എസ് കെ പൊറ്റക്കാടിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം

sk-pottakad

എസ് കെ പൊറ്റക്കാട്. സഞ്ചാരസാഹിത്യത്തിൽ സമാനതകളില്ലാത്ത പ്രതിഭ. സാഹിത്യത്തെ യാത്രകളോടും യാത്രകളെ സാഹിത്യത്തോടും ചേർത്ത് നിർത്തിയ എഴുത്തുകാരൻ. തന്റെ കൃതികളിലൂടെ അദ്ദേഹം ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കും വായനക്കാരെ കൊണ്ടുപോയി.കാപ്പിരികളുടെ നാടും പാതിരാ സൂര്യന്റെ നാടും നെയിൽ നദിയും ബാലി ദ്വീപും കണ്ട്‌ സഞ്ചാരപ്രിയരായ വായനക്കാർ അത്ഭുതപ്പെട്ടു. ഡി സി ബുക്സിന്റെ നവോദ്ധാനകഥാപരമ്പരയിൽ ഉൾപ്പെട്ട കഥാസാഹിത്യത്തിന്റെ രാജശിൽപിയായ എസ് കെ പൊറ്റക്കാടിന്റെ ഏറ്റവും മികച്ച കഥകൾ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ‘ഒട്ടക’വും മറ്റു പ്രധാന കഥകളും.

എസ്. കെ. പൊറ്റെക്കാട്ട് എഴുതിയ ചെറുകഥകളിൽ ചിലത് ഡോ. കെ. എസ്. രവികുമാർ എഡിറ്റ് ചെയ്ത് 2003-ൽ ‘ഒട്ടക’വും മറ്റ് പ്രധാന കഥകളും എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പുസ്തകത്തിൽ ഒട്ടകം ,അന്തകന്റെ തോട്ടി, നദീതീരത്തിൽ ,ഏഴിലംപാല ,കാട്ടുചെമ്പകം, നിശാഗന്ധി ,കടവുതോണി ,മെയിൽ റണ്ണർ ,രഹസ്യം ,മലയാളത്തിന്റെ ചോര , ജയിൽ എന്നീ പതിനൊന്ന് ചെറുകഥകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

sk“ജീവിതത്തിലെ ഏതെങ്കിലും ഒരു മണ്‌ഡലത്തിലെ ഒരംശം അല്ലെങ്കില്‍ ഒരു സംഭവം വിവരിക്കാന്‍ കൂടുതല്‍ ശക്‌തി കിട്ടുക ചെറുകഥയ്‌ക്കാണ്‌. ഒരു അഗ്നിബിന്ദുകൊണ്ട്‌ ഇരുട്ടില്‍ ഒരു മായാവലയം സൃഷ്‌ടിക്കുക എന്നതാണ്‌ കഥാകൃത്തിന്റെ കഴിവ്‌. വളരെയേറെ അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്‌. ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്‌. വളരെ ചെറുപ്പത്തിലേ ഒരുപാട്‌ കഷ്‌ടപ്പാടുകളനുഭവിച്ചിട്ടുണ്ട്‌. ഈ അനുഭവങ്ങള്‍ക്കു പ്രകാശനം നല്‌കാന്‍ ചെറുകഥയെക്കാള്‍ നല്ലൊരുപാധി ഞാനിതുവരെ കണ്ടെത്തിയിട്ടില്ല.” പുസ്തകത്തിലെ പൊറ്റക്കാടിന്റെ വാക്കുകളാണിത്.

ഭാവാത്മകമായ ജീവിതരംഗങ്ങളുടെ കാല്പനികാവരണം ചാർത്തിയുള്ള അവതരണം , സാമൂഹിക ജീവിത വൈരുദ്ധ്യങ്ങളുടെ ഇത്തിരി അതിശയോക്തി കലർത്തിയുള്ള ആലേഖനം , വൈചിത്ര്യം പുലർത്തുന്ന കഥാപാത്രാവിഷ്കാരം , പ്രണയം ,വിഷാദം , നർമ്മം , തുടങ്ങിയ ഭാവങ്ങൾക്കു നൽകിയിരിക്കുന്ന പ്രാധാന്യം , അപൂർവ്വ ഭംഗിയാർന്ന പ്രകൃതിചിത്രണം ,കാവ്യാത്മകമായ ആഖ്യാനം ഇവയെല്ലാം ചേർന്ന് പൊറ്റക്കാട്ടിന്റെ കഥകൾ ഒരു കാലഘട്ടത്തിന്റെ ഈടിരിപ്പുകളായി തീർന്നു. ഒട്ടക’വും മറ്റു പ്രധാന കഥകളും എന്ന പുസ്തകത്തിന്റെ എട്ടാമത്തെ പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

Categories: Editors' Picks, LITERATURE