‘ഖസാക്കിന്റെ ഇതിഹാസ’ത്തിന് ശില്പാവിഷ്‌കാരം ഒരുങ്ങുന്നു

 

khasakk1

ഖസാക്കിന്റെ ഇതിഹാസം ചെവിക്കൊണ്ട ഓരോ തലമുറയ്ക്കും അറിയാം, കൂമന്‍കാവില്‍ ബസിറങ്ങിയ രവിയെയും ഓത്തുപള്ളിയിലിരുന്നു കഥപറയുന്ന അള്ളാപ്പിച്ചാമൊല്ലാക്കയെയും അപ്പുക്കിളിയെയും മൈമുനയെയും എല്ലാം. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തു തുന്നിയ കൂട്ടില്‍ ഇവര്‍ക്ക് ഇനി പുനര്‍ജന്മം. ജന്മാന്തരങ്ങളുടെ ഇളംവെയിലില്‍ പറന്നകലുന്ന തുമ്പികളും കല്പ്പവൃക്ഷത്തിന്റെ കരിക്കിന്‍തുണ്ടു കളും ശ്രുതിഭേദങ്ങളില്ലാതെ പെയ്യുന്ന മഴയും ഇനി ഇതിഹാസഭൂമിയുടെ കാഴ്ചവട്ടങ്ങളില്‍ പുതിയ രൂപത്തിലുണ്ടാകും..!

ഒ.വി. വിജയന്റെ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലെ സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കരിങ്കല്ലില്‍ പുനര്‍ജനിക്കുന്ന അപൂര്‍വ്വകാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് തസ്രാക്ക് എന്ന പാലക്കാടന്‍ ഗ്രാമം. ഒ.വി. വിജയന്‍ സ്മാരകസമിതിയുടെ നേതൃത്വത്തില്‍ തസ്രാക്കിലൊരുക്കുന്ന ശില്പവനത്തില്‍ ആദ്യശില്പം ബുധനാഴ്ച സ്ഥാപിക്കും. പ്രശസ്ത ശില്പികളായ വി.കെ. രാജന്‍, ജോസഫ് എം വര്‍ഗ്ഗീസ്, പി എച്ച് ഹോചിമിന്‍, ജോണ്‍സ് മാത്യു എന്നിവരാണ് നോവലുമായി ബന്ധപ്പെട്ട് നൂറ്റൂയെട്ട് ശില്പങ്ങള്‍ കരിങ്കല്ലില്‍ കൊത്തിയെടുത്തത്.

സംസ്ഥാന സാംസ്‌കാരികവകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. തസ്രാക്കിലെ ഞാറ്റുപുരയുടെ കവാടംതൊട്ട് അറബിക്കുളംവരെയാണ് മൂന്നടി ഉയരമുള്ള കല്‍ത്തൂണുകളില്‍ ശില്പങ്ങള്‍ സ്ഥാപിക്കുക. കവാടത്തിന് പശ്ചാത്തലമായി കരിമ്പനകളുടെ ശില്പങ്ങളുണ്ടാവും. 2013ല്‍ പാലക്കാട് ഡി.ടി.പി.സി. അങ്കണത്തില്‍ സ്ഥാപിക്കാനാണ് ശില്പങ്ങളുടെ പണി തുടങ്ങിയത്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ട് നടപ്പായില്ല. പിന്നീട് അത് തസ്രാക്കിലേക്ക് മാറ്റുകയായിരുന്നു. 30 നാണ് ശില്പവനത്തിന്റെ ഉദ്ഘാടനം.

‘കഥാപാത്രങ്ങളെ ശില്പങ്ങളാക്കുക ശ്രമകരമായിരുന്നു. ഇതിനായി ശില്പികള്‍ പലവട്ടം തസ്രാക്ക് സന്ദര്‍ശിച്ചു. വിജയന്റെ കഥാപാത്രങ്ങള്‍ക്ക് രൂപഭാവങ്ങള്‍ നല്‍കാന്‍പ്രദേശത്തെ ജനങ്ങളുടെ ശരീരഘടനാശാസ്ത്രവും ജീവിതരീതികളും നിരീക്ഷിച്ചു. ഓരോ വായനക്കാരന്റെയും മനസ്സില്‍ ഓരോ കഥാപാത്രത്തിനും വ്യത്യസ്തമുഖങ്ങളാണ്. അനേകായിരംമൈമുനമാര്‍, അപ്പുക്കിളിമാര്‍, കുഞ്ഞാമിനമാര്‍…വായനക്കാരുടെ സങ്കല്പങ്ങള്‍ക്കും ശില്പങ്ങള്‍ക്കുമിടയിലെ വിടവ് പൂരിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളി’ ഹോചിമിന്‍ പറഞ്ഞു.

ഞാറ്റുപുരയുടെ ഇടനാഴികളില്‍ വിജയന്‍ വരച്ചതും വിജയനെക്കുറിച്ചുള്ളതുമായ കാര്‍ട്ടൂണുകള്‍, ചിത്രങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കും. നോവലിന് ദീപന്‍ ശിവരാമനൊരുക്കിയ നാടകാവിഷ്‌കാരവും തസ്രാക്കിന്റെ മണ്ണില്‍ അരങ്ങേറും.

തസ്രാക്കില്‍ ഇപ്പോള്‍ നടക്കുന്ന ചിത്രകലാക്യാമ്പില്‍ രചിക്കുന്ന പെയിന്റിങ്ങുകള്‍ ഒ.വി. വിജയന്‍ സ്മാരകഹാളില്‍ പ്രദര്‍ശിപ്പിക്കും. ആദ്യഘട്ടത്തില്‍ അമ്പതുലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ കലാകാരന്മാര്‍ക്ക് താമസിച്ച് കലാവിഷ്‌കാരം നടത്താന്‍ അഞ്ച് കോട്ടേജുകളും ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും നിര്‍മിക്കുമെന്ന് സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍ അറിയിച്ചു.