രേവതി നക്ഷത്രത്തില്‍ ജനിച്ചാല്‍..?

revathy

നക്ഷത്രഗണനയില്‍ 27-ാമത് നക്ഷത്രമാണ് രേവതി. പൂഷാവ് ദേവത. സംഹാരനക്ഷത്രം. മിഴാവുപോലെ 32 നക്ഷത്രങ്ങള്‍. ഉച്ചിയില്‍ വരുമ്പോള്‍ കര്‍ക്കടകം രാശിയില്‍ ഏഴുവിനാഴിക ചെല്ലുന്നു. ഉദയം മീനം30 ന്. പൂഷാ,പൗഷ്ണം, അന്ത്യഭം എന്നിവ രേവതിയുടെ പര്യായങ്ങളാണ്. എരവതിയെന്നും രേവതിയെ പറയാറുണ്ട്. ദേവഗണം,സ്ത്രീനക്ഷത്രം, പിടിയാന മൃഗം. ഇരുപ്പ വൃക്ഷം, മയില്‍ പക്ഷി, ആകാശഭൂതം, അവകഹഡാതി വിധിയനുസരിച്ച് സെ, സോ, ച ചി ഇവ രേവതിയുടെ അക്ഷരങ്ങളാണ്. രേവതി മീനം രാശിയില്‍ ഉള്‍ക്കൊള്ളാവുന്നതാണ്. മീനത്തില്‍ പതിനാറു തിയതി നാല്‍പത് ഇലി കഴിഞ്ഞാല്‍ മീനത്തില്‍ അന്ത്യംവരെ രേവതിയാണ്. സംഹാരനക്ഷത്രമായ രേവതിക്ക് അന്ത്യം പതിനഞ്ച് നാഴിക ഗണ്ഡാന്തദോഷമുണ്ട്. ഗൃഹം, ഭൂഷണം, ക്ഷേത്രം ഇവ നിര്‍മ്മിക്കുവാനും വിവാഹത്തിനും വ്രതബന്ധത്തിനും രേവതികൊള്ളാം. ഊണ്‍നാളാകയാല്‍ മിക്ക മുഹൂര്‍ത്തങ്ങള്‍ക്കും കൊളളാം. എന്നാല്‍ അന്ത്യം പതിനഞ്ച് നാഴിക വര്‍ജ്ജിക്കണം. മരണത്തിലും രേവതി ദോഷമാണ്. വസുപഞ്ചകത്തില്‍പ്പെട്ടനക്ഷത്രമാകയാല്‍ രേവതി മീനലഗ്നം, ശനിയാഴ്ച, വാവ് ഇവചേര്‍ന്നുവന്നാല്‍ ഒരാണ്ടിനകം ആഗൃഹത്തില്‍ അഞ്ചുമരണങ്ങളുണ്ടാകും.

രേവതി നക്ഷത്രത്തില്‍ ജനിച്ചാല്‍ കാഴ്ചയില്‍ തന്നെ സുഭഗതതോന്നിക്കുന്ന മുഖവും അവയവഘടനയും എന്തും ചെയ്യാനുള്ള ആരോഗ്യവും ഉണ്ടായിരിക്കും. അല്പം അഹങ്കാരിയാണെന്നു തോന്നുമെങ്കിലുംവാസ്തവത്തില്‍ ഭീരുവാണ്. സ്വാശ്രയശീലം ചെറുപ്പം മുതലേകാണും.യൗവ്വനം മുതല്‍ പരാശ്രയമില്ലാതെ പ്രവൃത്തികളില്‍ ഏര്‍പ്പെടും. അതുമൂലം, വളരെ ഉയര്‍ച്ചയിലെത്താം. എന്നാല്‍ കാര്യങ്ങള്‍ അന്യര്‍ക്ക് പ്രയോജനപ്പെടുന്നതുപോലെ തനിക്ക് വിജയകരമായിരിക്കില്ല. നന്നായി പണിചെയ്യുക നല്ല പ്രതിഫലം വാങ്ങുക എന്ന ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കും. ഇതു തൊഴില്‍ വിജയത്തിനും സാമ്പത്തികപുരോഗതിക്കും കാരണമാകും. ഏതുരംഗത്തും ശക്തമായ ശത്രുവിനെ നേരിടേണ്ടിവരും. യുക്തിവാദം, രസതന്ത്രം,വ്യവസായം എന്നീ പ്രവര്‍ത്തനങ്ങളിലാണ് വിജയം. രഹസ്യം സൂക്ഷിക്കുക ഇവരെ സംബന്ധിച്ച് ശ്രമകരമാണ്. അതുപോലെ ആരെയും ഇവര്‍ കണ്ണുമടച്ച് വിശ്വസിക്കുകയുമില്ല.ആരേയും എതിര്‍ക്കണമെന്ന് ആഗ്രഹം ഉണ്ടായിരിക്കുകയില്ല. അതുപോലെ ആരെയും വകവെക്കാറുമില്ല. ചിലര്‍ക്ക് സന്മാര്‍ഗ്ഗജീവിതത്തില്‍നിന്നും വ്യതിചലിക്കുന്ന സ്വഭാവം കാണും. ഈ നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ പതിവ്രതകളും ആചാരാനുഷ്ഠാനതല്‍പരകളുമായിരിക്കും.

Categories: ASTROLOGY