DCBOOKS
Malayalam News Literature Website

സംവരണം പുരോഗതിയ്ക്കും സമത്വത്തിനും തടയിടുന്നു : സി. രവിചന്ദ്രന്‍

ജാതി മത ലിംഗ സംവരണം സമൂഹത്തിന്റെ പുരോഗതിയെയും സമത്വത്തിനെയും തടയുന്നുവെന്ന് സി. രവിചന്ദ്രന്‍. നിഷേധത്തിന്റെ ലാവണ്യം എന്ന വിഷയത്തില്‍ അഭിലാഷ് മോഹനനോടൊപ്പം നടന്ന സംവാദത്തില്‍ സംസാരിക്കവെയാണ് ഈ പ്രസ്താവന.സാങ്കേതികമായി പറയുമ്പോള്‍ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ അദ്ദേഹം എല്ലാ റിസോഴ്‌സസിന്റെയും മികച്ച ഉപയോഗവും ഇത് മൂലം കഴിയാതെ വരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീനാരായണ ഗുരുവിന്റെ ഈഴവശിവ പ്രതിഷ്ഠയെക്കുറിച്ചുള്ള അഭിലാഷിന്റെ ചോദ്യത്തിന് മറുപടിയായി ഗുരുവോ നിത്യ ചൈതന്യയതിയോ മോദിയോ ആരു പ്രതിഷ്ഠിച്ചാലും അത് വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുന്നതും അന്ധവിശ്വാസം ആണെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങള്‍ പറയുന്നത് നല്ല കാര്യങ്ങളാണെന്ന് താന്‍ അംഗീകരിക്കുന്നില്ല. അത് പോലെ തന്നെ മതങ്ങളെ വിമര്‍ശിക്കുമ്പോള്‍ കൈ വിറയ്ക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ശ്രോതാക്കളില്‍ നിന്നും ഉണ്ടായ നങ്ങേലിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അതൊരു കെട്ടുകഥയാണെന്നും അത്തരം കഥകള്‍ കൊട്ടി ആഘോഷിക്കുമ്പോള്‍ ശ്രദ്ധിക്കണം എന്ന് പറഞ്ഞു കൊണ്ട് സെഷന്‍ അവസാനിച്ചു.

Comments are closed.