ഒഎന്‍വിയുടെ ഒന്നാം ചരമവാര്‍ഷികാചരണം ഫെബ്രുവരി 13ന്

O N Vഫെബ്രുവരി 13….മലയാളത്തിലെ കാവ്യസൂര്യന്‍ ഒഎന്‍വി കുറുപ്പ് മറഞ്ഞിട്ട് ഒരു വര്‍ഷം തികയുന്നു. മലയാളം ഒരിക്കലും മറക്കാത്ത കവിതയുടെ ആ സൂര്യതേജസ്സിനു സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ ഒഎന്‍വി പ്രതിഭാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ അക്ഷരകേരളം ഒരുങ്ങുന്നു.

തിരുവനന്തപുരം വഴുതക്കാട് ടാഗോര്‍തിയേറ്ററില്‍ കേരളസര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജി ദേവരാജന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 13ന് ഒഎന്‍വി അനുസ്മരണസമ്മേളനം സംഘടിപ്പിക്കുകയാണ്.

അനുസ്മരണസമ്മളത്തോടനുബന്ധിച്ച് രാവിലെ 9.30ന് കേരളസര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കുന്ന ഒ എന്‍ വിയുടെ ചിത്രങ്ങള്‍, കവിതകള്‍, ഗാനങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയുടെ ദൃശ്യശ്രാവ്യ പ്രദര്‍ശനവേദി കവി പ്രഭാവര്‍മ്മ ഉദ്ഘാടനം ചെയ്യും. രാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒഎന്‍വി കവിതകള്‍ ആലപിക്കുന്നതിലുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

രാവിലെ 10 മുതല്‍ ഒഎന്‍വി സ്മൃതിപൂജ സുഗതകുമാരി നിര്‍വ്വഹിക്കും. ജോര്‍ജ്ജ് ഓണക്കൂറിന്റെ അദ്ധക്ഷനാകും. തുടര്‍ന്ന് സുഗതകുമാരി, മധുസൂദനന്‍ നായര്‍, ഏഴാച്ചേരി തുടങ്ങിയവര്‍ പങ്കെടുക്കുന്ന കവിസമ്മേളനം ഉണ്ടാകും. ഉച്ചയ്ക്ക് അഞ്ചല്‍ ശബരിഗിരി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കുഞ്ഞുമനസ്സിലെ ഒഎന്‍വി എന്ന പുസ്‌കം ഏഴാച്ചേരി രാമചന്ദ്രന്‍ പ്രകാശനം ചെയ്യും. കവി മധുസൂദനന്‍ നായര്‍ ഏറ്റുവാങ്ങും.

ഒന്‍വിയുടെ കവിത അമ്മയുടെ നൃത്താവിഷ്‌കാരം, സ്മൃതിഗീതം, ഒഎന്‍വി ഗാനാഞ്ജലി എന്നിവയും നടത്തും. വൈകിട്ട് 5ന് സി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ എം ലീലാവതി അനുസ്മരണ പ്രഭാഷണം അവതരിപ്പിക്കും. ചടങ്ങില്‍ പ്രഭാവര്‍മ്മ രചിച്ച, ഒഎന്‍വി അവസാനമായി അവതാരികയെഴുതിയ ഹൈക്കു കവിതാസമാഹാരം തന്ത്രീലയ സമന്വിതം സി രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും.

വൈകിട്ട് 7 മുതല്‍ ജി ദേവരാജന്‍ ഫൗണ്ടേഷന്‍ അവതരിപ്പിക്കുന്ന ഒഎന്‍വി ഗാനാഞ്ജലിയും ഉണ്ടാകും.