കളിമണ്ണില്‍ തീര്‍ത്ത ചുമര്‍ ചിത്രങ്ങളുടെ പ്രദര്‍ശനം കൗതുകമാകുന്നു

kaliman

കോട്ടയം കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നിലമ്പൂര്‍ സ്വദേശികളായ കലാകാരന്മാര്‍ നടത്തുന്ന കളിമണ്ണില്‍ തീര്‍ത്ത ചുമര്‍ ചിത്രങ്ങളുടെ പ്രദര്‍ശനം കൗതുകമാകുന്നു. ചിത്രങ്ങള്‍ മാത്രമല്ല. കളിമണ്‍ മാസ്‌കുകള്‍,ഗാര്‍ഡന്‍ ലാംബ്, ഗാര്‍ഡന്‍ ജാര്‍, ബേര്‍ഡ് ബാത്ത്, ഫ് ളവര്‍വേസ് തുടങ്ങിയ അന്‍പതിലധികം ഉത്പന്നങ്ങളുടെ പ്രദര്‍ശനമാണ് ഇവര്‍നടത്തുന്നത്. യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴം, ഉയര്‍ത്തെഴുന്നേല്‍പ്പ്, കൃഷ്ണനും രാധയും, ഹംസവും ദമയന്തിയും, സരസ്വതി, ഗണപതി, മുളങ്കാടുകള്‍, എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് കലാകാരന്മാര്‍ കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്. ഇതു മാത്രമല്ല, ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ഏത് ചിത്രങ്ങള്‍ വേണമെങ്കിലും ഇവര്‍ നിര്‍മ്മിച്ച് നല്‍കും.

കളിമണ്‍ തൊഴില്‍ ചെയ്യുന്ന കുംഭാര സമുദായത്തില്‍പ്പെട്ട കലാകാരന്മാരുടെ കൂട്ടായ്മയായ സൃഷ്ടിയാണ് ഈ പ്രദര്‍ശനത്തില്‍ മേല്‍നോട്ടം വഹിക്കുന്നത്. പത്തുപേരാണ് ഇവരുടെ സംഘടനയിലുള്ളത്. മലപ്പുറം ജില്ലയില്‍ ഏകദേശം 2000 കുടുംബങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ കളിമണ്‍പാത്ര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് 500 പേര്‍ മാത്രമാണെന്ന് ഈ കലാകാരന്മാര്‍ പറയുന്നു. ഇവരില്‍ പത്തുപേര്‍മാത്രമാണ് കലാമേഖലയിലേക്ക് എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നും നല്ല പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്ന് പ്രദര്‍ശനത്തിന് നേതൃത്വം വഹിക്കുന്ന നാരായണന്‍ ടി.പിയും ബാബുവും വ്യക്തമാക്കി. മുന്‍പും കോട്ടയത്ത് പ്രദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും കലാപ്രദര്‍ശനം ഇതാദ്യമാണെന്ന് നാരായണന്‍ പറഞ്ഞു. കലയോടുള്ള സ്‌നേഹമാണ് പാത്ര നിര്‍മാണത്തില്‍ നിന്നും വേറിട്ട രംഗത്തേക്ക് മാറാന്‍ പ്രചോദനമായതെന്നും ഇവര്‍ പറയുന്നു.

കളിമണ്‍ ഉപയോഗിച്ച് ഒരു ചിത്രം നിര്‍മിക്കാന്‍ ഏകദേശം 10 മുതല്‍ ഒരു മാസം വരെ സമയമെടുക്കാറുണ്ട്. കാലാവസ്ഥ അനുയോജ്യമല്ലെങ്കില്‍ ദൈര്‍ഘ്യം വര്‍ധിക്കും. ഇത്തരത്തില്‍ നിരവധി ദിവസത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ ഒരു ചിത്രവുമായി രംഗത്തെത്തുന്നത്. കളിമണ്ണ് കുഴച്ച് ഷീറ്റുകളാക്കുകയാണ് നിര്‍മാണത്തിന്റെ ആദ്യഘട്ടം. പിന്നീട് ഈ ഷീറ്റില്‍ ചിത്രങ്ങള്‍ പതിപ്പിക്കുന്നു. അതിന് ശേഷം ബ്ലേഡ് ഉപയോഗിച്ചു ഷീറ്റിനെ പലഭാഗങ്ങളായി മുറിക്കുകയാണ് ചെയ്യുക. ഇത്തരത്തില്‍ മുറിച്ചെടുത്ത ടൈലുകളില്‍ ചുമന്ന മണ്ണു തേച്ച് മിനുസപ്പെടുത്തി ഉണക്കിയെടുത്ത് പ്രത്യേക രീതിയില്‍ ക്രമീകരിച്ച ചൂളയില്‍ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പാകപ്പെടുത്തിയെടുത്ത ടൈലുകള്‍ക്ക് പ്രത്യേക നിറം നല്‍കുന്നതിന് ചായങ്ങള്‍ ഉപയോഗിക്കാറില്ല. ചൂളയിലെ ചൂട് ക്രമീകരിച്ചുകൊണ്ടാണ് നിറങ്ങള്‍ നല്‍കുന്നതെന്നും കലാകാരന്മാര്‍ പറയുന്നു. ഏകദേശം 12 വര്‍ഷമായി ഇവര്‍ കളിമണ്‍ ചിത്ര നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. നിലമ്പൂര്‍ പൂക്കോട്ടുംപാടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ കലാകാരന്മാര്‍ ഇതിനോടകം തന്നെ കേരളത്തിലും ഇതരസംസ്ഥാനത്തും പ്രദര്‍ശനമേള സംഘടിപ്പിച്ചു കഴിഞ്ഞു. പ്രദര്‍ശനം 21 ന് സമാപിക്കും.

Categories: ART AND CULTURE