DCBOOKS
Malayalam News Literature Website

ഐ.എന്‍.എക്‌സ് മീഡിയ കേസ്: പി.ചിദംബരം അറസ്റ്റില്‍

ദില്ലി: അതീവനാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം അറസ്റ്റില്‍. ബുധനാഴ്ച രാത്രി 9.45ഓടെയാണ് സി.ബി.ഐ അന്വേഷണസംഘം ദില്ലി ജോര്‍ബാഗിലെ വസതിയിലെത്തി പി.ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് കേസിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കി വസതിയില്‍ തിരികെയെത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്. കാറില്‍ സി.ബി.ഐ ആസ്ഥാനത്തെത്തിച്ച അദ്ദേഹത്തെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

അറസ്റ്റ് തടയാന്‍ സുപ്രീം കോടതിയില്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനു പിന്നാലെയായിരുന്നു രാത്രി 8.15ഓടെ ചിദംബരം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി വാര്‍ത്താസമ്മേളനം നടത്തിയത്. താന്‍ ഒളിച്ചുകളിയല്ല, നീതി തേടുകയാണ് ഇതുവരെ ചെയ്തതെന്ന് പറഞ്ഞ ചിദംബരം എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിങ്‌വിയും കപില്‍ സിബലിനും ഒപ്പമായിരുന്നു ചിദംബരം എത്തിയത്. വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഇരുവര്‍ക്കുമൊപ്പം ചിദംബരം വീട്ടിലേക്കു മടങ്ങി.

അരമണിക്കൂറിനകം സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചിദംബരത്തിന്റെ വീട്ടിലെത്തി. ഗേറ്റ് തുറക്കാതിരുന്നതിനാല്‍ ചില ഉദ്യോഗസ്ഥര്‍ മതില്‍ ചാടിക്കടന്നു. അവര്‍ ഗേറ്റ് തുറന്നതോടെ ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ച് ചിദംബരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസെത്തി നീക്കം ചെയ്യുകയും ചെയ്തിരുന്നു.

Comments are closed.