പാല്‍ഞരമ്പ്; പ്രണയത്തിന്റെ അമ്പത്തിയൊന്നു ഭാവങ്ങള്‍

pal-1നവ ആത്മീയത അഥവാ സ്‌ത്രൈണ ആത്മീയത എന്നുവിശേഷിപ്പിക്കാവുന്ന കവിതകളാണ് റോസി തമ്പിയുടേത്. വിമോചിതയോ, വിമോചനം ആഗ്രഹിക്കുന്നവളോ ആയ ഒരു സ്ത്രീയുടെ ഏകാന്തകലാപമാണ് സ്‌ത്രൈണ ആത്മീയത. ഇതുതന്നെയാണ് റോസി തമ്പിയുടെ പാല്‍ ഞരമ്പ് എന്ന ഏറ്റവും പുതിയ കവിതാ സമാഹാരത്തിലും കാണാന്‍ കഴിയുന്നത്. സ്ത്രീയുടെ പ്രണയത്തിന്റെ വിഭിന്ന മുഖങ്ങളും ഈ കവിതകളില്‍ കണ്ടെത്താനാകും. പ്രണയത്തിന്റെ അമ്പത്തിയൊന്നു ഭാവങ്ങള്‍ ഇതിലെ കവിതകളില്‍ കണ്ടെത്താമെന്ന് നിരൂപകയും എഴുത്തുകാരിയുമായ എം ലീലാവതി അവതാരികയില്‍ സൂചിപ്പിച്ചിരിക്കുന്നു. മാത്രമല്ല, വാക്കിന്റെ തീവഴിയും മഴവഴിയും ഒത്തുചേരുന്ന കവിതകള്‍, വര്‍ണ്ണത്തിന്റെ തീവഴിയും മഴവഴിയും ഒത്തുചേരുന്ന ചിത്രങ്ങള്‍. ഇവയുടെ സമാനമായ സങ്കസ്വഭാവമുള്ള ആട്ടങ്ങള്‍, പാട്ടുകള്‍. അതീവധ്വനിസാന്ദ്രമായ ഭാഷ. ആര്‍ദ്രയുടെ പാലൊഴുക്ക് ശുഭകരമായ ദശാപരിണാമത്തിന്റെ സൂചകങ്ങളാണ് റോസി തമ്പിയുടെ കവിതകള്‍. മനുഷ്യകുലത്തേക്കുറിച്ചുള്ള റോസിയുടെ ദര്‍ശനമാണത് എന്നും എം ലീലാവതി അഭിപ്രായപ്പെടുന്നു.

എന്റെ കവിത, പാല്‍ ഞരമ്പ്, ഹാഗാര്‍, വെളിച്ചം, ഇനിയും വെളിപ്പെടാത്ത വചനം. ഒരുത്തി,ദേവത, പ്രണയം ഒരു ഇരുണ്ട തീഗോളം, പച്ച തുടങ്ങി അറുപതിലധികം കവിതകളുടെ സമാഹാരമാണ് പാല്‍ഞരമ്പ്.

ഒരു വശത്ത് അമ്പത്തൊന്നു വെട്ടുകള്‍കൊണ്ട് മനുഷ്യന്റെ ചോരവാര്‍ന്നൊഴുകുമ്പോള്‍ മറുവശത്ത് ഒരമ്മയുടെ ഞെരമ്പുകളിലൂടെ തീനിറമുള്ള പൂക്കള്‍ നക്ഷത്രങ്ങളായി വിടര്‍ന്നു പാലൊഴുക്കായിതീരേണ്ടതുണ്ടെന്ന് കവയിത്രി പറയുന്നു. പാല്‍ഞരമ്പ് എന്ന കവിതയിലൂടെ അവര്‍ പറയുന്നതും അതാണ്.

“ഇടംകൈയില്‍ പാല്‍ചുണ്ടിന്റെ തിളക്കം
വലംകൈയില്‍ ഉഷ്ഃകാലനക്ഷത്രം
ശിരസ്സില്‍ മുടിപ്പൂവായി സൂര്യചന്ദ്രന്‍മാര്‍
സര്‍പ്പശിരസ്സില്‍ നൃത്തമാടുന്നു ഒരമ്മ”

കാളിയമര്‍ദ്ദത്തെയും മാരിയമ്മന്‍ നൃത്തത്തെയും ഒരൊറ്റ കാവ്യബിംബത്തില്‍ സങ്കലനം ചെയ്ത്പ്രണയമെന്ന ദൈവത്തിന് ഒരു നവാവതാരരൂപം നല്‍കുകയാണ് റോസി തമ്പി ഈ കവിതയിലൂടെ. എന്നാല്‍ ‘മണ്ണിര’ എന്ന കവിതയിലൂടെ ദുരിത സുന്ദരമായ ഒരു palnjarampuഇതിഹാസത്തെ വരച്ചുകാട്ടാനാണ് ശ്രമിക്കുന്നത്. കാവുകാക്കുന്ന പെരുംനാഗവും, മീന്‍ പിടിക്കാന്‍ ഒടുന്ന കുട്ടികളും.. കര്‍ഷകരുമെല്ലാം ഇതിലെ കഥാപാത്രങ്ങളായി ഉയര്‍ന്നുവരുന്നു. അതേസമയം ‘മരച്ചുവടെ’ന്ന കവിതയില്‍ ദൈവപുത്രനുണ്ട്. ബുദ്ധന്റെ ഉപദേശപ്രകാരം എല്ലാവീടുകള്‍ത്തോറും കടുക്കരിക്കാന്‍ പോയ സുജാതയും ഉണ്ട്. വെരോനിക്ക എന്ന കവിതയില്‍ യേശുപുത്രനെ പ്രണയിച്ച വെറോനിക്കയുടെ മിഴിവാര്‍ന്ന ചിത്രവും കാണാം. ഇങ്ങനെ എല്ലാ കവിതയിലും പ്രണയത്തിന്റെയും…നവആത്മീയതയുടെയും വിഭിന്ന മുഖങ്ങള്‍ അവതരിപ്പിക്കുകയാണ് റോസി തമ്പി.

1965 ല്‍ തൃശ്ശൂരിലെ പുന്നംപറമ്പില്‍ ജനിച്ച റോസി തമ്പി മച്ചാട് ഗവ. ഹൈസ്‌കൂള്‍, വടക്കാഞ്ചേരി വ്യാസ കോളേജ്, തൃശ്ശൂര്‍ വിമല കോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസവും 1994 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും പി. എച്ച്. ഡി. ബിരുദം നേടി. ഇപ്പോള്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ റീഡര്‍ (മലയാളം). 2009 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള ഡോ. എം. വി. ലൈലി അവാര്‍ഡ് ലഭിച്ചു. തത്വം, ഭാഷ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ നടത്തിയിട്ടുണ്ട്.

Categories: Editors' Picks, LITERATURE

Related Articles