DCBOOKS
Malayalam News Literature Website

മലയാള ഭാഷാ പണ്ഡിതന്‍ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.

ഭാഷാശുദ്ധി ലക്ഷ്യമാക്കി നിരവധി കൃതികള്‍ രചിച്ച അദ്ദേഹം വിവിധ തലങ്ങളില്‍ മലയാളഭാഷയ്ക്ക് അംഗീകാരം ലഭിക്കുന്നതിനായി നിരന്തരം പോരാടി. ഭാഷയുടെ ഉന്നമനത്തിനായി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ച പന്മന തന്റെ അവസാനകാലംവരെയും ശുദ്ധ മലയാളം പഠിപ്പിക്കുന്നതിനായി ക്ലാസുകളെടുത്തിരുന്നു. ഭാഷയുടെ അപചയത്തിനെതിരെ നിതാന്ത ജാഗ്രത അദ്ദേഹം പുലര്‍ത്തിയിരുന്നു.

സര്‍വ്വസാധാരണയായി സംഭവിക്കാറുള്ള അക്ഷരപ്പിശകുകളും വ്യാകരപ്പിശകുകളും ചൂണ്ടിക്കാണിച്ച് ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതി. മലയാള ഭാഷയുടെ ശരിയായ ഉപയോഗ രീതി വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പന്മന എഴുതിയിട്ടുണ്ട്. ഇതുകൂടാതെ അനേകം സാഹിത്യസംബന്ധിയായ കൃതികളും ബാലസാഹിത്യ കൃതികളും പന്മനയുടേതായിട്ടുണ്ട്.

കൊല്ലം ജില്ലയിലെ പന്മനയില്‍ എന്‍. കുഞ്ചു നായരുടേയും എന്‍. ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി 1931 ആഗസ്ത് 13ന് ജനിച്ചു. സംസ്‌കൃതത്തില്‍ ശാസ്ത്രിയും ഭൗതികശാസ്ത്രത്തില്‍ ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1957ല്‍ മലയാളം എം.എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദവര്‍മ്മ സ്മാരക സമ്മാനം നേടി. ഭാര്യ: കെ എന്‍ ഗോമതി അമ്മ. മക്കള്‍: ഹരീന്ദ്ര കുമാര്‍. ഡോ. ഉഷാകുമാരി, മഹേന്ദ്ര കുമാര്‍. മരുമക്കള്‍: ശ്രീലേഖ, എം. രാജ്കുമാര്‍, ജയശ്രീ. കൊച്ചുമക്കള്‍: വിനായക്, അനഞ്ജന, നന്ദകിഷോര്‍, ജയകിഷോര്‍, ഗൗരി, ഗോപിക.

വിദ്യാര്‍ത്ഥി കാലത്തുതന്നെ പന്മന മലയാളത്തിലും സംസ്‌കൃതത്തിലും കവിതാരചന നടത്തുകയും മാസികകള്‍ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം രണ്ടുകൊല്ലം മലയാളം ലക്‌സിക്കണില്‍ ആയിരുന്നു. 1960ല്‍ വകുപ്പധ്യക്ഷന്‍ പ്രൊഫ. എസ് ഗുപ്തന്‍ നായരുടെ കീഴില്‍ പാലക്കാട് വിക്ടോറിയ കോളേജില്‍ മലയാള അധ്യാപകനായി. 1958ല്‍ ഗ്രന്ഥശാലാസംഘത്തില്‍ അംഗമാകുകയും രണ്ടാംവര്‍ഷത്തില്‍ ഗ്രന്ഥലോകത്തിന്റെ സഹപത്രാധിപര്‍ ആകുകയും ചെയ്തു. പാലക്കാട്, ചിറ്റൂര്‍, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കലാലയങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1987ല്‍ യൂണിവേഴ്‌സിറ്റി കോളേജിലെ മലയാള വിഭാഗം അധ്യക്ഷനായിരിക്കെ വിരമിച്ചു. കേരളഗ്രന്ഥശാലാസംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ സമിതികളിലും, കേരള സര്‍വകലാശാലയുടെ സെനറ്റിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരിക്കെ സര്‍വകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാന്‍ അഞ്ചു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. 1987ല്‍ സര്‍വകലാശാലയുടെ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് സമിതിയംഗം എന്ന നിലക്ക് വിഖ്യാത ചരിത്രകാരന്‍ എ ശ്രീധര മേനോനെക്കൊണ്ട് സര്‍വകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ സമിതിയംഗവും 1991ല്‍ സ്ഥാപിച്ച പി കെ പരമേശ്വരന്‍ നായര്‍ ട്രസ്റ്റിന്റെ സ്ഥാപക അംഗവുമാണ് പന്മന. അദ്ദേഹം എഡിറ്ററും മാര്‍ഗ്ഗദര്‍ശിയുമായി പ്രവര്‍ത്തിച്ച ട്രസ്റ്റ് കഴിഞ്ഞ 29ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും മികച്ച ജീവചരിത്ര രചയിതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്തു. ക്ലാസിക്കല്‍ കലകളെ, പ്രത്യേകിച്ച് കഥകളിയെ, പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി 1972ല്‍ തുടങ്ങിയ ദൃശ്യവേദിയിലും അദ്ദേഹം സജീവ പ്രവര്‍ത്തകനായിരുന്നു.

2010ല്‍ പുറത്തു വന്ന സ്മൃതിരേഖകള്‍ എന്ന ആത്മകഥ തന്റെ അമ്മ ലക്ഷ്മികുട്ടി അമ്മയ്ക്കും അമ്മൂമ്മ നാരായണിയമ്മയ്ക്കുമാണ് പന്മന സമര്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ രണ്ടുപേരുമാണ് കുട്ടിക്കാലത്ത് പന്മനയ്ക്ക് ഐതിഹിത്യങ്ങളുടെ കലവറ തുറന്നു കൊടുത്തത്. മലയാള ഭാഷാ പണ്ഡിതരും നിരൂപകരുമായ പ്രൊഫ. എസ് ഗുപ്തന്‍ നായര്‍, പ്രൊഫ. ജി ബാലകൃഷ്ണന്‍ നായര്‍, ഇളംകുളം കുഞ്ഞന്‍ പിള്ള എന്നിവരുമായി ദീര്‍ഘകാലം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.

പന്മന 20 പുസ്തകങ്ങള്‍ രചിച്ചു. ഇവയില്‍ ഭാഷാസംബന്ധിയായ അഞ്ചെണ്ണവും അഞ്ച് ബാലസാഹിത്യ കൃതികളും ഉള്‍പ്പെടും. ഭാഷാപുസ്തകങ്ങള്‍ ഉടലെടുത്തത് ക്ലാസ്മുറികളിലെ വിദ്യാര്‍ത്ഥിവൃന്ദത്തോടുള്ള ഇടപഴകലുകളില്‍ നിന്നും ചുറ്റുപാടുകളുടെ നിരന്തര നിരീക്ഷണത്തില്‍ നിന്നുമാണ്. ഇവയെ സമാഹരിച്ച് നല്ല ഭാഷ എന്ന ഒറ്റക്കൃതിയായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ ബാലസാഹിത്യകൃതികളും സമാഹരിക്കപ്പെട്ടിട്ടുണ്ട്.

തെറ്റും ശരിയും, ‘തെറ്റില്ലാത്ത മലയാളം’, ശുദ്ധമലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധിസംശയപരിഹാരങ്ങള്‍, നല്ല ഭാഷ (മുകളില്‍ പറഞ്ഞ അഞ്ചു പുസ്തകങ്ങളുടെ പരിഷ്‌കരിച്ച സമാഹാരം), പരിചയം (പ്രബന്ധ സമാഹാരം), നവയുഗശില്‍പി രാജരാജ വര്‍മ്മ, നളചരിതം ആട്ടക്കഥ (വ്യാഖ്യാനം), നൈഷധം (വ്യാഖ്യാനം), മലയവിലാസം (വ്യാഖ്യാനം), ആശ്ചര്യചൂഡാമണി (വിവര്‍ത്തനം), നാരായണീയം (വിവര്‍ത്തനം)
മഴവില്ല്, ഊഞ്ഞാല്‍, പൂന്തേന്‍, ദീപശിഖാകാളിദാസന്‍, അപ്പൂപ്പനും കുട്ടികളും എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Comments are closed.