DCBOOKS
Malayalam News Literature Website

ആഘോഷങ്ങളുടെ പൊലിമയുമായി ‘പിള്ളേരോണം’

ചിങ്ങമാസത്തിലെ തിരുവോണം പോലെ തന്നെ കര്‍ക്കിടകമാസത്തിലെ തിരുവോണദിനത്തില്‍ ആചരിച്ചു വരുന്ന ഒരു ആഘോഷമാണ് പിള്ളേരോണം. വാമനന്റെ ഓര്‍മ്മയ്ക്കായി വൈഷ്ണവരായിരുന്നു കര്‍ക്കിടകമാസത്തില്‍ ഇത് ആഘോഷിച്ചിരുന്നത്. പൂക്കളം, ഓണപ്പുടവ തുടങ്ങിയുള്ള ചിങ്ങമാസത്തിലെ ഓണസംബന്ധമായ വലിയ ആഘോഷങ്ങളൊന്നും തന്നെ പിള്ളേരോണത്തിന് ഉണ്ടാവാറില്ല. എങ്കിലും, കര്‍ക്കിടക വറുതിയില്‍ പോലും ഓണാഘോഷത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സദ്യ ഈ ആഘോഷത്തിന്റേയും പ്രത്യേകതയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഓണാഘോഷം എന്ന രീതിയിലാണ് പിള്ളേരോണം എന്ന പേര് അന്വര്‍ത്ഥമാവുന്നത്. പണ്ട്, തിരുവോണം പോലെ തന്നെ പിള്ളേരോണവും മലയാളികള്‍ക്ക് പ്രധാനപ്പെട്ട ആഘോഷമായിരുന്നു. മുമ്പ്, സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായില്‍ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു.

പണ്ട് ചിങ്ങത്തിന് മുമ്പ് കര്‍ക്കിടകത്തിലെ പിള്ളേരോണം മുതല്‍ ഓണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. പാടത്തും പറമ്പിലുമുള്ള നാട്ടുപൂക്കള്‍ കൊണ്ട് ചെറിയൊരു പൂക്കളം തീര്‍ത്ത് ചിങ്ങമാസത്തിലെ ഓണത്തിന്റെ വരവ് വിളിച്ചറിയിക്കും. പിള്ളേരോണത്തിന് രാവിലെ കുളികഴിഞ്ഞ് പുത്തനുടുപ്പിട്ട് കുട്ടികള്‍ക്ക് ഉച്ചയോടെ തഴപ്പായ വിരിച്ച് തൂശനിലയില്‍ വിഭവസമൃദ്ധമായ സദ്യ വിളമ്പിയൂട്ടും. കുട്ടികളെല്ലാം ഒത്തുചേരുമ്പോഴുള്ള കളികളെല്ലാം അപ്പോഴുമുണ്ടായിരുന്നു. വീടുകളില്‍ പ്രായമായവര്‍ മഹാബലി മലയാളനാട് വാണിരുന്ന കാലത്തെ സമൃദ്ധിയും നീതിനിഷ്ഠയും അസുരചക്രവര്‍ത്തിയുടെ ധര്‍മ്മപുരാണം, വാമനന്‍ ഉള്‍പ്പെടെയുള്ളവരുടെ അവതാരകഥകള്‍ തുടങ്ങിയവ കുട്ടികള്‍ക്കായി പറഞ്ഞു കൊടുക്കും. പിള്ളേരോണം പാരമ്പര്യരീതികളോടെ ആചരിക്കുന്ന നിരവധി വീടുകള്‍ ഇപ്പോഴുമുണ്ട്. കേരളപ്പഴമയുടെ പൈതൃകം പുതിയ തലമുറയ്ക്ക് കൈമാറുക എന്ന സന്ദേശമാണ് ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നത്.

ഈ ദിനത്തില്‍ കുട്ടികള്‍ക്കൊപ്പം കുടുംബവും ഒത്തുചേരുന്ന അവസരമാണ്. കുട്ടിക്കളികളും കുട്ടിവായനകളും ഒത്തുചേരുമ്പോള്‍ ആഘോഷപൂര്‍ണമാകുന്നു ഈ ദിവസവും. വായനാശേഖരത്തിലേക്ക് മികച്ച പുസ്തകങ്ങള്‍ ശേഖരിക്കാന്‍ കുട്ടികള്‍ക്കായി ഡി.സി ബുക്‌സും ഇന്ന് അവസരമൊരുക്കുകയാണ്. ഡി.സി ബുക്‌സ് വിവിധ ശാഖകളില്‍ ആരംഭിച്ച എന്‍.ആര്‍.ഐ ഫെസ്റ്റിന്റെ ഭാഗമായി കുട്ടികള്‍ക്കായുള്ള നിരവധി കൃതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക കോര്‍ണറും ഇവിടെ തയ്യാറാണ്.

ഡി.സി ബുക്‌സിന്റെ എല്ലാ ശാഖകളിലും വായനക്കാര്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ ഒരുക്കിയിരിക്കുന്നു. ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

Comments are closed.