DCBOOKS
Malayalam News Literature Website

തീരുമാനം ഡിസംബര്‍ 31ന് അറിയിക്കും: രജനീകാന്ത്

രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചന നല്‍കി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. കോടാമ്പാക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് വ്യക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞത്. തന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ കൂടുതല്‍ താത്പര്യം മാധ്യമങ്ങള്‍ക്കാണെന്നും പ്രസംഗത്തിനിടെ രജനി പറഞ്ഞു. ‘ഞാന്‍ രാഷ്ട്രീയത്തില്‍ പുതുതല്ല. ഞാന്‍ രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നു. രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണ്. അതിനാല്‍ തന്നെ തീരുമാനം ഡിസംബര്‍ 31ന് അറിയിക്കും’ രജനി ആരാധകരോട് പറഞ്ഞു.

യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം; അതിന് ജനപിന്തുണ മാത്രമല്ല തന്ത്രങ്ങളും വേണമെന്നും രജനി കൂട്ടിച്ചേര്‍ത്തു. കൃത്യമായ രാഷ്ട്രീയ പ്രവേശനമുന്നൊരുക്കത്തോടെയാണ് രജനി കോടാമ്പാക്കത്ത് തന്റെ ആരാധകരെ അഭിസംബോധന ചെയ്തതെന്ന് വ്യക്തമാക്കുന്നതായിരുന്നു വാക്കുകള്‍. യുദ്ധം വരുമ്പോള്‍ നമുക്കതിനെ ഒരുമിച്ച് നേരിടാമെന്നാണ് മെയ് മാസത്തില്‍ ആരാധകരെ അഭിസംബോധന ചെയ്തു കൊണ്ട് രജനി സംസാരിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയ പ്രവശനത്തെ കുറിച്ച് നിരവധി സൂചനകള്‍ രജനികാന്ത് കഴിഞ്ഞ കുറെക്കാലങ്ങളായി നല്‍കി വരുന്നുണ്ട്.

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരം വെളിവാക്കുന്നുണ്ടെങ്കിലും ദിനകരന് ലഭിച്ച വമ്പിച്ച ഭൂരിപക്ഷം രാഷ്ട്രീയ പ്രവേശനത്തിന് കാത്തിരിക്കുന്ന രജനികാന്തിനെയും കമല്‍ഹാസനെയും ഇരുത്തി ചിന്തിപ്പിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. സിനിമയിലെ പൂര്‍വ്വകാലത്തെകുറിച്ചാണ് രജനി ആരാധകരോട് കൂടുതലും സംസാരിച്ചത്. 18 ജില്ലകളില്‍ നിന്നായുള്ള ആയിരക്കണക്കിന് ആരാധകരാണ് രജനിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത്.

Comments are closed.