എൻ പി മുഹമ്മദ് അനുസ്മരണ സമ്മേളനം ജനുവരി മൂന്നിന് കോഴിക്കോട്

np

എഴുത്തുകാരനും ചിന്തകനുമായ എൻ പി മുഹമ്മദ് നമ്മെ വേർപിരിഞ്ഞിട്ട് പതിനാലുവർഷം പിന്നിടുകയാണ്. നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച ആ മലയാളസാഹിത്യകാരൻ ജനിച്ചു വളർന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പുരാവൃത്തത്തിന് അക്ഷരരൂപം നൽകി. 2003 ജനവരി മൂന്നിന് ന്യൂമോണിയ ബാധിച്ച് അദ്ദേഹം മരണത്തിനു കീഴടങ്ങി. 2017 ജനുവരി മൂന്നിന് എൻപി യുടെ പതിനാലാം ചരമവാർഷിക ദിനമാണ്. അന്നേ ദിവസം എൻ പി മുഹമ്മദ് അനുസ്മരണ സമിതി കോഴിക്കോട് ടൗൺ ഹാളിൽ അദ്ദേഹത്തിന്റെ സ്മരണ പുതുക്കുന്നു. വൈകുന്നേരം 5 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുന്നത് പ്രശസ്ത തമിഴ് എഴുത്തുകാരൻ തോപ്പിൽ മുഹമ്മദ് മീരാൻ ആണ്.യു കെ കുമാരൻ അധ്യക്ഷനാകുന്ന ചടങ്ങിൽ കല്പറ്റ നാരായണൻ സമഗ്രാധിപത്യത്തിന്റെ അദൃശ്യരൂപങ്ങൾ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ചടങ്ങിൽ എ. ടി അബ്ദുള്ളക്കോയ സ്വാഗതവും , ടി.കെ.എ അസീസ് നന്ദിയും രേഖപ്പെടുത്തും.

എൻ പി മുഹമ്മദിന്റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമർശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന്‌ അന്നത്തെ മദിരാശി സർക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ദൈവത്തിന്റെ കണ്ണ് എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. മുസ്ലീം സമുദായത്തിന്റെ ജീവിത ചിത്രങ്ങൾ എൻ പിയുടെ കൃതികളിൽനിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമർശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകൻ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം, കേരള സംഗീതനാടക അക്കാദമി അംഗം,ഫിലിം സെൻസർബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ഒരു കഥയാണ് ലോകാവസാനം. യാഥാർത്യവും മിത്തും നിഴലിക്കുന്ന ഈ കഥ ഏറേ ശ്രദ്ധേയമായിരുന്നു.