DCBOOKS
Malayalam News Literature Website

‘ജീവന്റെ പിടച്ചില്‍’

ഒരവധിക്കാലത്ത് തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക് സെന്ററില്‍നിന്നാണ് ഞാന്‍ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങള്‍’ സ്വന്തമാക്കുന്നത്. More than ever before better than ever before, Love Christ എന്ന ആമുഖ വാചകത്തോടെ ആരംഭിക്കുന്ന ആ കൃതിയുടെ പാതിയിലധികം താളുകള്‍ തിരുവനന്തപുരത്തെ ബന്ധുവീട്ടിലിരുന്ന് ആ ദിവസം സായാഹ്നത്തിനു മുന്നേതന്നെ ഞാന്‍ വായിച്ചു തീര്‍ത്തു. അതുവരെ ഉണ്ടായിരുന്ന ഞാനല്ല, ഇനിമുതല്‍ ഉണ്ടാവുക എന്ന് ആ ദിവസം ഞാന്‍ തിരിച്ചറിഞ്ഞു.

വായനയുടെ ഏതു ഘട്ടത്തില്‍ വച്ചാവും ഒരെഴുത്തുകാരന്‍ നമുക്ക് അത്രയും പ്രിയപ്പെട്ടവനായി തീരുക? പിന്നെ അയാള്‍ എഴുതിയതൊക്കെയും തേടിപ്പിടിച്ച് വായിക്കാന്‍ ഭ്രാന്തമായ ഒരഭിനിവേശം ഉണ്ടാവുക? എത്ര വായിച്ചാലും അയാളെ ഒട്ടും മടുക്കാതിരിക്കുക? ഓരോ പുതിയ കൃതിയിലൂടെ കടന്നുപോകുമ്പോഴും കൂടുതല്‍ കൂടുതല്‍ പ്രിയം തോന്നുക? ഓരോ വായനക്കാരനും അങ്ങനെ നെഞ്ചില്‍ കൊളുത്തി വലിച്ച ഒരു പ്രിയപ്പെട്ട എഴുത്തുകാരന്‍ ഉണ്ടാവും അല്ലേ? നമ്മുടെയും അയാളുടെയും ഏതോ ചില അഭിരുചികള്‍ തമ്മില്‍ സംഗമിക്കുന്ന ഒരു വേളയിലാവാം ആ കണ്ടെത്തല്‍ സംഭവിക്കുക. തനിക്കു പറയാനുള്ളത് മറ്റൊരാള്‍ ഏറ്റവും മനോഹരമായി പറഞ്ഞു വച്ചിരിക്കുന്നത് വായിക്കുമ്പോഴോ താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത് മറ്റൊരാളുടെ വാക്കുകളില്‍ നിഴലിച്ച് കാണുമ്പോഴോ സാധാരണമായിപ്പോകാമായിരുന്ന കഥാസന്ദര്‍ഭങ്ങളെ പ്രതിഭയുടെ അത്ഭുതകരമായ കരസ്പര്‍ശത്താല്‍ കാലാനുവര്‍ത്തി ആക്കിത്തീര്‍ക്കുന്ന മാന്ത്രികവിദ്യ ആസ്വദിക്കുമ്പോഴോ ഒക്കെയാവാം ഇതാ ഞാനെന്റെ എഴുത്തുകാരനെ കണ്ടെത്തിയിരിക്കുന്നു എന്ന് ലോകത്തിനോട് വിളിച്ചു പറയാനുള്ള തോന്നല്‍ നമുക്കുണ്ടാവുക. വായനയുടെ ഏതു ഘട്ടത്തിലും അത് സംഭവിക്കാം എന്ന് തോന്നുന്നു. അങ്ങനെ അദ്ഭുതകരമായ ഒരു കണ്ടുമുട്ടല്‍ തേടിയല്ലേ യഥാര്‍ത്ഥത്തില്‍ നാം ഓരോരുത്തരും ഓരോ പുതിയ പുസ്തകങ്ങളിലേക്കും ഇറങ്ങിച്ചെല്ലുന്നത്. ചിലപ്പോഴെങ്കിലും ഇല്ല, എന്നെ തൃപ്തിപ്പെടുത്തുന്ന ഒന്നും ഇതിനുള്ളിലില്ല എന്ന നിരാശയോടെ തിരിച്ചു കയറിപ്പോരേണ്ടിയും വരും. ഏറ്റവും അപൂര്‍വ്വമായി മാത്രമാവും അങ്ങനെ ഒരു പുസ്തകമോ എഴുത്തുകാരനെയോ നമ്മുടെ വായനാകാലത്തില്‍ നാം കണ്ടെത്തുക. അങ്ങനെയെങ്കില്‍ ഞാനെന്റെ വായനയില്‍നിന്നും കണ്ടെത്തിയ എഴുത്തുകാരന്‍ കസന്‍ദ് സാക്കീസ് തന്നെ.

കസന്‍ദ് സാക്കീസ് എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാ യിത്തീരുന്നതില്‍ സ്വഭാവികമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒരു മദ്ധ്യതിരുവിതാംകൂര്‍ നസ്രാണി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്തുവും ബൈബിളും എപ്പോഴും ജീവിതത്തിന്റെ ഒരു അവിഭാജ്യഘടകമായിരുന്നിട്ടുണ്ട്. കൗമാരത്തിലേക്കു കടന്നതോടെ വിശുദ്ധ ഗ്രന്ഥം എന്ന പദവി വിട്ട് എന്നെ അലട്ടുന്ന ഒരു പുസ്തകമായി ബൈബിള്‍ മാറിക്കഴിഞ്ഞിരുന്നു. ക്രിസ്തുവിന്റെ ജീവിതമാകട്ടെ തീരാത്ത പ്രഹേളികയും. അതുകൊണ്ടുതന്നെ മറ്റ് വായനയുടെ തുടക്കകാലത്തുതന്നെ ബൈബി ളിനു പുറത്ത് ക്രിസ്തുവിനെ അന്വേ ഷിക്കുന്ന തരം പുസ്തകങ്ങള്‍, അവന്റെ ദൈവത്വം എന്ത്, ആളത്വം എന്ത്, ഇവ തമ്മില്‍ സംഗമിക്കുന്ന ഇടമേത്, സുവിശേഷങ്ങളിലെ സംഭവവിശദീകരണങ്ങളിലെ വൈരുദ്ധ്യങ്ങള്‍ക്കു കാരണമെന്ത്, ചരിത്രത്തില്‍ അവന്റെ സ്ഥാനം എവിടെ അടയാളപ്പെടുത്തിയിരിക്കുന്നു, അവന്റെ രഹസ്യവര്‍ഷങ്ങള്‍ അവന്‍ എവിടെയാവാം ചെലവഴിച്ചത്? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന തരം ഗ്രന്ഥങ്ങള്‍ എന്റെ വായനയില്‍ സ്ഥാനം പിടിച്ചു. അങ്ങനെയാണ് Jesus the man, The Messianic legacy, The Passover Plot, The holy blood and holy grail, Jesus of the apocalypse, The unauthorized version തുടങ്ങി അനേകം ഗ്രന്ഥങ്ങള്‍ എന്റെ പുസ്തകശേഖരത്തിനുള്ളില്‍ കയറിക്കൂടുന്നത്. അപ്പോഴൊന്നും കസന്‍ദ് സാക്കീസ് എന്നോടൊപ്പം വന്നുകൂടിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ആ പേര് എനിക്ക് പരിചിതമായിരുന്നു. ‘I said to the almondtree, Sister speak to me of God, the almondtree blossomed’ എന്ന മഹത്തരമായ ആത്മീയവചനം, ദൈവമേ ഞാനെന്തായി തീരുവാന്‍ നീ ആഗ്രഹിക്കുന്നുവോ എന്നെ നീ അതാക്കി തീര്‍ക്കേണമേ! എന്ന എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പ്രാര്‍ത്ഥന എന്നിവ എന്റെ ഡയറിയില്‍ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. എം. കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലവും കെ.പി. അപ്പന്റെയും ആഷാ മേനോന്റെയും ഹൃദ്യമായ ലേഖനങ്ങളും ശീലമാക്കിയ ഒരാള്‍ക്ക് കസന്‍ദ് സാക്കീസ് പരിചിതനാവാതെ തരമില്ലല്ലോ. പക്ഷേ, ബഹ്‌റൈന്‍ എന്ന കൊച്ചുരാജ്യത്തെ പരിമിതമായ പുസ്തകലഭ്യത കസന്‍ദ് സാക്കീസിന്റെ നോവലുകള്‍ വിദൂര നക്ഷത്രങ്ങള്‍പോലെ അവശേഷിക്കാന്‍ കാരണമായി.

ഒരവധിക്കാലത്ത് തിരുവനന്തപുരത്തെ മോഡേണ്‍ ബുക്ക് സെന്ററില്‍നിന്നാണ് ഞാന്‍ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനങ്ങള്‍‘ സ്വന്തമാക്കുന്നത്. More than ever before better than ever before, Love Christ എന്ന ആമുഖ വാചകത്തോടെ ആരംഭിക്കുന്ന ആ കൃതിയുടെ പാതിയിലധികം താളുകള്‍ തിരുവനന്തപുരത്തെ ബന്ധുവീട്ടിലിരുന്ന് ആ ദിവസം സായാഹ്നത്തിനു മുന്നേതന്നെ ഞാന്‍ വായിച്ചു തീര്‍ത്തു. അതുവരെ ഉണ്ടായിരുന്ന ഞാനല്ല, ഇനിമുതല്‍ ഉണ്ടാവുക എന്ന് ആ ദിവസം ഞാന്‍ തിരിച്ചറിഞ്ഞു. ക്രിസ്തുവിനെ പലതരത്തില്‍ വ്യാഖ്യാനിക്കുന്ന പലതരം പുസ്തകങ്ങളിലൂടെ ഞാന്‍ അതിനു മുന്‍പ് കടന്നുപോയിരുന്നെങ്കിലും അവയൊന്നും ക്രിസ്തുവിന്റെ മാനസിക വ്യാപാരങ്ങളെ ഇത്ര ആഴത്തില്‍ പരിശോധിക്കുന്നവ ആയിരുന്നില്ല. എന്നാല്‍ ദൈവത്വത്തിനും മനുഷ്യത്വത്തിനും ഇടയിലുള്ള ഒരു നൂല്‍പ്പാലത്തിലൂടെ ക്രിസ്തു നടന്ന വഴികളത്രയും എത്ര തീക്ഷ്ണമായാണ് കസന്‍ദ് സാക്കീസ് വരച്ചിട്ടിരിക്കുന്നത്. അതിനുവേണ്ടി സാക്കീസ് ഉപയോഗിച്ചിരിക്കുന്ന പ്രാര്‍ത്ഥനയും വിലാപവും ഇഴചേര്‍ന്ന ഭാഷ. സുന്ദരമായ ഉപമകള്‍. വശ്യസുന്ദരമായ വാചകങ്ങള്‍. മനസ്സിനെ കൊത്തിവലിക്കുന്ന കഥാസന്ദര്‍ഭങ്ങള്‍. അവയുടെയെല്ലാം മനോഹാരിതയില്‍ ലയിച്ച് തിരുവനന്തപുരത്തെ ചോലമരപ്പാതകളിലൂടെ ഒരു ഉന്മാദിയെപ്പോലെ നടന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു.

ഓരോ മനുഷ്യന്റെയും ആത്മാവ് ദൈവത്തിലേക്ക് പായുന്ന ഒരു അമ്പാണ്, പക്ഷേ, നിശ്ചിതദൂരം താണ്ടിക്കഴിയുമ്പോള്‍ പ്രലോഭനങ്ങളുടെ പിടിയില്‍പെട്ട് അവയൊക്കെയും താഴേക്കുതന്നെ പതിക്കുന്നു എന്നു പറയുന്ന കീര്‍ക്കഗോറിന്റെ ഒരു വാചകമുണ്ട്. മാനവ ചരിത്രത്തില്‍ അപൂര്‍വ്വം ആളുകള്‍ക്കു മാത്രമേ പ്രലോഭനങ്ങളുടെ ആ മടക്കിവിളിയെ അതിജീവിച്ച് ദൈവത്തില്‍ ചെന്നു വിലയിക്കാനാവൂ. പ്രവൃത്തിയിലെ മഹത്ത്വംകൊണ്ട് അനശ്വരതയിലേക്ക് വളരണമോ ജീവിതത്തിലെ സാധാരണകള്‍ കൊണ്ട് അവനവനിലേക്കു ചുരുങ്ങണമോ എന്നത് ഓരോ മനുഷ്യനും നിത്യേന അഭിമുഖീകരിക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ഇത് ക്രിസ്തുവിന്റെ ജീവിതം മുഴുവന്‍ നിറഞ്ഞു നിന്ന ഭീകരാവസ്ഥ ആയിരുന്നു എന്നും, അതിനെ യേശു എങ്ങനെ നിരന്തരം നേരിട്ടും തോല്പിച്ചും ദൈവപുത്രന്‍ എന്ന പദവിക്ക് അര്‍ഹനായി എന്നും വരച്ചുകാണിക്കാനാണ് കസന്‍ദ് സാക്കീസ് ഈ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്. ആത്മാവിന്റെ ചോദനകളും ശരീരത്തിന്റെ ആസക്തികളും തമ്മിലുള്ള സംഘര്‍ഷമാണ് ജീവിതം. ദുര്‍ബലമായ ഒരു ആത്മാവിന് ശരീരത്തിന്റെ ആസക്തികളെ എതിര്‍ത്തു പിടിച്ചു നില്ക്കാനാവില്ല. പക്ഷേ, ക്രിസ്തു ആത്മാവില്‍ കരുത്തനായിരുന്നു. അവന്റെ ജീവിതത്തിലെ ഓരോ നിമിഷവും സംഘര്‍ഷങ്ങളും അതിന്മേലുള്ള വിജയവുമായിരുന്നു. ജീവിതംകൊണ്ട് യാതന അനു ഭവിക്കുന്നവന്റെ പ്രതീകം എന്ന നി ലയിലാണ് സാക്കീസ് ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. സ്ത്രീയുടെ രൂപത്തില്‍, അധികാരത്തിന്റെ രൂപത്തില്‍, സമ്പത്തിന്റെ രൂപത്തില്‍, വേദനയുടെ രൂപത്തില്‍, പ്രലോഭനങ്ങളുടെ രൂപത്തില്‍, ജീവിതാസക്തികള്‍ യേശുവിനെ വഴിതെറ്റിക്കാന്‍ എത്തിക്കൊണ്ടേയിരിക്കുന്നു. അതവനെ പിടിവിടുന്നതേയില്ല. എന്നാല്‍ യേശു വേദനയെയും പ്രലോഭനത്തെയും മരണത്തെയും ഭയപ്പെടുന്നില്ല. അതിന്റെ മുന്നില്‍ കീഴടങ്ങുന്നില്ല. അതിനെ ഒക്കെ അതിജീവിച്ച് മനുഷ്യന്‍ എന്ന പദവിയില്‍നിന്നും യേശു ദൈവികതയിലേക്ക് വളരുന്നു എന്നാണ് സാക്കീസ് പറയുന്നത്. ഇത് സാമ്പ്രദായിക ക്രിസ്തുവിശ്വാസങ്ങള്‍ക്കു കടകവിരുദ്ധമാണ്. ക്രിസ്തുവിലെ ദൈവികത പോരാട്ടങ്ങളിലൂടെ നേടിയതല്ല, ജന്മസിദ്ധമായി അവനു ലഭിച്ചതാണ് എന്നാണ് ക്രിസ്തീയ വിശ്വാസം. അതിനെ തന്റെ ആലോചനകളിലൂടെ വിചാരങ്ങളിലൂടെ സുവിശേഷങ്ങളുടെ വ്യത്യസ്തമായ വായനയിലൂടെ മാറ്റിയെഴുതുകയാണ് സാക്കീസ് ചെയ്യുന്നത്. ഇതിന്റെ രചനയില്‍ ഏര്‍പ്പെടുമ്പോള്‍ ക്രിസ്തുവിന്റെ ഓരോ തുള്ളി രക്തവും ഹൃദയത്തില്‍ ഇറ്റുവീഴുന്ന മധുരമായ വേദന താന്‍ അനുഭവിച്ചിരുന്നതായും അദ്ദേഹം എഴുതുന്നു…

തുടര്‍ന്ന് വായിക്കാം…

ബെന്യാമിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം മാര്‍ച്ച് ലക്കം പച്ചക്കുതിരയില്‍

Comments are closed.