DCBOOKS
Malayalam News Literature Website

എക്കാലവും വായിക്കപ്പെടുന്ന പത്മരാജന്‍ കൃതികള്‍ സ്വന്തമാക്കാം

‘ഞാന്‍ ഗന്ധര്‍വ്വന്‍…ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി…’

പത്മരാജന്‍  തന്റെ വിഖ്യാതമായ തിരക്കഥയില്‍ കഥാപാത്രത്തിന് വേണ്ടി മാത്രം സൃഷ്ടിച്ച  ഡയലോഗല്ല ഇത്. രതിയുടെയും പ്രണയത്തിന്റെയും കലാവിഷ്‌കരണങ്ങളില്‍ ആ പ്രതിഭയും ഇങ്ങനെയൊരു ഗന്ധര്‍വ്വസാന്നിദ്ധ്യമായിരുന്നു. ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും സമാഹരിച്ച അനുഭവങ്ങളുടെ അടുപ്പം രചനകളില്‍ സൂക്ഷിക്കുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച രചയിതാവ്. പ്രണയത്തിന്റെ ശാരീരികവും സാമൂഹികവുമായ തലങ്ങള്‍ പത്മരാജന്‍ അനശ്വരമായി ആവിഷ്‌കരിച്ചു. തന്റെ കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം പറഞ്ഞത് മനുഷ്യമനസ്സുകളിലെ ആത്മബന്ധമാണ്. ഈ കഥകളില്‍ പലതും ചലച്ചിത്ര രൂപം പ്രാപിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളില്‍ സര്‍ഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ അദ്ദേഹം സഞ്ചരിച്ചു. അക്ഷരാര്‍ത്ഥത്തില്‍ സിനിമയുടെയും സാഹിത്യത്തിന്റെയും ഗന്ധര്‍വ്വനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ചില കൃതികളിലൂടെ

1.ഒരിടത്തൊരു ഫയല്‍വാന്‍

മലയാളസിനിമയില്‍ യുവത്വത്തിന്റെ ആഘോഷമായി മാറിയ പത്മരാജന്‍ സിനിമകളിലൊന്നിന്റെ തിരക്കഥാരൂപമാണ് ഇത്. മനുഷ്യബന്ധത്തിന്റെ സങ്കീര്‍ണ്ണതകളും വൈകാരികാവസ്ഥകളും രതിയും പ്രതികാരവുമെല്ലാം ചേരുന്ന ഒരു ഗ്രാമീണ കഥ. കോലാലംപൂരില്‍ വെച്ചു നടന്ന 27-ാമത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല ചിത്രത്തിനും ഏറ്റവും നല്ല തിരക്കഥയ്ക്കുമുള്ള സ്വര്‍ണ്ണട്രോഫികള്‍ നേടി. കേരളാ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ഏറ്റവും നല്ല തിരക്കഥയ്ക്കുള്ള സമ്മാനവും ലഭിച്ചിട്ടുണ്ട്.

2.കള്ളന്‍ പവിത്രന്‍

പത്മരാജന്റെ സംവിധാനത്തില്‍ 1981-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കള്ളന്‍ പവിത്രന്‍. പത്മരാജന്റെ തന്നെ ഇതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ ചിത്രം. പത്മരാജന്റെ ആദ്യകാലചിത്രങ്ങളിലൊന്നായ കള്ളന്‍ പവിത്രന്‍ വന്‍വിജയമായതോടെ അദ്ദേഹം മുഖ്യധാരാ സിനിമയുടെ ഭാഗമായി മാറി. ഒരു കള്ളനും കൗശലക്കാരനായ ഒരു വ്യാപാരിയും തമ്മില്‍ കണ്ടുമുട്ടുന്നതും അവിടെ വച്ചുണ്ടായ ഒരു സംഭവത്തോടെ കള്ളന്റെ ജീവിതമാകെ മാറിമറിയുന്നതുമാണ് ഇതിലെ കഥാതന്തു.

3.രതിനിര്‍വ്വേദം

നിഷ്‌കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകര്‍ഷണത്തിന്റെയും ഉന്മാദങ്ങളില്‍പ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കുവാന്‍ വെമ്പുന്ന യൗവനത്തിന്റെ ത്വരയുടെ ശക്തമായ ആവിഷ്‌കാരമാണ് രതിനിര്‍വ്വേദമെന്ന നോവല്‍.

4.ലോല

യശഃശരീരനായ നിരൂപകന്‍ കെ.പി.അപ്പന്‍ മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി ഒരിക്കല്‍ തെരഞ്ഞെടുത്ത ലോല ഉള്‍പ്പെടെ പതിനെട്ട് പ്രണയകഥകളുടെ അപൂര്‍വ്വ സമാഹാരമാണ് ഈ കൃതി.

5.തകര

ഓരോ പുതുമഴയിലും കരുത്തോടെ കുരുത്തുവരുന്ന നാടന്‍ തകര പോലെ ഓരോ കാലത്തിന്റെ കഥപ്പെരുക്കങ്ങള്‍ക്കിടയിലും നിവര്‍ന്നു നില്‍ക്കുന്ന പത്മരാജന്റെ വിശ്രുതരചന. കഥയ്ക്കും ചലച്ചിത്രത്തിനുമപ്പുറം അനുഭൂതി പകരുന്ന തകരയുടെ ഗ്രാഫിക് നോവല്‍ രൂപത്തിലുള്ള ചിത്രീകരണമാണ് ഈ കൃതി.

6.തൂവാനത്തുമ്പികള്‍

ഉദകപ്പോളയെന്ന നോവലിനെ ആധാരമാക്കി പത്മരാജന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തൂവാനത്തുമ്പികള്‍. ഉദകപ്പോളയില്‍ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണന്‍ എന്ന ഒറ്റ കഥാപാത്രമായി ഇതില്‍ പത്മരാജന്‍ സംയോജിപ്പിച്ചിരിക്കുന്നു. നാട്ടിന്‍പുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങള്‍ ജയകൃഷ്ണന്‍ എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു.

7.പ്രതിമയും രാജകുമാരിയും

മായികമായ ഒരു രചനാ ഇതിവൃത്തമാണ് പ്രതിമയും രാജകുമാരിയും എന്ന കൃതിയെ മറ്റു പത്മരാജന്‍ കൃതികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്. പ്രതീക്ഷകളില്ലാത്ത, ദുരന്തബോധം വേട്ടയാടുന്ന മനുഷ്യമനസിന്റെ സങ്കീര്‍ണ്ണഭാവം ഒരു തമാശക്കോട്ടയില്‍ സംഭവിക്കുന്ന അത്ഭുതത്തിന്റെ ചിത്രങ്ങളിലൂടെ പത്മരാജന്‍ ഈ കൃതിയിലൂടെ ആവിഷ്‌ക്കരിക്കുന്നു.

8.പെരുവഴിയമ്പലം

എന്നും കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന, മുന്‍കൂട്ടി തിരിച്ചറിയാനാകാത്ത ജീവിതമെന്ന സമസ്യ ഒരുപറ്റം ഗ്രാമീണമനുഷ്യരുടെ കഥയിലൂടെ അനശ്വരമായി ആവിഷ്‌കരിക്കുന്ന നോവലാണ് പെരുവഴിയമ്പലം.

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പത്മരാജന്റെ ശ്രദ്ധേയമായ രചനകളായ രതിനിര്‍വ്വേദം, പ്രതിമയും രാജകുമാരിയും, പെരുവഴിയമ്പലം എന്നീ നോവലുകളും ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, തൂവാനത്തുമ്പികള്‍ എന്നീ തിരക്കഥകളും തകരയെന്ന ഗ്രാഫിക് നോവലും ലോലയെന്ന ചെറുകഥാസമാഹാരവും ഇപ്പോള്‍ ഒരുമിച്ച് വിലക്കുറവില്‍ വായനക്കാര്‍ക്ക് സ്വന്തമാക്കാം.

പത്മരാജന്‍ സ്‌പെഷ്യല്‍ ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറില്‍ നിന്നും വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

 

Comments are closed.