പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പ്രസാധകനു നേര്‍ക്ക് ആക്രമണം
On 1 Apr, 2014 At 01:41 PM | Categorized As Literature

Publisher-Attack
അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ഡി സി ബുക്‌സ് ശാഖയ്ക്കും രവി ഡി സിയ്ക്കും നേരെ ആക്രമണം. മാര്‍ച്ച് മുപ്പത്തിയൊന്നിന് ഗുഡ്‌ഷെപ്പേര്‍ഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയില്‍ ആക്രമണം അഴിച്ചുവിട്ട സംഘം രാത്രി ദേവലോകത്തുള്ള രവി ഡി സിയുടെ വീടിനുനേര്‍ക്ക് കല്ലെറിയുകയും ചെയ്തു.

ശാഖയിലെത്തിയ മൂന്ന് യുവാക്കള്‍ പുസ്തകം വലിച്ചുകീറുകയും പോസ്റ്റര്‍ പതിക്കുകയും സംഭവസ്ഥലത്ത് കാവിക്കൊടി ഇടുകയും ചെയ്തു. പുസ്തക ഷെല്‍ഫുകള്‍ തട്ടിമറിച്ച് പുസ്തകങ്ങള്‍ വീഴ്ത്തിയ സംഘം ജീവക്കാരെ ഭീഷണിപ്പെടുത്തി. ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഭവിഷ്യത്ത് ഭീകരമായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. അമൃതാനന്ദമയീ അമ്മയ്ക്കെതിരെയുള്ള അപവാദപ്രചരണങ്ങളില്‍ നിന്ന് ഡി സി ബുക്‌സ് പിന്മാറുക എന്നെഴുതിയ പോസ്റ്ററാണ് അക്രമികള്‍ പതിച്ചത്.

രാത്രി പത്തുമണിക്കും പതിനൊന്നുമണിക്കും ഇടയിലാണ് പ്രസാധകന്റെ വീടിനുനേരെ കല്ലേറുണ്ടായത്. ദേവലോകത്ത് വീടിനു സമീപത്തുള്ള എടിഎമ്മിന്റെ ഭാഗത്തു നിന്നായിരുന്നു ആക്രമണം. രാത്രിതന്നെ പോലീസില്‍ പരാതി നല്‍കി. കോട്ടയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലയാളത്തിലെ പുസ്തകപ്രസാധന ചരിത്രം പരിശോധിച്ചാല്‍ സുധീരവും ഉറച്ചതുമായ നിലപാടുകള്‍ ഡി സി ബുക്‌സ് എന്നും സ്വീകരിച്ചിട്ടുണ്ടെന്ന് മനസ്സിലാകും. വര്‍ഗ്ഗീയവും രാഷ്ട്രീയവുമായ പക്ഷഭേദങ്ങള്‍ സ്പര്‍ശിക്കാതെ കാലത്തിന്റെ കര്‍മ്മസാക്ഷിയായി നിലകൊള്ളുന്ന ഡി സി കിഴക്കെമുറിയുടെ ചിന്താധാരകളില്‍നിന്ന് ഈ സ്ഥാപനം ഒരിക്കലും വ്യതിചലിച്ചിട്ടില്ല. എല്ലാവര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്ത്, എല്ലാവരെയും കേള്‍ക്കാന്‍ പഠിപ്പിക്കുന്ന മഹത്തായ സാംസ്‌കാരിക പൈതൃകമുള്ള ദേശത്ത്, ഏതാണ് നന്മ, ഏതാണ് തിന്മ എന്ന് തിരിച്ചറിയാന്‍ ആര്‍ജ്ജവമുള്ള വായനക്കാര്‍ക്കു മുമ്പില്‍ ചില വെളിപ്പെടുത്തലുകള്‍ വെച്ചു. അത്രമാത്രം.

അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് ഹിന്ദുത്വത്തിനെതിരെയാണെന്ന് പ്രചരണം സോഷ്യല്‍മീഡിയയില്‍ അഴിച്ചുവിടാന്‍ ചില തല്പരകക്ഷികള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രബുദ്ധരായ വായനക്കാര്‍ അത് തള്ളിക്കളഞ്ഞു. കാരണം ഹൈന്ദവ സംസ്‌കാരത്തിന്റെ മാഹാത്മ്യം ഉദ്‌ബോധിപ്പിക്കുന്ന അമൂല്യപുസ്തകങ്ങള്‍ പുറത്തിറക്കാനായി സാധന എന്ന ഇംപ്രിന്റു തന്നെ ആരംഭിച്ച പ്രസാധനശാലയാണ് ഡി സി ബുക്‌സ്. ആദ്ധ്യാത്മിക പുസ്തകങ്ങള്‍ മാത്രം പുറത്തിറക്കുന്ന പ്രസാധകരേക്കാളും അധികം പുസ്തകങ്ങള്‍ സാധനയിലൂടെ ഓരോ വര്‍ഷവും ഡി സി ബുക്‌സ് പുറത്തിറക്കുന്നുണ്ട്. അതുകൊണ്ട് അങ്ങനൊരു പ്രചരണത്തില്‍ വീഴുന്നവരല്ല മലയാളികളെന്ന് നേരത്തേ പറഞ്ഞ തല്പരകക്ഷികള്‍ക്ക് മനസ്സിലായി.

പ്രസാധനചരിത്രത്തില്‍ ഡി സി ബുക്‌സ് പ്രകടിപ്പിച്ചുപോന്ന ഉറച്ച നിലപാടുകള്‍ക്ക് സ്ഥാപനത്തിന്റെ ഉല്പത്തിയോളം തന്നെ പ്രായമുണ്ട്. 1978ല്‍ പ്രസിദ്ധീകരിച്ച എം.ഒ മത്തായിയുടെ നെഹ്രുയുഗസ്മരണകള്‍ എന്ന പുസ്തകം ഒരുപാട് വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. ഒരു വ്യാഴവട്ടത്തിലേറെക്കാലം ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്‌പെഷ്യല്‍ അസിസ്റ്റന്റ് ആയിരുന്ന എം.ഒ മത്തായി അക്കാലത്തെ രാഷ്ട്രീയരംഗത്തെ നിരവധി പ്രമുഖരുടെ ഗുണദോഷങ്ങള്‍ സമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നെങ്കിലും ഒരു പുസ്തകം പോലും ചീന്തിയെറിയപ്പെട്ടില്ല. പ്രസാധകന്റെ വീടിനു നേര്‍ക്ക് ഒരു കല്ലും പാഞ്ഞുവന്നില്ല.

1997ല്‍ അന്നത്തെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ നിര്‍ദ്ദേശമേറ്റെടുത്ത് പ്രൊഫ. എ.ശ്രീധരമേനോന്‍ കേരളത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയെങ്കിലും പുസ്തകം തയ്യാറാക്കാന്‍ വേണ്ടിയുള്ള സമിതി രൂപീകരണവും ചരിത്രം വളച്ചൊടിക്കാനുള്ള രാഷ്ട്രീയ ഇടപെടലുകളും സമിതിയില്‍ നിന്നുള്ള ശ്രീധരമേനോന്റെ രാജിയിലാണ് കലാശിച്ചത്. സര്‍ക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പുസ്തകം ഡി സി ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. പ്രബുദ്ധകേരളത്തില്‍ ഡി സി ബുക്‌സിനോ ശ്രീധരമേനോനോ എതിരായി ഒരു കൈയും ഉയര്‍ന്നില്ല. വിമര്‍ശനങ്ങളെ ഇരുകൂട്ടരും സര്‍വ്വാത്മനാ സ്വാഗതം ചെയ്യുകയും ചെയ്തു.

യേശുക്രിസ്തുവിനെ വേറിട്ട കാഴ്ചപ്പാടില്‍ അവതരിപ്പിച്ചതിന്റെ പേരില്‍ ലോകമെങ്ങും വിവാദത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ ഡാവിഞ്ചികോഡ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ഡി സി ബുക്‌സ് ആയിരുന്നു. പുസ്തകത്തിന്റെ ഒരു പ്രതി പോലും ഇവിടെ നശിപ്പിക്കപ്പെട്ടില്ല. കന്യാസ്ത്രീമഠങ്ങളില്‍ നടക്കുന്ന കാണാക്കഥകള്‍ പുറംലോകത്തെ അറിയിച്ച സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍ ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും അക്ഷരങ്ങള്‍ക്കെതിരെ അസഹിഷ്ണുത പ്രകടിപ്പിക്കാന്‍ ആരും മുതിര്‍ന്നില്ല. ഇസ്ലാം മതത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രതികരിച്ച ഹമീദ് ചേന്ദമംഗലൂര്‍, എം.എന്‍.കാരശേരി തുടങ്ങിയവരുടെ പുസ്തകങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു മതമൗലികവാദിയും ആയുധമെടുത്തില്ല. ഏറ്റവും ഒടുവില്‍ ജീസസ് ലിവ്ഡ് ഇന്‍ ഇന്ത്യ എന്ന വിവാദപുസ്തകം യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന പേരില്‍ തര്‍ജ്ജമ ചെയ്തപ്പോഴും, ടിപി വധത്തിന്റെ നാള്‍വഴികള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുസ്തകമാക്കിയപ്പോഴും പുസ്തകങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന ആശയത്തോട് യോജിപ്പോ യോജിപ്പില്ലായ്മയോ പ്രകടിപ്പിക്കുകയല്ലാതെ, അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ ആരും മുന്നോട്ടുവന്നിരുന്നില്ല.

ഇപ്പോള്‍ ഒരു സന്ന്യാസിനീമഠത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍ വന്നപ്പോള്‍ മാത്രം, എവിടെനിന്നു വന്നു കല്ലും കലാപകാരികളും? ഒരു സംഘടന പുസ്തകത്തിനെതിരെ തിരിഞ്ഞെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. സംഘടനയുടെ പേരുപറഞ്ഞ് ചില സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടം. അത് ഞങ്ങള്‍ തിരിച്ചറിയുന്നു. ആയുധങ്ങള്‍ ഉപേക്ഷിച്ച് ആശയങ്ങളുമായി കടന്നുവരാന്‍ ഞങ്ങള്‍ അവരോടും അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കു പറയാനുള്ളത് കേള്‍ക്കാനും വായനക്കാരുണ്ടാവും. അഭിപ്രായസ്വാതന്ത്ര്യത്തെ നേരിടേണ്ടത് അഭിപ്രായങ്ങള്‍ കൊണ്ടാണ്. അക്രമം കൊണ്ടല്ല.

Summary in English:

DC Books Outlet and CEO’s Residence Attacked

Malayalam publishing giant DC Books outlet and Managing Partner Ravi Deecee’s residence was attacked by unknown aggressors on March 31, 2014 at wee hours for releasing the book Amrithanandamayi Madham: Oru Sanyasiniyude Velipeduthalukal. The outlet located at Kottayam Good Shepherd Road was targeted by the attackers. Three youths who entered the shop tore books stacked in the shop and placed threaten- note.

 

 

 

 

Related Posts:

Displaying 5 Comments
Have Your Say
 1. matham ennum asahiNuthayuTe paryaayamaayirunnu.. Go ahead.

 2. ഗുൽമോഹർ says:

  നിയമത്തെയും ലോകത്തിലെ ഏറ്റവും മഹത്തായതെന്നു പറയപ്പെടുന്ന ഒരു ഭരണഘടനെയെയും നോക്കുകുത്തികൾ ആക്കുന്നു തികച്ചും ബാലിശമായ ഈ അക്രമം . ശക്തമായ നിയമ നടപടികൾ ഉണ്ടായില്ല എങ്കിൽ അത് ഈ രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരാജയമാവും . അക്ഷരങ്ങളെ സ്നേഹിക്കുന്ന ഞാൻ ഡി . സി ബുക്സിന് സർവ്വ പിന്തുണയും നേരുന്നു .

 3. മാതാമയി ഓപ്പറേഷൻ “ഹിന്ദു” അധിഷ്ഠിതമാണെന്നും ഹിന്ദുക്കളെ ഉദ്ധരിക്കാനുതാണെന്നും ഉള്ള തെറ്റിദ്ധാരണയിലാണു ചില ഹിന്ദുക്കൾ ജീവിക്കുന്നത്‌. എന്നാൽ ഇവിടെ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം വ്യത്യാസങ്ങളുടെ ചർച്ചയേ അല്ല നടക്കുന്നത്‌. മതം തന്നെ ഇവിടെ ഇഷ്യൂ അല്ല. മതത്തെ ദുർവിനിയോഗം ചെയ്ത്‌ നികുതി വെട്ടിച്ച്‌ എങ്ങനെയൊ/എവിടെനിന്നോ കണക്കില്ലാത്ത പണം ഉണ്ടാക്കി ജനങ്ങളെ പന്താടുന്ന കാഴ്ചയാണു കാണുന്നത്‌. ആശ്രമത്തിലും മാതാമായി സംഘടനയിലും തലപ്പത്ത്‌ ഉള്ള ഫോറിൻ ആളുകൾ ആരും തന്നെ ഹിന്ദുക്കൾ അല്ല. AIMS director റോൺ ഗോട്സെഗെൻ ലോസ്‌ ആഞ്ജലസ്സിൽ ഇലക്ട്രോണിക്സ്‌ ഷോപ്പ്‌ നടത്തിയൈരുന്ന ആളാണു. അമേരിക്കയിലെ മാതാമായി സെറ്റപ്പ്‌ ഉണ്ടാക്കാൻ ചുക്കാൻ പിടിച്ചത്‌ ഇയാളും കൂടെയുള്ള ഏജന്റുമാരുമാണു.

  മാതാമയിടെ ആദ്യത്തെ ഒഫീഷ്യൽ ജീവചരിത്രം എഴുതിയ പ്രൊഫ: രാമകൃഷ്ണൻ നായർ ഇന്ന്‌ അവരെ പിന്തുണക്കുന്നില്ല. ജിവചരിത്രം മുഴുവൻ അത്ഭുതകഥകാളായിരിന്നു. വെറും കെട്ടുകഥകൾ. 20 വർഷം മുമ്പ്‌ ജനങ്ങളെ വഴിതെറ്റിച്ചതിൽ രാമകൃഷ്ണൻ നായർക്ക്‌ വലിയ പങ്കാണുള്ളത്‌. എന്നിട്ട്‌ ഇപ്പോൾ ‘ഞാനൊന്നുമറിഞ്ഞില്ല’ എന്ന്‌ ചമയുന്നു.
  “ആദ്യകാലത്ത്‌ ചെറിയ രീതിയിൽ നടന്നുവന്ന മഠത്തിലേക്ക്‌ പിന്നീട്‌ പടിഞ്ഞാറൻ നാടുകളിൽനിന്ന്‌ പണം സംഭാവനയായി വന്നുതുടങ്ങി. “ ഇത്‌ ശരിയായിരിക്കം എന്തിനു പണം വന്നു?? ആർക്കാണു ഇത്ര താത്പര്യം?
  ”രണ്ട്‌ പെൺമക്കൾക്ക്‌ പുറത്ത്‌ സ്വാതന്ത്ര്യത്തേ​‍ാടെ ജീവിക്കണമെന്ന്‌ ആഗ്രഹം പ്രകടപ്പിച്ചതേ​‍ാടെയാണ്‌ താൻ 2000ൽ മഠം വിട്ടത്‌.“ നന്നായി! പെൺകുട്ടികളെങ്കിലും രക്ഷപ്പെട്ടു.

  ഹിന്ദുക്കള്‍ വെട്ടം മാണിയുടെ പുരാണ നിഘണ്ടു ഒന്ന് വായിക്കുന്നത് നന്നായിരിക്കും!

 4. Indian Culture and Civilization (Sanathana Dharmam) is renown to its tolerance in embracing difference of opinions and criticisms and anybody could express their counter-views without resorting to violence. This act of lack of forbearance is condemnable.

 5. മലയാളിയെ വായനയിലേയ്ക്ക് കൈ പിടിച്ച് നടത്തിയ ഡി സി ബുക്ക്സിനു നേരെ ആക്രമണം നടത്തിയവരും അതിനു പിന്നിലുള്ളവരും ഓർക്കുക ഇത് കേരളമാണ്. ഇവിടത്തെ വായനക്കാര്‍ മാത്രം ഒന്നു മനസ്സ് വച്ചാൽ ഒരൊറ്റ അമൃത പുസ്�തക ശാലയും ഇവിടെ ബാക്കി കാണില്ല .