DCBOOKS
Malayalam News Literature Website

ട്രംപുമായുള്ള അഭിപ്രായഭിന്നത; നിക്കി ഹാലെ യു.എസ് അംബാസഡര്‍ സ്ഥാനം രാജിവെച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഐക്യരാഷ്ട്രസംഘടനയിലെ യു.എസ് പ്രതിനിധിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ രാജിവെച്ചു. ഒരു വലിയ പ്രഖ്യാപനമുണ്ടാകുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു നിക്കി ഹാലെയുടെ രാജി. പ്രസിഡന്റ് രാജിക്കത്ത് സ്വീകരിച്ചതായി യു.എസിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഡോണള്‍ഡ് ട്രംപിനെ കണ്ട് നിക്കി ഹാലെ രാജിക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

യു.എസില്‍ ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ എത്തിയ ആദ്യ ഇന്ത്യന്‍ വംശജയാണ് നിക്കി ഹാലെ. പഞ്ചാബില്‍നിന്നു യുഎസിലേക്ക് കുടിയേറിയ സിഖ് ദമ്പതികളുടെ മകളാണ് നിക്കി. സൗത്ത് കരോളീന ഗവര്‍ണ്ണറായിരുന്ന നിക്കി, ട്രംപ് പ്രസിഡന്റായ ശേഷമാണ് അമേരിക്കയെ പ്രതിനിധീകരിച്ച് യു.എന്നില്‍ എത്തുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

അതേസമയം 2020-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കുന്നതിന് വേണ്ടിയാണ് രാജിവെച്ചതെന്ന ആരോപണം നിക്കി ഹാലെ നിരാകരിച്ചു. യുഎന്നില്‍ അമേരിക്കയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് പ്രതികരിച്ച അവര്‍ കഴിയുമെങ്കില്‍ ഈ വര്‍ഷം അവസാനം വരെ ഐക്യരാഷ്ട്രസഭയില്‍ പ്രവര്‍ത്തിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്നും അവര്‍ വ്യക്തമാക്കി.

Comments are closed.