പൂരാടം നക്ഷത്രത്തില്‍ ജനിച്ചാല്‍..?

pooradam

നക്ഷത്രഗണനയില്‍ ഇരുപതാമത്തെ നക്ഷത്രമാണ് പൂരാടം. ജലം ദേവതയാകയാല്‍ ജലത്തിന്റെ പര്യായങ്ങളെല്ലാം പൂരാടത്തിന്റെ പര്യായങ്ങളായിരിക്കും. പൂര്‍വ്വാഷാഢവും പൂരാടത്തിന്റെ പേരാണ്. മുറം പോലെ രണ്ടു നക്ഷത്രങ്ങളാണ് പൂരാടം. അത് ഉച്ചിയില്‍ വരുമ്പോള്‍ മീനത്തില്‍ ഒരു നാഴികയും 42 വിനാഴികയും ചെല്ലും. ഉദയം ധനുവില്‍ 15-ാം ഭാഗത്തിലാണ്. സ്ഥിതി നക്ഷത്രമായ പൂരാടം പുരുഷയോനിയും മനുഷ്യഗണവും വായുഭൂതവുമാണ്. പൂരാടത്തിന്റെ മൃഗം കുരങ്ങും വൃക്ഷം വന്നിയുമാണ്. മദ്ധ്യമരജ്ജുവില്‍ ഈ നക്ഷത്രം ഭരണി, മകയിരം, പൂയം പൂരം, ചിത്തിര, അനിഴം, അവിട്ടം ഉത്രട്ടാതി ഈ നക്ഷത്രങ്ങളുമായി വിവാഹചേര്‍ച്ചയ്ക്ക് നന്നല്ല. പൂയം നക്ഷത്രവുമായി വേധിക്കുന്നു. വന്ധ്യനക്ഷത്രങ്ങളില്‍പെട്ടതാകയാല്‍ പല ശുഭകര്‍മ്മങ്ങള്‍ക്കും പൂരാടം കൊള്ളുകയില്ല. എന്നാല്‍ വാപീകൂപാദികള്‍ കുഴിപ്പിക്കുവാനും, കൃഷികര്‍മ്മങ്ങള്‍ക്കും വിഗ്രഹമുണ്ടാക്കുവാനും ബന്ധമോചനത്തിനും ക്രൂകര്‍മ്മങ്ങള്‍ ഛേദന കര്‍മ്മങ്ങള്‍ ഇവ ചെയ്യുവാനും കൊള്ളാം.

പൂരാടം നാളില്‍ ജനിച്ചാല്‍ വിനയശീലനും ശുദ്ധഹൃദയനും ആത്മമാര്‍ത്ഥതയുള്ളവനും ആണെങ്കിലും വളരെ മുന്‍കോപിയും ആയിരിക്കും. സുഹൃത്തുക്കളെ ആത്മാര്‍ത്ഥമായി സഹായിക്കും. ഭാവനാപൂര്‍ണ്ണമായ സംസാരരീതിയായിരിക്കും. സ്വതന്ത്രനും അന്യരുടെ അഭിപ്രായങ്ങളെ അംഗീകരിക്കാത്തവനും ആകും. പൊതുജനമദ്ധ്യത്തില്‍ നേതൃത്വം ലഭിക്കും. വലിയ ധൈര്യശാലിയാണെങ്കിലും ആവേശമുണ്ടാകുന്നതുവരെ ഭീരുവാണ്. തന്റെ ഗതിയെ ആരെങ്കിലും എതിര്‍ത്താല്‍ അവരെ കീഴ്‌പ്പെടുത്തുകയും ഒരു സ്വയം തീരുമാനത്തിലെത്തുകയും ചെയ്യും. പിന്നെ അതില്‍ നിന്ന് ഒരു ശക്തിക്കും വ്യതിചലിപ്പിക്കാനോ പിന്തിരിപ്പിക്കാനോ കഴിയില്ല. വളരെ ആരോഗ്യവാനും സുന്ദരനും ആയിരിക്കും. എന്നാലും രോഗങ്ങളില്‍ ഭീരുവാണ്. പക്ഷേ അഭിമാനസ്പര്‍ശിയായ ഒരു സംഭവമുണ്ടായാല്‍ രോഗം ഒരുപ്രശ്‌നമായിരിക്കില്ല. സകലപ്രവര്‍ത്തികളിലും വിദഗ്ദ്ധനാണെങ്കിലും പൊതുപ്രവര്‍ത്തനം, വൈദ്യം, മുതലായ ശാസ്ത്രീയകലകള്‍ ഇവയിലാണ് വാസനയുണ്ടാകേണ്ടത്. വ്യാപാരത്തിലാണെങ്കില്‍ ഒരാളുടെ നിയന്ത്രമില്ലെങ്കില്‍ ഐശ്വര്യമായിരിക്കുകയില്ല. അന്യരെ വിശ്വസിച്ചുചെയ്യുന്ന കാര്യങ്ങളെല്ലാം വഞ്ചിക്കപ്പെടും. എന്നാലും സകലപുരോഗതിയും പരാശ്രയത്തിലായിരിക്കും. ആരെയും അകമഴിഞ്ഞ് വിശ്വസിക്കുകയില്ല. പൊതുജനങ്ങളുടെയും അധികാരികളുടെയും ആത്മാര്‍ത്ഥമായ പ്രീതിക്കുപാത്രമാകും. ഈ നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ വിവേചന വൈഭവവും ബുദ്ധിശക്തിയും ഉള്ളവരായിരിക്കും. ആഡംബര കാര്യങ്ങളില്‍ കൂടുതല്‍ തല്‍പരരായിരിക്കും. പൊങ്ങച്ചം കാണിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കും. സന്താനഭാഗ്യം കുറഞ്ഞവരായിരിക്കും ഈ നാളുക്കാരില്‍ അധികവും. തികഞ്ഞ ഈശ്വര വിശ്വാസികളായിരിക്കും.

പൂരാടത്തില്‍ ജനിച്ചാല്‍ പാദദോഷമുണ്ടാകും. ഒന്നാം കാല്‍ മാതാവിനും രണ്ടാം കാല്‍ പിതാവിനും മൂന്നാം കാല്‍ മാതുലനും നാലാം കാല്‍ ശിശുവിനും ദോഷം ചെയ്യും. ഒന്നാംകാലില്‍ ജനിച്ചാല്‍ സ്ത്രീജിതനും അല്പസന്തതിയും, ശൂരനും ദീനനനും, ദീനചേതനും അല്പായുസ്സും വെള്ളം മൂലം ക്ലേശിക്കുന്നവനുമായിരിക്കും, രണ്ടാംകാലില്‍ ജനിച്ചാല്‍ ഗൂഢസ്‌നേഹമുള്ളവനും സുന്ദരനും, രോഗിയും പരിഹാസപ്രിയനുമാകും.
മൂന്നാം കാലില്‍ ജനിച്ചാല്‍ മഹോദരനും മാതൃഹീനനും ഗുണങ്ങളെ അറിയുന്നവനും ശുദ്ധനും സുഖിമാനും, നാലാം കാലില്‍ ജനിച്ചാല്‍ പിതൃഹീനനനും ബലവാനും ദാനശീലനും ത്‌ക്രോഗിയും സത്യവാദിയും ആകും.

Categories: ASTROLOGY, GENERAL

Related Articles