DCBOOKS
Malayalam News Literature Website

വിഖ്യാത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ട് കോട്ടയം ഡി സി ബുക്‌സില്‍

വിയറ്റ്‌നാം യുദ്ധകാലത്ത് അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫറായ നിക്ക് ഉട്ട് മാര്‍ച്ച് 14 ന് രാവിലെ 9.15 ന് കോട്ടയം ഡി സി ബുക്‌സില്‍ എത്തുന്നു. ലോസ് ഏഞ്ചല്‍സ് ഫോട്ടോ എഡിറ്ററായ റോള്‍ റോയും അദ്ദേഹത്തോടൊപ്പം എത്തുന്നുണ്ട്. ലോകത്താകമാനമുള്ള ഫൊട്ടോഗ്രഫര്‍മാര്‍ക്ക് ആത്മവീര്യം പകര്‍ന്ന നിക്ക് ഉട്ട് കോട്ടയത്തെ പത്രഫോട്ടോഗ്രാഫര്‍മാരോടും മാധ്യപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥികളോടും കാണികളോടും സംവദിക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ ആര്‍ മീരയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.

കോട്ടയത്തെ പുരാതനവും പ്രശസ്തവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി വാഗമണിലെത്തുന്ന നിക്ക് ഉട്ട് മൊട്ടക്കുന്ന്, കുരിശുമല ആശ്രമം, പൈന്‍ ഫോറസ്റ്റ്, പുളിക്കാനം എസ്റ്റേറ്റ് എന്നിവിടങ്ങളിലും സന്ദര്‍ശിക്കും. തുടര്‍ന്ന് 5.30 ന് വാഗമണ്‍ ഡി സി സ്മാറ്റ് കോളജില്‍ വിദ്യാര്‍ത്ഥികളോടും നിക്ക് ഉട്ട് സംവദിക്കും. പ്രശസ്ത ആര്‍കിടെക്ട് ടി എം സിറിയക് അദ്ദേഹത്തെ അനുഗമിക്കും.

‘ദ ടെറര്‍ ഓഫ് വാര്‍’

‘ദ ടെറര്‍ ഓഫ് വാര്‍’എന്ന ചിത്രമാണ് നിക്ക് ഉട്ടിനെ വിശ്വ വിഖ്യാതനാക്കിയത്. വിയറ്റ്‌നാമില്‍ അമേരിക്ക നാപാം ബോംബ് വര്‍ഷിക്കുന്ന കാലത്ത് നാപാമില്‍ നിന്നും ഓടി രക്ഷപ്പെടുന്ന കുട്ടികള്‍ക്കൊപ്പം കിംഫുക് എന്ന ഒന്‍പതുവയസുകാരി ബാലിക വിവസ്ത്രയായി ശരീരത്തു പടരുന്ന ചൂടുമായി നിലവിളിച്ചുപായുന്ന രംഗമാണ് നിക് ഉട്ട് പകര്‍ത്തിയത്. 1972 ജൂണ്‍ എട്ടിന് എടുത്ത ചിത്രം ലോകമാകെ യുദ്ധവെറിക്കെതിരെ പ്രതിഷേധത്തിന്റെ വന്‍ തിരമാലകളാണ് സൃഷ്ടിച്ചത്.

കിംഫുക്കും നിക്ക് ഉട്ടും

ഈ ചിത്രത്തിന് പുലിസ്റ്റര്‍ സമ്മാനം ലഭിക്കുകയുണ്ടായി. മാത്രമല്ല, നിക്ക് ഉട്ടിന്റെ ഈ ചിത്രം യുദ്ധം അവസാനിപ്പിക്കാന്‍ പ്രേരകമായിരുന്നു.

പൊള്ളലേറ്റ ബാലികയെ നിക്കും ക്രിസ്റ്റഫര്‍ വെയിന്‍ എന്ന പത്രപ്രവര്‍ത്തകനും കൂടി ആശുപത്രിയിലെത്തിച്ചു. 14മാസത്തോളം ചികില്‍സയിലായിരുന്ന കിം പിന്നീട് ജീവിതത്തിലേക്കു തിരികെ എത്തി. പില്‍ക്കാലത്ത് കാനഡയിലേക്കു കുടിയേറിയ അവര്‍ യുദ്ധവിരുദ്ധപ്രചരണങ്ങളില്‍ എന്നും കേന്ദ്രബിന്ദുവായിരുന്നു.

കേരള മീഡിയ അക്കാദമിയുടെ പ്രഥമ വേള്‍ഡ് പ്രസ് ഫോട്ടോഗ്രാഫര്‍ പ്രൈസ് ഏറ്റുവാങ്ങാനാണ് നിക്ക് ഉട്ട് കേരളത്തിലെത്തിയത്.

Comments are closed.