മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്

m-a-1മലയാളത്തിലെ മികച്ച സാഹിത്യ കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്. അദ്ദേഹത്തിന്റെ ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന കൃതിക്കാണ് പുരസ്‌കാരം.

25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് മഹാകവി ജി. സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് സമ്മാനിക്കുന്നത്. ഡോക്യുമെന്ററി ഫിലിം ഡയറക്ടര്‍ കൂടിയായ റഹ്മാന്‍, തന്റെ ജീവിതത്തിന്റെ ഒന്നര ദശകം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ഇടപെട്ട് നടത്തിയ പ്രതിരോധ പോരാട്ടങ്ങളുടെ നാള്‍വഴി പുസ്തകമാണ് ‘ഓരോ ജീവനും വിലപ്പെട്ടതാണ്’.

സാധാരണ ജനങ്ങളുടെയും അവരുടെ ആവാസവ്യവസ്ഥയുടെയുംമേല്‍ നടന്ന അവകാശ ലംഘനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പുകളുടെയും ആഴമേറിയ അനുഭവങ്ങളുടെയും ആന്തരിക വൈരുധ്യങ്ങളുടെയും താക്കീതുകളുടെയും തീവ്ര വ്യാഖ്യാനമാണ് ഈ കൃതിയെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

ജി.യുടെ 39ാം ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സാഹിത്യപരിഷത്ത് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം. ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും.

എഴുത്തുകാരനും നിരവധി ഡോക്യുമെന്ററി ചിത്രങ്ങളുടെ സംവിധായകനും ആക്ടിവിസ്റ്റുമാണ് എം.എ. റഹ്മാന്‍. മുന്‍ കോളജ് അദ്ധ്യാപകനായ റഹ്മാന്‍ കാസര്‍കോട് ഉദുമ സ്വദേശിയാണ്.  ബഷീര്‍ ദ മാന്‍, വയനാട്ടു കുലവന്‍, കോവിലന്‍ എന്റെ അച്ഛാച്ചന്‍, എം.ടിയുടെ കുമരനല്ലൂരിലെ കുളങ്ങള്‍, എന്‍ഡോസള്‍ഫാന്‍: മരിക്കുന്നവരുടെ സ്വര്‍ഗ്ഗം എന്നീ ശ്രദ്ധേയമായ ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ പന്ത്രണ്ടില്‍ പരം ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പത്തിലധികം പുസ്തകങ്ങളും രചിച്ചു. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളിലായി സാഹിത്യം, പ്രകൃതിസംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ എം.എ റഹ്മാന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദേശീയ-സംസ്ഥാന തലത്തില്‍ റഹ്മാന്റെ ഡൊക്യുമെന്ററികള്‍ അവാര്‍ഡിനര്‍ഹമായിട്ടുണ്ട്.

Categories: AWARDS, Editors' Picks