DCBOOKS
Malayalam News Literature Website

കര്‍ക്കടകക്കഞ്ഞി

കര്‍ക്കടകം ദുര്‍ഘടമാണെന്നാണ് വെപ്പ്. എന്നാല്‍ വരുംകാലത്തുള്ള സമ്പദ്‌സമൃദ്ധിയുടെ ആരംഭം കുറിക്കുന്ന കാലം കൂടിയാണിത്. മനസ്സും ശരീരവും വീടും പരിസരവും സംശുദ്ധമാക്കാനുള്ള പ്രകൃതിയുടെ ആഹ്വാനം. മുക്കുറ്റി വേരോടെ പറിച്ച് കഴുകിയരച്ച് പതിവായി നെറ്റിയില്‍ തൊടുന്ന പതിവുണ്ട്. ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്തുകൊണ്ട് വീടുകളില്‍നിന്നും ക്ഷേത്രങ്ങളില്‍നിന്നും രാമായണപാരായണം ഉണരുന്നു.

ധാതുക്കളും ജീവകങ്ങളും ഏറെയുള്ള ഇലക്കറികള്‍ പ്രധാനപ്പെട്ട പ്രകൃതിവിഭവങ്ങളാണ്. പത്തില കൊണ്ടുള്ള കറി കര്‍ക്കടകത്തില്‍ പ്രധാനമാണ്. താള്, തകര, കുമ്പളം, വെള്ളരി, മത്ത, ചീര, ചേന, പയറ്, ചേമ്പ്, ആനക്കൊടിത്തൂവ എന്നിവയുടെ ഇലകള്‍ ഔഷധമൂല്യം ഏറെയുള്ളവയാണ്. തകരയുടെ തലപ്പ് മാത്രം നുള്ളിയെടുത്ത് ചെറുതായി അരിയുന്നു. അതില്‍ ഉപ്പിട്ട് നന്നായി തിരുമ്പുന്നു. ഏങ്കിലേ അതിലെ ‘കട്ട്’ മാറിക്കിട്ടൂ. കുമ്പളം, വെള്ളരി, മത്ത, ചീര ഇവയുടെ ഇലകള്‍ അരിഞ്ഞ് ഉപ്പേരിയായോ കറിയായോ വയ്ക്കാവുന്നതാണ്. എന്നാല്‍ പയറ്റില വയ്ക്കുന്നത് അല്പം വ്യത്യസ്തമായാണ്. അതിലെ ഇല നുള്ളിയെടുത്ത് ചെറുതായി അരിഞ്ഞ് നന്നായി വേവിക്കുന്നു. അതിനുശേഷം അത് നന്നായി പിഴിഞ്ഞ് ഉലര്‍ത്തിയെടുത്ത് നാളികേരം ചിരകിയിട്ടാല്‍ അത് സ്വാദേറിയ ഒരു വിഭവമായിരിക്കും. പാടവരമ്പുകളില്‍ കാണുന്ന പൊന്നാങ്കണ്ണിയും പോഷകസമൃദ്ധമായ ഒരു ഇലക്കറിയായി ഉപയോഗിക്കാം.

ശരീരം രോഗത്തിനു കീഴടങ്ങുന്ന അവസ്ഥയില്‍ പഴമക്കാര്‍ പ്രതിരോധത്തിനുവേണ്ടി ഉണ്ടാക്കിയ ആഹാരമായിരിക്കുന്നു മരുന്നുകഞ്ഞി. കര്‍ക്കടകത്തില്‍ ഔഷധച്ചെടികള്‍ക്ക് ഇരട്ടിഗുണം വരുമെന്ന് പഴമക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ മരുന്നുകഞ്ഞി കര്‍ക്കടകത്തില്‍ കൂടുതല്‍ അനുകൂലമായിരിക്കുന്നു. അത് ശരീരത്തിലെ സകല ദോഷങ്ങളും ശമിപ്പിച്ച് ശക്തിയും ആരോഗ്യവും പ്രദാനം ചെയ്യുന്നു.

പൊടിയരിയും ഉലുവയും തിളയ്ക്കുന്ന വെള്ളത്തിലിട്ട് നന്നായി വെന്തു വരുമ്പോള്‍ ജീരകം, അയമോദകം, വെളുത്തുള്ളി, ചുവന്നുള്ളി മുതലായവ നാളികേരത്തോടൊപ്പം അരച്ചു ചേര്‍ക്കുന്നു. അതോടൊപ്പം തന്നെയാണ് കുറുന്തോട്ടി, ഇല്ലംകെട്ടി, ചെറൂള എന്നിവയുടെ വേര് അരച്ചുചേര്‍ക്കുന്നത്. ഇതിനായി അവയുടെ വേരെടുത്ത് നന്നായി കഴുകി അരച്ചെടുക്കുന്നു. അതിന്റെ പുറംതോല് മാത്രമാണ് അരച്ചെടുക്കുന്നത്. ഈ കൂട്ടുമരുന്നുകളെല്ലാം അരച്ചൊഴിച്ച് തിളച്ചുവരുമ്പോഴേക്കും വാങ്ങിവയ്ക്കണം. തിളച്ചു കവിഞ്ഞു പോയാല്‍ അതിന്റെ ഔഷധമൂല്യം നഷ്ടപ്പെടും.

(ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച നാട്ടറിവുകള്‍- നാട്ടുഭക്ഷണം എന്ന പുസ്തകത്തില്‍നിന്നും)

Comments are closed.