ദിലീപിനെ പിന്തുണച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി

rasul

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ പിന്തുണച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്. ദിലീപിനെതിരെ മലയാളസിനിമാലോകം ഒന്നടങ്കം തിരിഞ്ഞത് കണ്ടപ്പോള്‍ അമ്പരന്നുപോയെന്നും, ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ഇതാദ്യമായാണ് ദേശീയതലത്തില്‍ തന്നെ പ്രസിദ്ധനായ ഒരാള്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.

ദിലീപ് അറസ്റ്റിലായതോടെ മലയാളസിനിമാലോകം അദ്ദേഹത്തിനെതിരെ പെരുമാറുന്നത് കണ്ട് അമ്പരന്നു പോയി. ദിലീപിനെ അറസ്റ്റ് ചെയ്ത ആ നിമിഷം എല്ലാവരും അയാളെ ഉപേക്ഷിച്ചു. പ്രാഥമിക അംഗത്വത്തില്‍ നിന്നും അമ്മ സംഘടന അദ്ദേഹത്തെ ഒഴിവാക്കി. ഒരുകൂട്ടം ആളുകള്‍ ദിലീപിന്റെ കേസ് എന്താണെന്ന് അറിയാന്‍ എത്തിനോക്കുന്ന ഒരു സ്വഭാവം ഉണ്ട്. ടിആര്‍പി റേറ്റിങ് കൂട്ടാനുള്ള നാടകം മാത്രമായിരുന്നു ഈ കേസിലെ മാധ്യമവിചാരണകള്‍. തെളിവെടുപ്പിനായി പൊതുസമൂഹത്തിന് മുന്നിലൂടെ അദ്ദേഹത്തെ കൊണ്ടുപോയത് തന്നെ തെറ്റാണ്.
ഈ കേസില്‍ കോടതി വിവേകത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ പറയുന്നതുകൊണ്ട് ആ പെണ്‍കുട്ടിക്കുണ്ടായ ക്രൂരമായ അനുഭവത്തെ മാറ്റിനിര്‍ത്തുകയല്ല, തെറ്റുചെയ്തവര്‍ ശിക്ഷിക്കപ്പെടണം. സ്ത്രീകള്‍ക്കെതിരായ അക്രമം ന്യായീകരിക്കാന്‍ കഴിയില്ല. എന്നാല്‍ ഈ കേസില്‍ മലയാളിയുടെ മനോഭാവമാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്. ദിലീപ് തെറ്റുകാരനല്ലെങ്കില്‍ പരിതാപകരമെന്നേ പറയാന്‍ കഴിയൂ.- റസൂല്‍ പൂക്കുട്ടി പറഞ്ഞു.

Categories: MOVIES