DCBOOKS
Malayalam News Literature Website

ധ്യാനത്തിന്റെ മൂന്നാംകണ്ണ് നിര്‍വ്വാണത്തിന്റെയും…

KANNU2

പത്രപ്രവര്‍ത്തകനും എഴുത്തുകാരനും പൊതു വിദ്യഭ്യാസ ഡയറക്ടറുമായ കെ.വി. മോഹന്‍കുമാറിന്റെ പ്രശസ്തമായ നോവലാണ് പ്രണയത്തിന്റെ മൂന്നാംകണ്ണ്. 2012ല്‍ പുറത്തിറങ്ങിയ ഈ നോവലിന്റെ പുതിയപതിപ്പ് പുറത്തിറങ്ങി. എഴുത്തുകാരായ സേതു, ഡോ ബോബി ജോസ്‌കട്ടിക്കാട്, കെ ബി പ്രസനനകുമാര്‍ എന്നിവരെഴുതിയ പഠനക്കുറിപ്പോടെയും ആസ്വാദനക്കുറിപ്പോടെയുമാണ് നോവല്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രണയത്തിന്റെ തീക്ഷ്ണതയെയും, ഉപാധികളില്ലാത്ത പ്രണയത്തെയും വെളിപ്പെടുത്തുകയാണ് ഈ നോവല്‍.

നോവലിന് കെ വി മോഹന്‍കുമാര്‍ എഴുതിയ ആമുഖക്കുറിപ്പ്;

എട്ടൊന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഓഷോയുടെ ‘ദ തന്ത്ര എക്‌സ്പീരിയന്‍സ്’ എന്ന കൃതിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് ശരാഹന്‍ എന്ന യുവാവിനെയും ലോഹപ്പണിക്കാരിപ്പെണ്ണിനെയും ഞാന്‍ കണ്ടെത്തിയത്. അവളൊരു അമ്പിന്റെ മുന കൂര്‍പ്പിച്ച്, അദൃശ്യമായ ലക്ഷ്യത്തില്‍ ഉന്നംപിടിച്ച്, മധ്യേ സ്ഥിതി ചെയ്യുകയായിരുന്നു, അവനവിടെ എത്തുമ്പോള്‍. 

ഓഷോ പറയുന്നു…

He saw this woman, a young women, Very alive, radiant with lifecutting an arrow shift,looking neither to the right nor to the left, but wholly absorbed in making the arrow.

അവളുടെ സാന്നിദ്ധ്യത്തില്‍ അവന് അസാധാരണമായ എന്തോ അനുഭവപ്പെട്ടു. മുമ്പൊരിക്കലും അനുഭവപ്പെടാത്തതെന്തോ. ഒരു കണ്ണടച്ച്, മറുകണ്ണ് തുറന്നുവച്ച്, അദൃശ്യമായ ഏതോ ലക്ഷ്യത്തിലേക്കുറ്റു നോക്കുകയാണവള്‍. തിരുവനന്തപുരത്തെ കേരള യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍നിന്നെടുത്ത ആ പുസ്തകം തിരികെ ഏല്പിച്ചിട്ടും ആ ചിത്രം എന്റെ മനസ്സില്‍ മായാതെ നിന്നു.
ശരാഹനെയും ആ ലോഹപ്പണിക്കാരിപ്പെണ്ണിനെയും കുറിച്ചു കൂടുതല്‍ അറിയാനായി എന്റെ ശ്രമം. ഉത്തരേന്ത്യയിലൂടെ പലപ്പോഴായി നടത്തിയ യാത്രകള്‍ക്കിടയില്‍ കണ്ടെത്തിയ ചില പുസ്തകങ്ങളില്‍ മിന്നായംപോലെ എത്തിനോട്ടം നടത്തി രണ്ടാളും കടന്നുപോയതല്ലാതെ, ഓഷോ പറഞ്ഞതിനപ്പുറം ഒന്നുംതന്നെ… ‘താന്ത്രിക് ബുദ്ധിസ’മെന്ന ബുദ്ധതന്ത്രയുടെ ആഴങ്ങള്‍ തേടിയായി എന്റെ യാത്ര. ഓഷോയുടെ ദര്‍ശനങ്ങളുടെ വേരുകള്‍ ഞാനവിടെ കണ്ടു. തന്ത്ര പറയുന്നു:

Love enjoyed by the ignorant,pranayathinte
becomes bondge.
That very same love,
tested by one with
understanding brings
liberation…
Enjoy all pleasure of love
fearlessly
for the sake of liberation..

ഉപാധികളില്ലാത്ത പ്രണയത്തിന്റെ ആകാശപഥങ്ങളില്‍ നിര്‍വ്വാണമെന്ന പൂവ് തേടി രാഹുലനെപ്പോലെ ഞാനും… ആ യാത്രയ്ക്കിടയില്‍, ജാബാലയും വണിക്കും മുചീരിയും കപിലയുമെല്ലാം അദൃശ്യമായ ഏതോ ആന്റിനയിലൂടെ എന്നിലേക്കു കടന്നുവരികയായിരുന്നു. ആറേഴു വര്‍ഷമെടുത്തു, ഈ നോവല്‍ പൂര്‍ത്തിയാക്കാന്‍. പ്രണയത്തിന്റെ മൂന്നാംകണ്ണ്. ധ്യാനത്തിന്റേതാണ് ഈ മൂന്നാംകണ്ണ്, നിര്‍വ്വാണത്തിന്റെയും.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ കെ.വേലായുധന്‍പിളളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനാണ് കെ.വി. മോഹന്‍കുമാര്‍. കേരളകൗമുദിയിലും മലയാള മനോരമയിലും പത്രപ്രവര്‍ത്തകനായിരുന്നു. പിന്നീട് ഡെപ്യൂട്ടി കലക്ടറായി സംസ്ഥാന സിവില്‍ (എക്‌സിക്യൂട്ടീവ്) സര്‍വീസില്‍ ചേര്‍ന്നു. പാലക്കാട്ടും കോഴിക്കോട്ടും കളക്ടറായിരുന്നു. 2010ല്‍ ശിവന്‍ സംവിധാനംചെയ്ത ‘കേശു’ എന്ന കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥയെഴുതി. ആദ്യനോവലായ ‘ശ്രാദ്ധശേഷം’ ‘മഴനീര്‍ത്തുള്ളികള്‍’ എന്നപേരില്‍ വി.കെ. പ്രകാശ് സിനിമയാക്കി.

കേരള സംസ്ഥാന ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡ് സെക്രട്ടറി, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ആന്‍ഡ് ടൂറിസ്റ്റ് റിസോര്‍ട്‌സ് കേരള ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, സൂനാമി പുനരധിവാസ പരിപാടി ഡയറക്ടര്‍ (ഓപറേഷന്‍സ്), നോര്‍ക ഡയറക്ടര്‍, നോര്‍ക റൂട്ട്‌സ് സി.ഇ.ഒ,സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.2013ല്‍ Rural Development Commissioner ആയി ചുമതലയേറ്റു.ഇപ്പോള്‍പൊതു വിദ്യഭ്യാസ ഡയറക്ടര്‍ ആണ്.

Comments are closed.