DCBOOKS
Malayalam News Literature Website

പ്രതിസന്ധികളില്‍ പ്രചോദനം പകരുന്ന ‘പോസിറ്റീവ് ബിരിയാണി’

പരാജയങ്ങളില്‍ കാലിടറാതെ, ജീവിതവിജയത്തിനും ആത്മവിശ്വാസത്തിനും ക്രിയാത്മകചിന്തകള്‍ പകരുന്ന അജി മാത്യു കോളൂത്രയുടെ ഏറ്റവും പുതിയ കൃതിയാണ് പോസിറ്റീവ് ബിരിയാണി. എല്ലാവര്‍ക്കും ഇഷ്ടമുള്ള ബിരിയാണി പോലെ, പോഷകസമൃദ്ധവും ആസ്വാദ്യകരവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അവ വായനക്കാരന് ജീവിതവിജയത്തിന് പ്രചോദനം നല്‍കുകയും പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കുകയും ചെയ്യുന്നതിനാല്‍ പോസിറ്റീവ് ബിരിയാണി എന്ന പേര് ഏറെ അര്‍ത്ഥപൂര്‍ണ്ണമാകുന്നു.

ബസ്മതിക്കും മസാലകള്‍ക്കും പകരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിച്ചിട്ടുള്ള മനോഹരമായ കഥകള്‍ ഉപയോഗിച്ചാണ് പോസിറ്റീവ് ബിരിയാണി രൂപപ്പെടുത്തിയിരിക്കുന്നത്. ക്രിയാത്മക മനോഭാവത്തോടെ പ്രവര്‍ത്തിച്ചാല്‍ ഏതു പ്രതിസന്ധിയിലും ബിരിയാണികള്‍ കണ്ടെത്താമെന്ന് ഇതിലെ കഥകള്‍ പഠിപ്പിക്കുന്നു.

സാമാന്യയുക്തിക്ക് അതീതമായ കഥകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെങ്കിലും യുക്തിയേക്കാള്‍ ആശയങ്ങള്‍ക്ക് പരിഗണന കൊടുക്കേണ്ടി വരുന്ന അപൂര്‍വ്വം ചില സാഹചര്യങ്ങളില്‍ അതിശയോക്തി കലര്‍ത്തിയ കഥകള്‍ ഉപയോഗിച്ചിട്ടുണ്ട്. മുഖവുരകളില്ലാതെ കഥയിലേക്കു കടക്കുകയും വാചാലതകള്‍ ഒഴിവാക്കി ചുരുങ്ങിയ വാക്കുകളിലൂടെ കഥയിലെ ബിരിയാണി പകര്‍ന്നു നല്‍കുകയും ചെയ്യുന്ന ലളിതമായ രചനാശൈലി പുസ്തകത്തിന്റെ പ്രത്യേകതയാണ്. വായനക്കാരന് ആസ്വാദനത്തിന്റെ രസച്ചരട് മുറിയാതെ ഒരു കഥയില്‍നിന്നും മറ്റൊന്നിലേക്കു സഞ്ചരിക്കാം. പ്രചോദനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്ന നിമിഷങ്ങളിലെല്ലാം ഈ പുസ്തകം വീണ്ടും കൈയിലെടുക്കാം. ആത്മവിശ്വാസത്തോടെ യാത്ര തുടരാന്‍ ഇതു സഹായിക്കുന്നു.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന അജി മാത്യു കോളൂത്രയുടെ പോസിറ്റീവ് ബിരിയാണി ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.

Comments are closed.