DCBOOKS
Malayalam News Literature Website

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഡിസംബര്‍ 31ന്

തന്റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്റെ അവസാന ദിവസമായ ഡിസംബര്‍ 31ന് ഉണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കി. ഇന്നു മുതല്‍ പുതുവര്‍ഷം വരെയാണ് ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ എന്ന പേരില്‍ ആരാധക കൂടിക്കാഴ്ച നടക്കുന്നത് സംഗമത്തിന്റെ തുടക്കത്തിലാണ് രജനി ആരാധകരോട് യുദ്ധത്തിനുള്ള സമയമായെന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ വിജയം ഉറപ്പിക്കണമെന്നും ആഹ്വാനം ചെയ്തത്.

കൂടുതല്‍ ഊഹാപോഹങ്ങള്‍ വേണ്ട. യുദ്ധത്തിന് ഒരുങ്ങാന്‍ നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു. അതിനുള്ള സമയമായിരിക്കുന്നു. യുദ്ധത്തിനിറങ്ങിയാല്‍ വിജയം നമ്മോടൊപ്പമായിരിക്കണം. അത് ഉറപ്പിക്കേണ്ടത് നിങ്ങളാണ്. അതേപോലെ രാഷ്ട്രീയത്തിലിറങ്ങിയാല്‍ വിജയം നമുക്ക് ഉറപ്പാക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്.

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തിലും രജനി രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. സംഗമത്തിന്റെ ആദ്യദിനം ‘ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നുമായിരുന്നു രജനി അന്ന് വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഗമം അവസാനിപ്പിച്ചത്.

 

 

Comments are closed.