സഹീര്‍ഖാനെയും ദ്രാവിഡിനെയും നാണംകെടുത്തരുതെന്ന് രാമചന്ദ്ര ഗുഹ

RAHUL

നിയമനം തടഞ്ഞുവച്ചതിലൂടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ രാഹുല്‍ ദ്രാവിഡിനെയും സഹീര്‍ ഖാനെയും സമൂഹമധ്യത്തില്‍ നാണംകെടുത്തുകയാണെന്ന് സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ കോര്‍ കമ്മിറ്റി മുന്‍ അംഗവും പ്രമുഖ എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. കളിക്കളത്തിലെ യഥാര്‍ത്ഥ പ്രതിഭകളായിരുന്നു ഇവരെന്നും ഇവര്‍ ഒരുക്കലും ഈ അപമാനം സഹിക്കേണ്ടവരായിരുന്നില്ലെന്നും ഗുഹ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ബിസിസിഐ ഭരണ സമിതിയ്‌ക്കെതിരെ ഗുഹ ആഞ്ഞടിച്ചത്. അനില്‍ കുംബ്ലെയ്‌ക്കെതിരെ അപമാനിക്കുന്ന രീതി സ്വീകരിച്ചശേഷമാണു സഹീറിനെയും ദ്രാവിഡിനെയും ഈമട്ടില്‍ കൈകാര്യം ചെയ്തത് – ഗുഹ ആരോപിക്കുന്നു. ”കുംബ്ലെയും ദ്രാവിഡും സഹീറും ഇതിഹാസ താരങ്ങളാണ്. ഫീല്‍ഡില്‍ പൂര്‍ണസമര്‍പ്പണത്തോടെ കളിച്ചവര്‍. അവര്‍ ഒരിക്കലും ഈ നാണക്കേട് അര്‍ഹിക്കുന്നില്ല.” – ഗുഹ പറഞ്ഞു.

സഹീറിനെയും ദ്രാവിഡിനേയും മുറിവേല്‍പിച്ചു എന്ന പൊതുവികാരം നിലനില്‍ക്കെയാണ് രാമചന്ദ്ര ഗുഹയുടെ അഭിപ്രായവും പുറത്തുവരുന്നത്. നേരത്തെ രാജി പ്രഖ്യാപിച്ച് രാമചന്ദ്ര ഗുഹ എഴുതിയ കത്തും വിവാദം സൃഷ്ടിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്നത് ‘സൂപ്പര്‍താര സിന്‍ഡ്രോം’ ആണെന്നാണ് അന്ന് ഗുഹ ആരോപിച്ചത്. ചെയര്‍മാന്‍ വിനോദ് റായിക്ക് അയച്ച കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്ന ‘സൂപ്പര്‍താര സിന്‍ഡ്രോം’ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ രാമചന്ദ്ര ഗുഹ ആഞ്ഞടിച്ചത്. ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ച മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ബിസിസിഐയുടെ കോണ്‍ട്രാക്റ്റ് പട്ടികയില്‍ ഗ്രേഡ് ‘എ’യില്‍ ഉള്‍പ്പെടുത്തിയതിനെയും ഗുഹ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

 

Categories: LATEST NEWS