സ്വാതന്ത്ര്യ ദിനത്തില്‍ നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണ്ണമണിയും

nayagra

ആഗസ്റ്റ് 15ന് നയാഗ്ര വെള്ളച്ചാട്ടം ത്രിവര്‍ണ്ണമണിഞ്ഞൊഴുകും. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായാണ് അമേരിക്കയിലെ നയാഗ്രാവെള്ളച്ചാട്ടത്തിന് ത്രിവര്‍ണ്ണമണിയുന്നത്. 15ന് ന്യൂയോര്‍ക്ക് സമയം രാത്രി 10 മണി മുതല്‍ 15 മിനിറ്റ് നേരമാണ് ഇന്ത്യയുടെ ദേശീയപതാകയുടെ നിറങ്ങളണിയുക. സമീപത്തെ ഇല്യുമനേഷന്‍ ടവറില്‍ നിന്നാണ് പ്രകാശം പകരുന്നത്. ഇന്ത്യന്‍ സമയം ആഗസ്റ്റ് 16ന് രാവിലെ ഏഴരമുതലായിരിക്കും ഇത്.

ബഫലോ സര്‍വകലാശാലയിലെ അഡ്മിസ്‌ട്രേറ്ററായ കൊല്ലം സ്വദേശി സിബു നായര്‍ മുന്‍കൈയെടുത്താണ് നയാഗ്രയെ ഇന്ത്യന്‍ ദേശീയ പതാകയുടെ നിറങ്ങളിലേക്ക് എത്തിക്കുന്നത്. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമാണ് ഇത്. ആഗോളതലത്തിലെ വിശിഷ്ടാവസരങ്ങളില്‍ നയാഗ്ര പാര്‍ക്ക് കമ്മിഷന്‍ വെള്ളച്ചാട്ടത്തിന് നിറംപകരാറുണ്ട്. പാര്‍ക്കിന്റെ ധനസമാഹരണത്തിനായും ഇങ്ങനെ ചെയ്യാറുണ്ട്.

അമേരിക്കയുടെയും കാനഡയുടെയും അതിര്‍ത്തിയിലാണ് നയാഗ്ര വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. സ്വാതന്ത്ര്യത്തിന്റെ സപ്തതി അവിസ്മരണീയമാക്കണമെന്ന് നയാഗ്ര പാര്‍ക്ക് കമ്മിഷനോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ മറുപടി ആവേശകരമായിരുന്നെന്ന് സിബു പറഞ്ഞു. എണ്ണൂറ് കുടുംബങ്ങളുള്ള ബഫലോ ഇന്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റാണ് സിബു. കൊല്ലം ശൂരനാട് മേലേവീട്ടില്‍ ശിവശങ്കരപ്പിള്ളയുടെ മകനായ സിബു കുടുംബസമേതം 13 വര്‍ഷമായി ന്യൂയോര്‍ക്കിലാണ്.

ആഗസ്റ്റ് 15 പ്രവൃത്തിദിനമായതിനാല്‍ ഈ പ്രദേശത്തുള്ള ഇന്ത്യക്കാര്‍ക്കായി ശനിയാഴ്ച വൈകീട്ട് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കും. 12ന് വൈകീട്ട് അമേരിക്ക-കാനഡ അതിര്‍ത്തിയിലെ സമാധാനപാലത്തിലും ത്രിവര്‍ണമണിയിക്കും. 2014ല്‍ രാജ്മായ് എന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ നേതൃത്വത്തിലും നയാഗ്രയ്ക്ക് ത്രിവര്‍ണശോഭ നല്‍കിയിരുന്നു.

Categories: GENERAL, HIGHLIGHTS

Related Articles