“ഞങ്ങളുടെ അടുക്കള പുസ്തകം”; പെണ്ണനുഭവങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍

ADUKKALA
മുഖവുരയില്ലാതെ പറഞ്ഞുതുടങ്ങട്ടെ…ഞങ്ങളുടെ അടുക്കള പുസ്തകം ഒരു ചരിത്രമാണ്. സോഷ്യല്‍ മീഡയയില്‍ ആദ്യമായി മലയാളി സ്ത്രീകള്‍ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അവടെ സംവാദങ്ങള്‍ക്കായി ഒരു സ്വകാര്യ ഇടം കണ്ടെത്തുകയും ചെയ്ത മനോഹരവും അതേസമയം ധീരവുമായ നിമിഷത്തിന്റെ രേഖപ്പെടുത്തലാണ് ഈ പുസ്തകം. അതേ.., ഒരു വനിതാ ദിനത്തില്‍ ഫേസ്ബുക്കില്‍ തുടങ്ങിയ ഫ്രം ദ ഗ്രാനൈറ്റ് ടോപ്പെന്ന ഗ്രൂപ്പിലൂടെ ഉരുത്തിരിഞ്ഞ ആശയമാണ് ഈ പുസ്തകത്തിന് അടിസ്ഥാനം..!

njangaludeസോഷ്യല്‍ മീഡിയയിലെ സ്ത്രീയുടേയും സ്ത്രീ സംവാദത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും വീണ്ടെടുപ്പിന്റെയും പൊതു ഇടം കയ്യടക്കിയതിന്റെയും ചരിത്രം അവകാശപ്പെടാവുന്ന സ്ത്രീകളുടെ മാത്രം കൂട്ടായ്മയാണ് (ഗ്രൂപ്പാണ്) ഫ്രം ദ ഗ്രാനൈറ്റ് ടോപ്പ്. സ്ത്രീജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍, സമകാലീന രാഷട്രീയം, ജീവിതത്തിലും വ്യക്തിസ്വാതന്ത്ര്യത്തിലും കടന്നുകയറുന്ന മതം, സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെ പ്രസക്തി, വരുംകാലത്തിന്റെ രാഷട്രീയത്തിനും ആവശ്യകതയ്ക്കും ഒപ്പം തോളോടു തോള്‍ ചേര്‍ന്ന് നടക്കേണ്ടതിന്റെ ആവശ്യകത തുടങ്ങി പലരുടെയും ചിന്തകള്‍ പോലും വിപ്ലവകരവും സാമൂഹ്യമാറ്റത്തിന് ഉതകുന്നതായിരുന്നു. ഭൂതകാലവും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളുമല്ല അവര്‍ ഇവിടെ ചര്‍ച്ചചെയ്തത്. മറിച്ച് വര്‍ത്തമാനകാലത്തിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളും വരുംകാലത്തിന്റെ സ്വപ്‌നവുമാണ്. അങ്ങനെ കുറച്ച് സ്ത്രീകളുടെ ഹൃദയംകൊണ്ടുള്ള എഴുത്താണ് ഞങ്ങളുടെ അടുക്കള പുസ്തകത്തിലുള്ളത്.

ഓര്‍മ്മക്കുറിപ്പുകളായും, ലേഖനങ്ങളായും കവിതയായും ദിനചര്യകളായും എഴുതപ്പെട്ട വ്യത്യസ്ത വിഷയങ്ങളാണ് ഞങ്ങളുടെ അടുക്കള പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തങ്ങളൊന്നും വ്യവസ്ഥാപിതരായ എഴുത്തുകാരല്ല എന്നതിനാല്‍ തങ്ങള്‍ എന്തോവലിയകാര്യം പറയാന്‍ പോകുന്നു എന്ന നാട്യമില്ലാതെ സ്വന്തം ജീവിതത്തിലെ അനുഭങ്ങള്‍ ആര്‍ദ്രത ഒട്ടും ചോര്‍ന്നുപോകാത്ത ഭാഷയിലാണ് ഓരോരുത്തരും രേഖപ്പെടുത്തിയിരിക്കുന്നത്.

ടി എന്‍ സീമ അവതാരികയെഴുതിയിരിക്കുന്ന ഈ പുസ്തകം എഡിറ്റുചെയ്തിരിക്കുന്നത് സ്വതന്ത്രപത്രപ്രവര്‍ത്തനവും സിനിമാനിര്‍മ്മാണവും, ഒക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമായ സുനിതാ ദേവദാസാണ്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഞങ്ങളുടെ അടുക്കള പുസ്തകം എല്ലാ വിപണിയും ലഭ്യമാണ്.

Categories: Editors' Picks, LITERATURE