മലയാളിയെ വായനയുടെ ലോകത്തേക്കു കൈ പിടിച്ചുയര്‍ത്തിയ എം ടി വാസുദേവന്‍ നായരുടെ വിഖ്യാത നോവല്‍ നാലുകെട്ട് ഇനി തിരക്കഥാ രൂപത്തിലും. തിരുവനന്തപുരത്തു നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഡിസംബര്‍ എട്ടിനാണ് നാലുകെട്ടിന്റെ തിരക്കഥ പ്രകാശനം ചെയ്യപ്പെടുന്നത്.
പുരാതന നായര്‍ തറവാട്ടില്‍ ജനിച്ച അപ്പുണ്ണിയുടെ കഥ പറഞ്ഞ നാലുകെട്ട് 1959ല്‍ എം ടിയ്ക്ക് ആദ്യ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്തു. എം ടിയുടെ പ്രമുഖ നോവലുകളെല്ലാം സിനിമയായപ്പോഴും നാലുകെട്ടിനെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ദൂരദര്‍ശന്‍ കരുത്താര്‍ജ്ജിച്ചു വന്നപ്പോള്‍ നാലുകെട്ട് സീരിയല്‍ രൂപത്തില്‍ ചലച്ചിത്ര ഭാഷ്യമാര്‍ജ്ജിക്കുകയായിരുന്നു. പ്രമുഖ നടന്‍ കൃഷ്ണപ്രസാദായിരുന്നു അപ്പുണ്ണിയായി വേഷമിട്ടത്.
മലയാളത്തില്‍ ആദ്യമായി ഒരു സീരിയല്‍ തിരക്കഥാ രൂപത്തിലായി എന്ന ബഹുമതിയും ഇനി നാലുകെട്ടിനു സ്വന്തം. പ്രസാധനത്തിന്റെ 54 വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലും പുതിയ ആകാശങ്ങള്‍ തേടി നാലുകെട്ട് കുതിക്കുന്നു.











