DCBOOKS
Malayalam News Literature Website

ഗാന്ധി വധം; പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറി

മഹാത്മാ ഗാന്ധിയുടെ വധത്തില്‍ പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. വധത്തില്‍ ദുരൂഹതയില്ല. ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെ തന്നെ- അമിക്കസ്‌ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൂടാതെ വിദേശ രഹസ്യന്വേഷണ ഏജന്‍സിക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ അടിസ്ഥാനമില്ലെന്നും ഗോഡ്‌സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയുണ്ട ഏറ്റാണ് ഗാന്ധി കൊല്ലപൊട്ടതെന്ന വാദത്തിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സവര്‍ക്കര്‍ അനുയായി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്തര്‍ സരണിനെയും അഭിഭാഷകരായ സഞ്ചിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരും അടക്കുന്ന മൂന്നംഗ സംഘത്തെ അമിക്കസ്‌ക്യൂറിമാരായി നിയോഗിച്ചത്.

ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. നാല് വെടിയുണ്ടയുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Comments are closed.