DCBOOKS
Malayalam News Literature Website

‘പുറമ്പോക്ക് പാടല്‍’ രാഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജുഗല്‍ബന്ദി

ക്ലാസിക്കല്‍ സംഗീതത്തെ അടഞ്ഞ ഇടങ്ങളില്‍ നിന്ന് തുറസ്സുകളിലേയ്ക്കു കൊണ്ടുപോകാനും അധികാരശ്രേണികളെ കൂസാതെ കലയുടെ പലമയെ പുറമ്പോക്ക് പാടലുകളിലൂടെ ആഘോഷിക്കാനും ധൈര്യം കാണിക്കുന്ന സംഗീതജ്ഞനാണ് ടി.എം കൃഷ്ണ. അവിടെ കല സംവാദാത്മകമാവുകയും അഗാധമായൊരു ജനാധിപത്യാനുഭവമാകുകയും മാത്രമല്ല, ജനാധിപത്യം കലാനുഭവം പോലെ ഹൃദ്യവും ബഹുസ്വരവുമാണെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

അരിയക്കുടിയുടെ കച്ചേരി സമ്പ്രദായത്തിന്റെ മതകീയതയോടു കലഹിക്കുകയും വരേണ്യ ആസ്വാദകരെ പ്രകോപിപ്പിക്കുംവിധം ആലാപനത്തെ പുതുക്കുകയും ചെയ്ത കൃഷ്ണ ഇന്ന് ഇന്ത്യ ഉറ്റുനോക്കുന്ന പൊതുബുദ്ധിജീവികളില്‍ ഒരാളാണ്. സംഗീതസഭയുടെ വരേണ്യത തുളുമ്പുന്ന സദസ്സില്‍നിന്ന് മുക്കുവഗ്രാമത്തിലേക്ക് കൃഷ്ണ സഞ്ചരിക്കുമ്പോള്‍ അതു ധീരമായ വേറിടലും ഉറച്ച രാഷ്ട്രീയ പ്രഖ്യാപനവുമാകുന്നു. ക്ലാസിക്കല്‍ എന്നതു സൗന്ദര്യശാസ്ത്രനിര്‍മ്മിതിയേ അല്ലെന്നും കൃഷ്ണ തീര്‍ത്തുപറയുന്നു. അശ്ലീലമായ മേലാള ശുദ്ധിബോധമാണോ എന്റെ സൗന്ദര്യാനുഭൂതി എന്ന ആത്മവിചാരണ ചെയ്യുന്നു.

സംഗീതജ്ഞനെന്ന തിരക്കുകള്‍ക്കിടയിലും എഴുത്തിന്റെ ധാര മുറിയാതെ കൃഷ്ണ കാക്കുന്നു. സിദ്ധാന്തപ്പേടികളില്ലാതെ സമകാലീനാനുഭവങ്ങളെ വേഗത്തില്‍ ചരിത്രവത്കരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന അദ്ദേഹം പംക്തിയെഴുത്തിനു പുറമേ സാംസ്‌കാരിക, രാഷ്ട്രീയ പ്രബന്ധങ്ങളും കുറിക്കുന്നു.

കലയിലും സമൂഹത്തിലും ആഴത്തിലോടുന്ന ജാതിഅധികാര ബന്ധങ്ങളെ ചോദ്യം ചെയ്തുകൊണ്ട് അവയെ സംവാദത്തിന്റെ തുറസ്സുകളിലേക്കു നയിക്കുന്ന ടി.എം കൃഷ്ണയുടെ ലേഖനങ്ങളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. കലയിലെ ക്ലാസിക്കല്‍ സങ്കല്പങ്ങളിലുള്ള ജാതിരൂപങ്ങളെയും സൗന്ദര്യശാസ്ത്രത്തെയും സാമൂഹികചിന്താപരമായി വിശകലനം ചെയ്യുന്ന ഈ പുസ്തകം പൊതുബുദ്ധിജീവി എന്ന നിലയില്‍ ടി.എം കൃഷ്ണ നടത്തിയ രാഷ്ട്രീയ സാമൂഹിക ഇടപെടലുകളെക്കൂടി അടയാളപ്പെടുത്തുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുറമ്പോക്ക് പാടല്‍ ബിജീഷ് ബാലകൃഷ്ണനാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. കൃതിയുടെ അനുബന്ധമായി ഗീതാഹരിഹരനും സുനില്‍ പി. ഇളയിടവും വ്യത്യസ്ത സാഹചര്യങ്ങളില്‍ ടി.എം.കൃഷ്ണയുമായി നടത്തിയ അഭിമുഖവും ചേര്‍ത്തിരിക്കുന്നു.

Comments are closed.