DCBOOKS
Malayalam News Literature Website

പ്രദീപ്ത സ്മരണ2017′

പ്രശസ്ത എഴുത്തുകാരന്‍ ഡോ:പ്രദീപന്‍ പാമ്പിരിക്കുന്ന് അനുസ്മരണാര്‍ത്ഥം നടത്തുന്ന ‘ പ്രദീപ്ത സ്മരണ2017’ ഡിസംബര്‍ 4,5,6 തീയതികളിലായി കോഴിക്കോട് നടക്കും.ഇതിന്റെ ഭാഗമായി ‘ഗാന്ധി അംബേദ്കര്‍ മാര്‍ക്‌സ് സമകാലീന ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ ദേശിയ സെമിനാര്‍, ശില്‍പശാല, ഗസല്‍, കാട്ടുനായ്ക്ക നൃത്തങ്ങള്‍, നാടകം, സുഹൃത് സദസ്സ്,പുസ്തകോത്സവം എന്നിവയും ഉണ്ടായിരിക്കും.

അനുസ്മരണത്തിന്റെ ആദ്യ ദിനമായ ഡിസംബര്‍ നാലിന് ‘കീഴാളപഠനത്തിന്റെ രിതിശാസ്ത്രം’ എന്ന വിഷയത്തില്‍ ക്രിസ്ത്യന്‍ കോളേജ് ഹാളില്‍ വെച്ച് ശില്‍പശാല നടക്കും.ഡോ: എന്‍ സുകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ശില്‍പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത് ഡോ എം ദാസന്‍, ഡോ ദിനേശന്‍ വടക്കിനി, ഡോ കെ കെ ബാപു രാജ്, ഡോ ഷംസാദ് ഹുസൈന്‍ എന്നിവരാണ്.

ഡിസംബര്‍ അഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് ‘ഗാന്ധി അംബേദ്കര്‍ മാര്‍ക്‌സ് സമകാലീന ഇന്ത്യയില്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ ആരംഭിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ കെ പി മോഹനന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സെമിനാര്‍ രണ്ട് സെഷനായാണ് നടക്കുന്നത്.ആദ്യ സെഷനില്‍ ബി രാജിവന്‍, കെ ഇ എന്‍, അഴകിയ പെരിയവന്‍ എന്നിവരും രണ്ടാം സെഷനില്‍ സണ്ണി എം കപിക്കാട്, ഡോ കെ എസ് മാധവന്‍, ഡോ ജി ഉഷാകുമാരി എന്നിവരും പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനവും പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ ‘ ഏകജിവിതാനശ്വരഗാനം ‘ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

അവസാന ദിനമായ ഡിസംബര്‍ ആറിന് സച്ചിദാനന്ദന്‍, ഡോ വി സനില്‍, ഡോ ടി വി മധു, ജെ രഘു എന്നിവര്‍ ആദ്യ സെഷനില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.രണ്ടാം സെഷനില്‍ ഡോ കെ എന്‍ ഗണേഷ്, ഡോ പി കെ പോക്കര്‍, ഡോ കെ വി ശശി എന്നിവരാണ് പ്രബന്ധം അവതരിപ്പിക്കുന്നത്. നാലുമണിയോടുകൂടി സുഹൃത് സദസ്സും പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതിയ പാട്ടുകളുടെ അവതരണവും ഉണ്ടായിരിക്കും.സുഹൃത് സദസ്സ് ഉദ്ഘാടനം ചെയ്യുന്നത് ചലച്ചിത്ര സംവിധായകന്‍ രഞ്ജന്‍ പ്രമോദാണ്.ആറുമണിക്ക് സാംസ്‌കാരിക സദസ്സും കെ ചന്ദ്രന്‍ മാസ്റ്ററുടെ പുസ്തക പ്രകാശനവും ഉണ്ടായിരിക്കും.പിന്നീട് കാട്ടുനായ്ക നൃത്ത പഠന കളരി അവതരിപ്പിക്കുന്ന നൃത്തങ്ങള്‍ ഉണ്ടാകും. തുടര്‍ന്ന് ശരത് രേവതി രചനയും രഞ്ജിത് ഡിങ്കി സംവിധാനവും നിര്‍വഹിക്കുന്ന 100 സിംഹാസനങ്ങള്‍ എന്ന നാടകത്തോടെ പ്രദീപ്ത സ്മരണ അവസാനിക്കും.

 

Comments are closed.