്ങള്‍ പരത്തുവാന്‍ വാക്കുകള്‍ മൊഴിയുന്ന തരത്തിലുള്ള നാട്യങ്ങള്‍ അദ്ദേഹത്തിന് അന്യമായിരുന്നു. ഒരു പൗരനെന്ന നിലയില്‍ തന്നെ അലോസരപ്പെടുത്തിയതിനെപ്പറ്റിയെല്ലാം നര്‍മ്മത്തില്‍ ചാലിച്ച് ആര്‍ക്കും വേദനയുണ്ടാവാതെ അദ്ദേഹം തുറന്നുസംസാരിക്കുന്നു.

കോട്ടയം ഭദ്രാസനത്തിന്റെ ചുമതലക്കാരനായി കോട്ടയത്ത് എത്തിയ നാള്‍ മുതല്‍ തിരുമേനിയും എന്റെ പിതാവ് ഡിസി കിഴക്കെമുറിയും തമ്മില്‍ നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ഡിസി ബുക്‌സ് അതിന്റെ ആദ്യ പുസ്തകമായ നിഘണ്ടു പുറത്തിറക്കിയപ്പോള്‍ ആദ്യം കരസ്ഥമാക്കിയവരുടെ കൂട്ടത്തില്‍ താനുണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ തിരുമേനി സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് അദ്ദേത്തിന്റെ തിരുഫലിതങ്ങള്‍, ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍, ആത്മകഥ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നി പുസ്തകങ്ങള്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. ആത്മകഥ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് ഡിസി ബുക്‌സ് തന്നെയായിരിക്കണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഞങ്ങള്‍ക്ക് എക്കാലത്തെയുമുള്ള പ്രശസ്തിപത്രമായി മാറി.

ആരാണ് നമുക്ക് ക്രിസോസ്റ്റം തിരുമേനി? ഉത്തരങ്ങള്‍ക്കു മാത്രമല്ല ചോദ്യങ്ങള്‍ക്കുപോലും പടിഞ്ഞാറേക്ക് നോക്കി കൈകൂപ്പുന്ന ഈ നൂറ്റാണ്ടില്‍ കിഴക്കിന്റെ ജ്ഞാനത്തെയും ചിന്തയെയും ഒരുപോലെ പഠിച്ചറിഞ്ഞ മനീഷി. വാഗ്ഭടാനന്ദനും ശ്രീനാരായണനും ഈ മണ്ണില്‍ നടത്തിയ ആദ്ധ്യാത്മിക വിപ്ലവത്തിന്റെ വീര്യം ആത്മാവിലാവാഹിച്ച തത്ത്വചിന്തകന്‍; ജീവിതത്തിന്റെ സുതാര്യത ഓരോ നിമിഷവും നിഷ്ഠയാക്കിയ പൊതുപ്രവര്‍ത്തകന്‍; വാക്കും പ്രവര്‍ത്തിയും ഒന്നുതന്നെയാവണമെന്നു ശഠിക്കുന്ന സാംസ്‌കാരികനായകന്‍. പറച്ചിലും പ്രവർത്തിയും ഏകീഭവിക്കാതിരിക്കുകയും പലപ്പോഴും വിരുദ്ധമാവുകയും ചെയ്യുന്ന പുതുകാലത്ത് ക്രിസോസ്റ്റം തിരുമേനി ഒരു വിളക്കുമമരമായി നമുക്ക് പ്രഭ ചൊരിയുന്നു. ആ വിളക്കുമരം കേരളത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരമായി എക്കാലവും നിലനില്‍ക്കട്ടെ…

Categories: Editors' Picks, LITERATURE