പുതൂര്‍ പുരസ്‌കാര സമര്‍പ്പണം ഏപ്രില്‍ 2ന്

puthoor

മലയാളത്തിലെ പ്രശസ്ത കഥാകൃത്തായിരുന്ന ഉണ്ണികൃഷ്ണന്‍ പൂതൂരിന്റെ സ്മരണാര്‍ത്ഥം ഉണ്ണികൃഷ്ണന്‍ പൂതൂര്‍ സ്മാരട്രസ്റ്റ് ഏര്‍പ്പെടുത്തിയ മൂന്നാമത് പുരസ്‌കാരം സി രാധാകൃഷ്ണന് സമ്മാനിക്കും. പുതൂരിന്റെ മൂന്നാം ചരമവാര്‍ഷികദിനമായ ഏപ്രില്‍ 2 നാണ് പുരസ്‌കാര സമര്‍പ്പണം. അന്ന് വൈകിട്ട് 4ന് ഗുരുവായൂര്‍ മുന്‍സിപ്പല്‍ ലൈബ്രറിഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ എം ലീലാവതി 11111 രൂപയും ആര്‍ട്ടിസ്റ്റ് ജെ ആര്‍ പ്രസാദ് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന പുരസ്‌കാരം സി രാധാകൃഷ്ണന് നല്‍കും.

എം പി വീരേന്ദ്രകുമാര്‍,ഡോ എം ലീലാവതി, ഡോ സി നാരായണപിള്ള എന്നിവരടങ്ങിയ അവാര്‍ഡ് കമ്മിറ്റിയാണ് സി രാധാകൃഷ്ണനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.പി കെ ശാന്തകുമാരി അദ്ധ്യക്ഷതവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലചന്ദ്രന്‍ വടക്കേടത്ത് അനുസ്മരണപ്രഭാഷണവും ഡോ സി നാരായണപിള്ള ആദരപ്രഭാഷണവും നടത്തും.തുടര്‍ന്ന് നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ മറുപടിപ്രസംഗം നടത്തും. ചടങ്ങില്‍ ഹയര്‍സെക്കന്ററി മലയാളം പരീക്ഷയില്‍ സമ്പൂര്‍ണ്ണ വിജയം നേടിയ വിദയാര്‍ത്ഥികളെ ആദരിക്കും.

രാവിലെ 10 മുതല്‍ ഗുരുവായൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ ലൈബ്രറിഹാളില്‍ പൂതൂര്‍ അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്.

ഉണ്ണികൃഷ്ണന്‍ പൂതൂര്‍

കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക സാമൂഹ്യരംഗത്ത് ഗുരുവായൂരിന്റെ മുഖമുദ്രയായിരുന്നു ഉണ്ണികൃഷ്ന്‍ പൂതൂര്‍. അറുപതോളം കൃതികളാണ് അദ്ദേഹത്തിന്റെ പേരില്‍ കൈരളിക്ക് ലഭിച്ചത്. മലയാളത്തിലെന്നല്ല ഇന്ത്യയിലെ മറ്റുഭാഷകളില്‍ വെച്ചുതന്നെ ഏറ്റവും അധികം ചെറുകഥകളെഴുതിയ കഥാകൃത്ത് എന്ന ഖ്യതി, ഉണ്ണികൃഷ്ന്‍ പൂതൂരിനുമാത്രം അവകാശപ്പെട്ടതാണ്.

1933ല്‍ പൊന്നാനി താലൂക്കിലെ എങ്ങണ്ടിയൂര്‍ ഗ്രാമത്തില്‍ ‘ഇല്ലത്ത് അകായില്‍’ എന്ന് സ്ഥാനപ്പേരുള്ള പുതൂര്‍ തറവാട്ടിലാണ് പുതൂര്‍ ഉണ്ണികൃഷ്ണന്‍ ജനിച്ചത്. എങ്കിലും വളര്‍ന്നതെല്ലാം ഗുരുവായൂരിലാണ്. അച്ഛന്‍: കല്ലാത്ത് പുള്ളിപ്പറമ്പില്‍ ശങ്കുണ്ണിനായര്‍. അമ്മ: പുതൂര്‍ ജാനകിയമ്മ. 1955ല്‍ ചാവക്കാട് ബോര്‍ഡ് ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി ജയിച്ചു. 1950കളില്‍ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങി. കവിതയിലായിരുന്നു തുടക്കം. ‘കല്‍പ്പകപ്പൂമഴ’ എന്ന കവിതാസമാഹാരത്തിന് അവതാരിക കുറിച്ചത് വൈലോപ്പിള്ളിയായിരുന്നു.പുതൂരിന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ ‘മായാത്ത സ്വപ്ന’മായിരുന്നു. ആദ്യത്തെ കഥാസമാഹാരമായ ‘കരയുന്ന കാല്പാടുകള്‍’ എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവര്‍ഷത്തോളം അലഞ്ഞുനടന്നു. 1954 മുതല്‍ 1956 വരെ പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവര്‍ത്തകനായും (സോഷ്യലിസ്റ്റ്) തൊഴിലാളി പ്രവര്‍ത്തകനായും കഴിഞ്ഞു. 1957ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. 1987ല്‍ ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തില്‍നിന്നും വിരമിച്ചു. 2014 ഏപ്രില്‍ 2 ന് അന്തരിച്ചു.