റെക്കോര്‍ഡ് തുകയ്ക്ക് രാജാ രവിവര്‍മ്മ ചിത്രം ലേലത്തില്‍ വിറ്റു

raja

ഒരിടവേളയ്ക്കു ശേഷം റെക്കോര്‍ഡ് തുകയ്ക്ക് രാജാ രവിവര്‍മ്മ ചിത്രം ലേലത്തില്‍ വിറ്റു. 11.09 കോടി രൂപയ്ക്കാണ് ചിത്രം വിറ്റു പോയത്.

സ്വര്‍ണനിറത്തില്‍ കസവുള്ള തിളങ്ങുന്ന വെളുത്ത സാരിയുടുത്ത് ദൂരേയ്ക്ക് നോക്കിയിരിക്കുന്ന ദമയന്തിയും, മയില്‍പീലി വിശറി കൈയില്‍ പിടിച്ചുനില്‍ക്കുന്ന തോഴിയുമാണ് ചിത്രത്തില്‍. അന്താരാഷ്ട്ര തലത്തില്‍ ലേലത്തിനുവെയ്ക്കുന്ന രാജാ രവിവര്‍മയുടെ അപൂര്‍വ ചിത്രങ്ങളിലൊന്നാണിത്. സോത്തിബേയ്‌സ് മോഡേണ്‍ ആന്‍ഡ് കണ്ടംപററി സൗത്ത് ഏഷ്യന്‍ ആര്‍ട്‌സില്‍ ചിത്രത്തിന് നിശ്ചയിച്ച ലേല തുക 4.58 കോടി രൂപയായിരുന്നു.

ചിത്രമെഴുത്ത് യുറോപ്യന്‍മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത് സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്‌കാരികോന്നമനത്തിനും വഴിതെളിയിച്ച വ്യക്തിയാണ് രാജാ രവിവര്‍മ. ഇന്ത്യന്‍ പൗരാണികതയും, യുറോപ്യന്‍ റിയലിസവും സംയോജിപ്പിച്ചാണ് നായികയായ ദമയന്തിയെ രവിവര്‍മ അവതരിപ്പിച്ചത്.

1979ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ചിത്രത്തെ അമൂല്യമായി സംരക്ഷിച്ചുപോകേണ്ട ഗണത്തില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുണ്ട്.