വയനാട് മുസ്ലീം ഓര്‍ഫനേജില്‍ ‘പുലയന്’ വിലക്ക് ; പേരുമാറ്റിയാല്‍ പ്രസിദ്ധീകരണാനുമതി നല്‍കാമെന്ന് മാനേജ്‌മെന്റ്

magazineജാതിപ്പേര് വിളിച്ചാക്ഷേപിച്ചു..എന്ന പരാതിയും അതിനോടനുബന്ധിച്ചുള്ള വാര്‍ത്തകളുമാണ് എവിടെയും ചര്‍ച്ചാവിഷയം. പുലയന്‍ എന്ന് പേരിട്ട ഒരു മാഗസിനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. വയനാട് മുസ്ലീം ഓര്‍ഫനേജിനു കീഴിലുള്ള കൂളിവയല്‍ ഇമാം ഗസാലി കോളജ് വിദ്യാര്‍ത്ഥികളാണ് ‘പുലയന്‍’ എന്ന പേരില്‍ മാഗസിന്‍ തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതിന് കോളജ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

പുലയന്‍ എന്ന വാക്ക് ഉപയോഗിക്കുന്നതിന് കോടതി വിലക്കുണ്ടെന്നും പ്രസിദ്ധീകരിച്ചാല്‍ കോളജിന്റെ അഫലിയേഷന്‍ അടക്കം റദ്ദാക്കുമെന്നും പറഞ്ഞാണ് മാഗസിന് വിലക്കേര്‍പ്പെടുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അതേസമയം പേരുമാറ്റിയാല്‍ മാഗസിന് പ്രസിദ്ധീകരണാനുമതി നല്‍കാമെന്നാണ് കോളജിന്റെ പക്ഷം. മുസ്ലീം ഓര്‍ഫനേജ് നടത്തുന്ന കോളജ് ഇത്തരമൊരു മാഗസിന്‍ പുറത്തിറക്കിയാല്‍ അത് പ്രശ്‌നമാകുമെന്ന ഭയമാണ് മാനേജ്‌മെന്റിനുള്ളത്.

pulayanമൂന്നുമാസങ്ങള്‍ക്ക് മുമ്പാണ് കോളജ് മാഗസിന് പുലയന്‍ എന്ന പേര് നല്‍കാന്‍ തീരുമാനിച്ചത്. രണ്ട് മാസത്തിനു മുമ്പ് മാഗസിന്റെ പി ഡി എഫ് പതിപ്പ് തയ്യാറാക്കുകയും ചെയ്തു. പിന്നീടാണ് പേര് മാറ്റണമെന്ന ആവശ്യവുമായി കോളജ് മാനേജ്‌മെന്റ് രംഗത്തെത്തിയത്. എന്നാല്‍ പുലയന്‍ എന്ന പേര് ഉപയോഗിക്കിന്നതിന് യാതൊരു തടസ്സവുമില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ഇപ്പോള്‍ വിലക്കിനെതിരെ കോടതിയെ സമീപിക്കാനാണ് മാഗസിന്‍ കമ്മിറ്റിയുടെ തീരുമാനം. കീഴ്ജാതിക്കാരനെന്ന് വിളിച്ച് തരം താഴ്ത്തിയ ജനതയ്ക്കുള്ള സമര്‍പ്പണമായാണ് മാഗസിന് പുലയന്‍ എന്ന പേരുനല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. പുലയന്‍ എന്നാല്‍ മണ്ണിന്റെ മകന്‍ എന്നാണെന്നും അത്തരത്തില്‍ നീയും ഞാനും മണ്ണിന്റെ മക്കളാണെന്നും ഉള്ള ആശയമാണ് മാഗസിനിലൂടെ മുന്നോട്ടു വയ്ക്കുന്നത് എന്ന് മാഗസിന്‍  എഡിറ്റര്‍ വ്യക്തമാക്കുന്നു.

നേരത്തെ പുലയന്‍ എന്ന വാക്ക് തെറിയാണെന്ന വാദവുമായി സെന്‍സര്‍ ബോഡ് രംഗത്തുവരുകയും കമ്മട്ടിപ്പാടം എന്ന സിനിമയില്‍ നിന്നും ഈ വാക്ക് ഒഴിവാക്കുകയും ചെയ്തിരുന്നു. മാത്രമല്ല വിശ്വവിഖ്യാത തെറി എന്ന പേരില്‍ ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുയ കോളജ് മാഗസിനും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Categories: GENERAL, LATEST NEWS