DCBOOKS
Malayalam News Literature Website

എ.കെ. അബ്ദുല്‍ഹക്കീം രചിച്ച ‘പുതിയ ടീച്ചറും പുതിയ കുട്ടിയും’

കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന കൃതിയാണ് എ.കെ അബ്ദുല്‍ഹക്കീമിന്റെ പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതി. പല കാലങ്ങളിലായി വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ചും മാറേണ്ട കാഴ്ചപ്പാടുകളെകുറിച്ചും വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ കൃതി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതിയുടെ ആമുഖത്തില്‍ നിന്നും

“വൈകിയ പത്തു മിനിറ്റിന്റെ പേരില്‍, ക്ലാസ്സിനു പുറത്തു നില്‍ക്കേണ്ടി വന്ന പതിനാറുകാരിയുടെ കരഞ്ഞുകലങ്ങിയ മുഖം ഇപ്പോഴുമുണ്ട് മനസ്സില്‍. മഞ്ചേരിയിലെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരാന്തയില്‍ നിന്നിരുന്ന അവളോട് ഒന്നും ചോദിക്കാതെ തിരിഞ്ഞുനടക്കാന്‍ കഴിയാതിരുന്നതുകൊണ്ടാണ്, അര്‍ബുദക്കിടക്കയിലുള്ള ഉമ്മയെപ്പറ്റിയും രാവിലെ കൂലിപ്പണിക്കു പോകുന്ന ഉപ്പയെപ്പറ്റിയും അറിയാന്‍ കഴിഞ്ഞത്. പാചകംമുതല്‍ ഉമ്മയുടെ കാര്യങ്ങള്‍വരെ ഒറ്റയ്ക്ക് ചെയ്തു തീര്‍ത്തിട്ടാണ് സ്‌കൂളിലേക്കു വരുന്നതെന്ന് പറഞ്ഞുതീരുമ്പോഴേക്കും അവളുടെ കരച്ചില്‍ ഉച്ചത്തിലായിക്കഴിഞ്ഞിരുന്നു. പ്രിന്‍സിപ്പലിനോടു പറഞ്ഞ്, ക്ലാസ്സില്‍ കയറ്റിയിരുത്തിയശേഷമാണ് തിരിച്ചുപോന്നതെങ്കിലും ഇന്നും മനസ്സില്‍ നിന്നിറങ്ങിപ്പോയിട്ടില്ല ആ പെണ്‍കുട്ടി. അധ്യാപകരുടെ അടങ്ങാത്ത അച്ചടക്കകാമനയും കുട്ടികളുടെ മാനസികസംഘര്‍ഷങ്ങളും എഴുത്തിലെ മുഖ്യവിഷയമായിത്തീരുന്നതിന്റെ കാരണം, രണ്ട് പതിറ്റാണ്ടിനിടെ കണ്ടുമുട്ടിയ ഇത്തരത്തിലുള്ള അനേകം കുട്ടികളാണ്.

കുട്ടികള്‍ വഴിതെറ്റിപ്പോവരുതെന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു കൊണ്ടല്ലേ ഞങ്ങളിതൊക്കെ ചെയ്യുന്നത് എന്നു ചോദിക്കുന്ന അധ്യാപകരുണ്ട്. എന്നിട്ടുമെന്തുകൊണ്ടാണ് നിങ്ങള്‍ അധ്യാപകര്‍ നേരിടേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ചെഴുതാത്തത് എന്ന ചോദ്യത്തെ പലപ്പോഴും നേരിടേണ്ടിവന്നിട്ടുമുണ്ട്. കുട്ടികളുടെ പക്ഷത്ത് നിന്നുകൊണ്ട് മാത്രമേ എനിക്കാലോചിക്കാനും എഴുതാനും പറ്റുന്നുള്ളൂ എന്നതാണ് ഈ ചോദ്യങ്ങള്‍ക്കുള്ള ലളിതമായ ഉത്തരം. കുട്ടികളോടൊപ്പം നില്‍ക്കാന്‍, അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആളുകള്‍ കുറവാണ് എന്നതാവാം അതിനു കാരണം. അവര്‍ക്കനുകൂലമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ പോലും കടലാസിലുണ്ടെന്നല്ലാതെ, പാലിക്കപ്പെടുന്ന സന്ദര്‍ഭങ്ങള്‍ കുറവാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം കുട്ടികളെ ഒറ്റകളാക്കി മാറ്റിയിരിക്കുന്നു. അധ്യാപകര്‍ക്കുള്ളപോലെയുള്ള സംഘശക്തിയോ സ്വാധീനശേഷിയോ പ്രചാരണമാര്‍ഗ്ഗങ്ങളോ അവര്‍ക്കു സാധ്യമല്ല. കുട്ടികള്‍ക്ക് വേണ്ടിയെന്നു വിചാരിച്ച് മുതിര്‍ന്നവര്‍ ചെയ്യുന്ന ഒട്ടേറെ കാര്യങ്ങള്‍ അവര്‍ക്കിഷ്ടമില്ലാത്തതും അവരുടെ പ്രകൃതത്തിന് ചേരാത്തതുമാണ് എന്നുകൂടി ഞാന്‍ തിരിച്ചറിയുന്നുണ്ട്.

പുസ്തകങ്ങളില്‍നിന്നു വായിച്ചിട്ടോ പാര്‍ട്ടിക്ലാസ്സുകളിലിരുന്നു പഠിച്ചിട്ടോ അല്ല മതേതരജീവിതത്തിന്റെ സൗന്ദര്യം കുട്ടിക്കാലം മുതല്‍ക്കേ ആസ്വദിച്ചത്. എല്‍.പി.സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ ഉമ്മ വിളമ്പിത്തരുന്ന ഉച്ചഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു വരുന്ന കൂട്ടുകാരുടെ മതവും ജാതിയും ഞങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരുന്നു. മരബെഞ്ചില്‍ പരസ്പരം ഒട്ടിയിരുന്നവര്‍ക്കിടയില്‍ വര്‍ഗീയത വേവിച്ചെടുക്കല്‍ അത്ര എളുപ്പമല്ല എന്നാണ് ഇന്നുവരെയുള്ള വിശ്വാസവും അനുഭവവും. എന്നാല്‍ മതസമുദായ സംഘടനകള്‍ സ്‌കൂള്‍ നടത്തിപ്പുകാരാവുകയും കുട്ടികളെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് സ്‌കൂളിലേക്കാകര്‍ഷിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ മനസ്സില്‍ വല്ലാതെ ഭീതി മുളയ്ക്കുന്നുണ്ട്. എങ്ങനെയെങ്കിലുമിത് തടഞ്ഞില്ലെങ്കില്‍, നാടിനുണ്ടാകാന്‍ പോകുന്ന ദുരന്തത്തെ മുന്‍കൂട്ടി കാണാനാവുന്നുണ്ട്. മതനിരപേക്ഷവും ജനാധിപത്യപരവുമായ ഭാവികേരളത്തിന്റെ പുനഃസൃഷ്ടി പൊതുവിദ്യാലയങ്ങളിലൂടെ മാത്രമേ സാധ്യമാവൂ എന്നു വിചാരിക്കുന്നവനാണ് ഞാന്‍. അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴൊക്കെ എഴുതാന്‍ ശ്രമിച്ചത് മതേതര സമൂഹത്തിന്റെ നിലനില്പിനെക്കുറിച്ചാണ്. അതില്‍ പൊതുവിദ്യാഭ്യാസത്തിന് വഹിക്കാനാവുന്ന നിര്‍ണായകമായ പങ്കിനെക്കുറിച്ചാണ്.

സ്‌കൂളിന്റെ അക്കാദമികവും ഭൗതികവുമായ ദാരിദ്ര്യത്തില്‍നിന്ന് മോചിപ്പിച്ചുകൊണ്ടു മാത്രമേ, പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താന്‍ സാധിക്കൂ എന്ന തിരിച്ചറിവിന്റെ രാഷ്ട്രീയപ്രയോഗമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. പൊതുവിദ്യാലയങ്ങളെക്കുറിച്ചുള്ള വിശ്വാസം ജനങ്ങളില്‍ വര്‍ദ്ധിച്ചിരിക്കുന്നു. കുട്ടികള്‍ കൂടുതലായി വരാന്‍ തുടങ്ങിയിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങുമ്പോള്‍ അതിനോടൊപ്പം നില്‍ക്കുക എന്നതാണ് കടമയും ധാര്‍മ്മികതയും. രണ്ടു വര്‍ഷത്തിനിടെ എഴുതിയ ലേഖനങ്ങളുടെ പ്രധാന പ്രമേയം പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടു വെക്കുന്ന ആശയങ്ങളെക്കുറിച്ചും പരിവര്‍ത്തനശ്രമങ്ങളെക്കുറിച്ചുമാണ്.

ആത്യന്തികമായി ഈ പുസ്തകം നില്‍ക്കുന്നത് കുട്ടികള്‍ക്കൊപ്പമാണ്. സാമൂഹികമോ സാമ്പത്തികമോ മറ്റു പലതുമായോ ഉള്ള കാരണങ്ങളാല്‍ പ്രയാസപ്പെടുന്നവര്‍ക്കൊപ്പം നില്‍ക്കുന്ന അക്ഷരങ്ങളാണ് ഈ പുസ്തക
ത്തിലേറെയും. കുട്ടികളോടൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്നു എന്നതുകൊണ്ടു തന്നെ അധ്യാപകര്‍ക്കെതിരായവ എന്ന് ഈ കൃതിയിലെ ചില ലേഖനങ്ങളെങ്കിലും ബ്രാന്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ അധ്യാപക സുഹൃത്തുക്കളില്‍ ചിലര്‍ കുറ്റപ്പെടുത്തിയിട്ടുമുണ്ട്.

എത്രമേല്‍ ഇരുട്ടു മൂടുമ്പോഴും വെളിച്ചത്തിന്റെ പ്രതീക്ഷ കൈവിട്ടു പോവരുത്. ശക്തിപ്പെടുന്ന പൊതുവിദ്യാഭ്യാസത്തില്‍ മാത്രമാണ് ഇനിയും സ്വപ്നങ്ങള്‍ ബാക്കിയുള്ളത്. ഇത്തിരി ഊര്‍ജ്ജമെങ്കിലും ഈ പുസ്തകവും പ്രസരിപ്പിക്കാതിരിക്കില്ല; തീര്‍ച്ച.”

എ.കെ. അബ്ദുല്‍ഹക്കീം

Comments are closed.