DCBOOKS
Malayalam News Literature Website

21 ദിവസംകൊണ്ട് ഓര്‍മ്മശക്തി ഇരട്ടിയാക്കാം

നിങ്ങളുടെ നിലവിലുള്ള ഓര്‍മ്മശക്തി 21 ദിവസംകൊണ്ട് ഇരട്ടിയാക്കാനുള്ള പ്രായോഗിക എളുപ്പവഴികളാണ് വിശ്വരൂപ് റോയ് ചൗധരി എഴുതിയ ഓര്‍മ്മശക്തി ഇരട്ടിയാക്കാം.

നമ്മുടെ മനസ്സിന് ഏത് സാഹചര്യത്തിലും പ്രവര്‍ത്തിക്കാന്‍തക്ക ബലം കൊടുക്കുന്നത് ഓര്‍മ്മയും ബുദ്ധിയുമാണ്. ഇതു രണ്ടും മനസ്സിന്റെ പ്രവര്‍ത്തനശക്തികളാണ്. സൂക്ഷ്മമായ ഓര്‍മ്മശക്തിയാണ് പഠിച്ച കാര്യങ്ങളെ യഥാസമയം പ്രയോജനപ്പെടുത്താന്‍ സഹായിക്കുന്നത്. പലരും ധരിച്ചിരിക്കുന്നതുപോലെ ഓര്‍മ്മ ജന്മസിദ്ധമായി ചിലര്‍ക്കുമാത്രം ലഭിക്കുന്ന അപൂര്‍വ കഴിവല്ല. നിരന്തരമായ അഭ്യാസത്തിലൂടെ ആര്‍ക്കും വളര്‍ത്തിയെടുക്കാവുന്ന മാനസികഗുണമാണെന്ന് വിശ്വരൂപ് റോയ് ചൗധരി എഴുതിയ ഓര്‍മ്മശക്തി ഇരട്ടിയാക്കാം എന്ന പുസ്തകം പഠിപ്പിക്കുന്നു. പുസ്തകത്തിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് എന്‍. ശ്രീകുമാര്‍ ആണ്.

പുസ്തകത്തില്‍ നിന്നും…

പഠിക്കാന്‍ ഉത്തമമായ സമയം

ഉറങ്ങാന്‍ പോവുകയും ഉണര്‍ന്നെഴുന്നേല്‍ക്കുകയും ചെയ്യുന്ന സമയത്തിന്റെയടിസ്ഥാനത്തില്‍ ആളുകള്‍ക്ക് പല സമയത്തും വിവിധതരം ഉന്മേഷനിലയാണുള്ളത്. താമസിച്ചുറങ്ങാന്‍ പോവുകയും താമസിച്ചെഴുന്നേല്‍ക്കുകയും ചെയ്യുന്ന വ്യക്തിക്ക്, നേരത്തേ കിടന്ന് നേരത്തേ എഴുന്നേല്‍ക്കുന്നയാളെ അപേക്ഷിച്ച് ചില നേരത്ത് മാനസികമായ സൂക്ഷ്മതയുണ്ടായിരിക്കും (mentally sharp).

രാത്രിയില്‍ എത്രമാത്രം ഉറങ്ങി, പകല്‍സമയത്ത് എപ്പോള്‍, എന്ത് ഭക്ഷിച്ചു, പ്രവര്‍ത്തന നിലവാരം എന്നിവയെ ആശ്രയിച്ച് ജാഗ്രതയുടെ മൂര്‍ധന്യനേര(peak time of alertness)വും അതിന്റെ നീളവും വ്യത്യാസപ്പെടാം. ഓരോ വ്യക്തിക്കും അയാളുടേതായ ജാഗ്രതാചക്രമുണ്ട്. നിങ്ങളുടെ ശേഷി പൂര്‍ണ്ണമായും വിനിയോഗിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ സ്വന്തം പാരമ്യങ്ങള്‍ കണ്ടെത്തിയേ മതിയാവൂ. നിങ്ങള്‍ക്ക് ഉന്മേഷവും വീര്യവും അനുഭവപ്പെടുന്ന സമയങ്ങള്‍ എഴുതിവയ്ക്കുക; ഏറ്റവും ക്ഷീണിതനാണെന്നു തോന്നുന്ന നേരങ്ങളും എഴുതിവയ്ക്കുക. ഏതാനും ദിവസത്തേക്ക് ഇതു ശ്രദ്ധിച്ചുകൊണ്ടിരിക്കണം.

നിങ്ങളുടെ സൂക്ഷ്മഗ്രാഹിത്വത്തിനും ബുദ്ധിഹീനതയ്ക്കും ഇടയിലുള്ള ക്രമം നിരീക്ഷിക്കാന്‍ നിങ്ങള്‍ക്കു കഴിയും. നിങ്ങളുടെ ഊര്‍ജ്ജശേഖരം അതിന്റെ പാരമ്യത്തിലെത്തി നില്ക്കുന്ന അവസ്ഥയില്‍ മാനസികമോ സര്‍ഗ്ഗാത്മകമോ ആയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുവാന്‍ അഥവാ ഓര്‍മ്മയുമായി ബന്ധപ്പെട്ട പ്രവൃത്തിയില്‍ മുഴുകാന്‍ ക്ലേശരഹിതമായി സാധിക്കുമെന്ന് എളുപ്പം കണ്ടെത്താനാവും. അതുകൊണ്ട്, നിങ്ങളുടെ ശേഷിയുടെ പരമാവധി പ്രയോജനം സിദ്ധിക്കുന്നതിനായി പ്രവര്‍ത്തനപരിപാടി പുനഃക്രമീകരിക്കാവുന്നതാണ്.
പരമാവധി ജാഗ്രത കണക്കാക്കിക്കൊണ്ട് ഓര്‍മ്മിക്കാനുള്ള ശേഷിയെ പാരമ്യത്തിലാക്കുക.

Comments are closed.