രമൺ ശ്രീവാസ്തവ പൊലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെടുമ്പോൾ ടി ഡി രാമകൃഷ്ണന്‍ വീണ്ടും ഓർക്കുന്നു ‘സിറാജുന്നിസയെ’

 

sssമുഖ്യമന്ത്രിയുടെ ഏഴാമത്തെ ഉപദേശകനായി മുന്‍ ഡി.ജി.പി. രമണ്‍ ശ്രീവാസ്തവയെ നിയമിച്ചു എന്ന വാർത്ത കേൾക്കുമ്പോൾ കേരള ജനതയുടെ മനസിലേക്ക് ഓടിയെത്തുന്നത് 1991 ലെ പുതുപ്പള്ളി തെരുവും , ആ പതിനൊന്നു കാരിയുമാണ്. പിണറായി സർക്കാരിന്റെ പോലീസ് ഉപദേഷ്ടാവായാണ് രമൺ ശ്രീവാസ്തവയുടെ നിയമനം. പോലീസിന്റെ പ്രവൃത്തികളില്‍ തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്ന സാഹചര്യത്തിൽ പോലീസിന്റെ നയപരമായ കാര്യങ്ങളിലാണ് പുതിയ ഉപദേഷ്ടാവിനെ നിയമിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാന അന്തരീക്ഷം പാടെ തകർന്ന ഒരു സാഹചര്യത്തിൽ രമൺ ശ്രീവാസ്തവ പൊലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെടുന്നതിന്റെ നൈതികത ചോദ്യം ചെയ്യപ്പെടുകയാണ് ടി ഡി രാമകൃഷ്ണന്റെ സിറാജുന്നീസ എന്ന കഥയിലൂടെ.

1991 ഡിസംബര്‍ 15ന് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ 11 കാരിയായ സിറാജുന്നിസ കൊല്ലപ്പെടയാനിടയായ പോലിസ് വെടിവയ്പിന് ഓര്‍ഡറിട്ടത് രമണ്‍ ശ്രീവാസ്തവയാണ്. ബി ജെ പി നേതാവ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രക്കുനേരെ അക്രമമുണ്ടായി എന്ന പേരിലായിരുന്നു പൊലീസ് വെടിവെച്ചത്. അന്ന് എനിക്ക് മുസ്ലിങ്ങളുടെ ശവശരീരം കാണണം എന്ന് ഇദ്ദേഹം ആക്രോശിച്ചതായി പറയപ്പെടുന്നു. കാക്കിയിട്ട കാപാലിക്കാരുടെ ധാർഷ്ട്യ ത്തിൽ ജീവൻ വെടിയേണ്ടി വന്ന സിറാജുന്നീസയെ പിന്നീട് അധികാരത്തിൽ വന്ന ഇടതു വലതു സർക്കാരിന്റെ മറവിയിൽ നിന്നും പുനർജീവിപ്പിച്ച ഗ്രന്ഥകാരനാണ് ടി ഡി രാമകൃഷ്ണൻ.

ഇരുപത്തിയാറ് കൊല്ലങ്ങള്‍ക്ക് മുന്‍പ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കേണ്ട പോലീസ് വെടിവച്ചുകൊന്ന സിറാജുന്നീസയുടെ കഥയിലെ രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലങ്ങളെക്കുറിച്ച് കുറിയ്ക്കുകയാണ് ഗ്രന്ഥകാരന്‍ ഇവിടെ.

bok-2‘1991 ഡിസംബര്‍ 15-ന് സിറാജുന്നിസ എന്ന 11 വയസ്സുകാരി, പാലക്കാട് പുതുപ്പള്ളി തെരുവില്‍വച്ച് വെടിയേറ്റ് കൊല്ലപ്പെടുമ്പോള്‍ ഞാന്‍ താമസിച്ചിരുന്നത് പാലക്കാടിനടുത്തുള്ള റയില്‍വെ കോളനിയിലായിരുന്നു. വലിയ വേദനയുണ്ടാക്കിയൊരു സംഭവമായിരുന്നു അത്. ബാബറി മസ്ജിദ് പൊളിക്കുന്നതിലേക്ക് നയിച്ച യാത്രകളുടെ തുടക്കത്തിലായിരുന്നു ഈ സംഭവം. പാലക്കാട് പട്ടണത്തിലൂടെയുള്ളൊരു യാത്രയും അതിനെത്തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലുണ്ടായ വെടിവയ്പാണ് സിറാജുന്നിസയുടെ മരണത്തില്‍ കലാശിച്ചത്. അതിലെന്നെ ഏറെ വേദനിപ്പിച്ച കാര്യം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരിയാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത് എന്നതാണ്. അതിനെക്കുറിച്ച് നടന്ന അന്വേഷണങ്ങളിലൊന്നും ആ സംഭവത്തെപ്പറ്റിയുള്ള കൃത്യമായ ഉത്തരങ്ങള്‍ പുറത്തുവന്നില്ല. അന്നുമുതല്‍ വേദനിക്കുന്ന ഓര്‍മ്മയായി ആ 11 വയസ്സുകാരിയുടെ മുഖം എന്റെ മനസ്സിലുണ്ട്.

സിറാജുന്നിസ കൊല്ലപ്പെട്ടത് അവളുടെ നേതൃത്വത്തില്‍ അക്രമാസക്തരായിവന്ന ഒരു സംഘമാളുകള്‍ക്കുനേരെ പൊലിസിന് ആത്മരക്ഷയ്ക്കുവേണ്ടി വെടിവയ്‌ക്കേണ്ടിവന്നപ്പോഴാണ് എന്ന വിചിത്രവാദമാണ് അതിനെത്തുടര്‍ന്ന് കേള്‍ക്കുന്നത്. വെടിയുണ്ട നേരിട്ട് അവളില്‍ കൊണ്ടിട്ടില്ലെന്നും വെടിയുണ്ട തട്ടിത്തെറിച്ച ഒരു കല്ലുകൊണ്ടാണ് മരണമെന്നുംവരെയും വാദങ്ങളുയര്‍ന്നു. നിരപരാധിയായ ആ പിഞ്ചുകുഞ്ഞ് ഇതൊന്നുമറിയാതെ നമ്മെ വിട്ടുപിരിഞ്ഞു.

25 വര്‍ഷത്തോളം പിന്നിടുമ്പോള്‍ അന്ന് ഉരുത്തിരിഞ്ഞുവന്ന സാഹചര്യങ്ങള്‍ കൂടുതല്‍ തീവ്രമാകുകയും ഇന്ത്യയുടെ ഭരണസംവിധാനംതന്നെ അത്തരത്തില്‍ രൂപാന്തരം പ്രാപിക്കുകയും ചെയ്തിരിക്കുകയാണ്. കൊലപാതകങ്ങള്‍, വെടിവെയ്പുകളിലാണെങ്കിലും ഏറ്റുമുട്ടലുകളിലാണെങ്കിലും കലാപങ്ങളിലാണെങ്കിലും നമ്മുടെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്നു. അതില്‍ ഇരയാക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും നിരപരാധികളായ സാധാരണക്കാരും സ്ത്രീകളും കുട്ടികളുമാണ്. ഓരോ നിമിഷവും ഒരു ചീത്ത വാര്‍ത്ത കേള്‍ക്കാന്‍ തയ്യാറായി ഇരിക്കേണ്ട തരത്തിലേക്ക് കാലം മാറിയിരിക്കുന്നു.

1991 ഡിസംബറിനുശേഷം ആയിരക്കണക്കിന് സിറാജുന്നിസമാര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കൊല്ലപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്തുകൊണ്ടിരിക്കുകയാണ്. അതില്‍ ഇസ്രത്ത് ജഹാനെപ്പോലെയുള്ള നിരവധി പേരുകളുണ്ട്. ഗുജറാത്തും മുസഫര്‍ നഗറും പല പേരുകളിലും രൂപങ്ങളിലും ആവര്‍ത്തിക്കപ്പെടുകയാണ്. വര്‍ഗീയഫാസിസം അതിന്റെ ഏറ്റവും തീവ്രമായ രൂപത്തില്‍ അധികാരത്തിലെത്തിയ ഇക്കാലത്ത് അത് കൂടുതല്‍ സ്വാഭാവികമാകുന്നു. സിറാജുന്നിസ എന്ന കഥ എഴുതപ്പെടുന്നത് പുതിയ കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുടെ അങ്കലാപ്പില്‍നിന്നാണ്. 1991-ല്‍ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കില്‍ ആ മുസ്ലിം പെണ്‍കുട്ടിയുടെ ജീവിതം ഇന്ത്യാമഹാരാജ്യത്തില്‍ എങ്ങിനെയായിരിക്കും എന്ന ചിന്തയുടെ മൂന്നു സാധ്യതകളാണ് ഈ കഥ.

സിറാജുന്നിസയുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് ഈയവസരത്തില്‍ വലിയൊരു രാഷ്ട്രീയമാനം കൈവരുന്നുണ്ട്. ഇസ്ലാമായി എന്നതിന്റെ പേരില്‍മാത്രം പലര്‍ക്കും ഈ രാജ്യത്ത് സ്വാഭാവിക ജീവിതംതന്നെ അസാധ്യമാകുന്നു. ഭരണകൂട ഭീകരതയും ഹിംസയും അതിന്റെ ഏറ്റവും നീചമായ തലങ്ങളിലേക്ക് കടന്നുവരുന്ന ഒരു കാലമാണിത്. അസഹിഷ്ണുത സമൂഹത്തിന്റെ സമസ്ത തലങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. എന്തു ഭക്ഷണം കഴിക്കണം, എന്തു വസ്ത്രം ധരിക്കണം, ഏതു സംഗീതം കേള്‍ക്കണം എന്നീത്തരത്തിലുള്ള കാര്യങ്ങളെല്ലാം അധികാരത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കപ്പെടുകയാണ്.

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി പോലെ ചിന്തകള്‍ക്കും സംവാദങ്ങള്‍ക്കും ഏറെ പ്രസക്തിയുള്ള ഇടങ്ങള്‍പോലും വിചിത്രമായ നിയന്ത്രണങ്ങള്‍ക്കു വിധേയമാക്കപ്പെടുന്നു. സിറാജുന്നിസ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ 36 വയസ്സുണ്ടാകുമായിരുന്നു. സാംസ്‌കാരികമായും രാഷ്ട്രീയമായും ഇടപെടാന്‍ ശ്രമിക്കുന്ന ആ മുസ്ലിം യുവതിക്ക് തന്റെ ജീവിതത്തില്‍ നേരിടേണ്ടിവരുന്നത് വലിയവെല്ലുവിളികളായിരിക്കും. സിറാജുന്നിസയുടെ ജീവിതത്തിലെ ആ മൂന്നു സാധ്യതകളും ഒരുപോലെ നമ്മെ ഭയപ്പെടുത്തുന്നതാണ്. സമകാലിക ഇന്ത്യന്‍ അവസ്ഥയുടെ ഏറെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചില യാഥാര്‍ത്ഥ്യങ്ങളോട് പ്രതികരിക്കാനുള്ള ശ്രമമാണ് ഈ കഥ. അതിലേറെ കാല്‍ നൂറ്റാണ്ടായി എന്റെ മനസ്സില്‍ ഒരു നൊമ്പരമായിത്തുടരുന്ന ആ കൊച്ചുപെണ്‍കുട്ടിയുടെ ഓര്‍മ്മകളുടെ അടയാളപ്പെടുത്തലുമാണ്.’

Categories: Editors' Picks, LITERATURE