തകഴിയുടെ രണ്ട് കൃതികള്‍ പുതിയ പതിപ്പില്‍

thakazhiകുട്ടനാടന്‍ കര്‍ഷകത്തൊഴിലാളിയുടെ പോരാട്ടം പകലന്തിയോളം പാടത്ത് പണിയെടുത്ത് കതിര്‍ക്കുടങ്ങള്‍ വിളയിപ്പിക്കുന്ന അവശരും മര്‍ദ്ദിതരുമായ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ വര്‍ഗബോധത്തോടെ ഉയര്‍ത്തെഴുനേറ്റ് ചൂഴണത്തെ പരാജയപ്പെടുത്തുന്ന വീരോജ്ജ്വലവും വികാരനിര്‍ഭരവുമായ കഥയുടെ ആവിഷ്‌കാരമാണ് കുട്ടനാടിന്റെ ഇതിഹാസകാരന്‍ തകഴി ശിവശങ്കരപ്പിള്ളയുടെ രണ്ടിടങ്ങഴി എന്ന നോവല്‍. കുട്ടനാട്ടിലെ പാടത്ത് പണിയെടുത്ത് കേരളത്തിനുണ്ണാന്‍ നെല്ലു വിളയിച്ച കര്‍ഷകത്തൊഴിലാളിയുടെ ജീവിതം യഥാര്‍ത്ഥമായി ആവിഷ്‌ക്കരിക്കുയാണ് തകഴി ഈ നോവലില്‍. തനിക്കു ചുറ്റിനും നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ പോരാടുന്ന കോരന്‍ randidangazhiഎന്ന കഥാപാത്രത്തിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. ജന്‍മിയായ പുഷ്പവേലില്‍ ഔസേപ്പിന്റെ ഓണപ്പണിക്കാരന്‍ ആണ് കോരന്‍. എല്ലാ ഇന്ത്യന്‍ ഭാഷകളിലേയ്ക്കും ഒട്ടുവളരെ വിദേശഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി തകഴി യുടെ വിശ്വവിഖ്യാതമായ നോവലുകളിലൊന്നാണ്.

എന്നാല്‍ സി വിയുടെ ദിവാന്‍ ഭരണം മുതല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ വരെയുളള തിരുവതാംകൂറിന്റെ രാഷ്ട്രീയചരിത്രവും പറയുന്ന നോവലാണ് ഏണിപ്പടികള്‍. സാധാരണ ക്ലാര്‍ക്കില്‍ നിന്ന് ചീഫ് സെക്രട്ടറി സ്ഥാനം വരെ ഉയരുന്ന കേശവപിള്ളയാണ് കഥാനായകന്‍. ജീവിതത്തിലെ ബന്ധങ്ങളെയെല്ലാം ഭൗതിക വിജയത്തിനായുള്ള ഏണിപ്പടികള്‍ മാത്രമായാണ് അയാള്‍ കണ്ടത്. അതില്‍ ഒരു കുറ്റബോധവും കേശവപിള്ളയ്ക്കില്ല. കാലത്തിന്റെ തികവില്‍ കേശവപിള്ളയ്ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടി വരുന്നു. ഏണിപ്പടികള്‍ എന്ന നോവലിന്റെ ഇതിവൃത്തം ഇതാണ്. ഒട്ടേറെ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ള നിരവധി അവാര്‍ഡുകല്‍ സ്വന്തമാക്കിയിട്ടുള്ള തകഴിയുടെ ഈ കൃതികള്‍ പുതിയപതിപ്പില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. enippadikalഅന്നും ഇന്നും വറ്റാത്തവായനക്കാരുള്ള തകഴിയുടെ ബെസ്റ്റ് സെല്ലറായ ഈ കൃതികള്‍ കാലത്തെ അതിജീവിച്ചു നില്‍ക്കുന്നവയാണ്.

രണ്ടിടങ്ങഴി 1948ലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. എന്നാല്‍ 1996ലാണ് ഇതിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങുന്നത്. ഇപ്പോള്‍ രണ്ടിടങ്ങഴിയുടെ 27-ാമത് ഡി സി് പതിപ്പാണ് പുറത്തിറങ്ങിയത്. അതുപോലെതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച ഏണിപ്പടികള്‍ മാറ്റി എഴുതി, ചില അധ്യായങ്ങള്‍ തന്നെ ഒഴിവാക്കി 1964ലാണ് പ്രസിദ്ധീകൃതമാകുന്നത്. 1965ല്‍ നോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ഇതിലൂടെ തകഴിയ്ക്ക് ലഭിച്ചു. 1973ല്‍ തോപ്പില്‍ ഭാസി ഈ നോവലിനെ ആധാരമാക്കി ഇതേപേരില്‍ സിനിമ സംവിധാനം ചെയ്തു. മധു, ശാരദ, അടൂര്‍ ഭാസി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. പില്‍ക്കാലത്തിറങ്ങിയ പല സിനിമകള്‍ക്കും ഈ നോവലിന്റെ പ്രമേയം പ്രചോദനമേകിയിട്ടുമുണ്ട്. 1997ലാണ് ഏണിപ്പടികള്‍ക്ക് ആദ്യ ഡി സി ബുക്‌സ് പതിപ്പ് ഇറങ്ങുന്നത്. ഇപ്പോഴാവട്ടെ ഇതിന്റെ പത്താമത് പതിപ്പും പതിപ്പും ഡി സി ബുക്‌സ് പുറത്തിറക്കിയിക്കുകായാണ്.

കുട്ടനാട്ടില്‍ ജനിച്ച് കുട്ടനാടിന്റെ ഇതിഹാസകാരനായിമാറിയ മഹാകാഥികനാണ് തകഴി ശിവശങ്കരപ്പിള്ള. കേശവദേവിന്റെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും സമകാലികനായി മലയാള സാഹിത്യത്തില്‍ തിളങ്ങിനിന്ന അദ്ദേഹം കേരളാ മോപ്പസാങ് എന്നാണ് അറിയപ്പെടുന്നത്. നോവലിസ്റ്റ്, കഥാകൃത്ത്, എന്നീ ശാഖകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച തകഴി  സാമൂഹിക പരിവര്‍ത്തനം ലക്ഷ്യമാക്കിയാണ് എഴുതിയിരുന്നത്. കുട്ടനാടന്‍ കര്‍ഷകരുടെ ജീവിതമായിരുന്നു തകഴിയുടെ സാഹിത്യലോകത്തിന്റെ ഭൂമിക. മണ്ണുംമനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധം എന്നും തകഴിയെ അതിശയിപ്പിച്ചിരുന്നു..!

പുസ്തകത്തിന്റെ ഇ ബുക്കിനായി ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.. http://ebooks.dcbooks.com/enippadikal &  http://ebooks.dcbooks.com/randitangazhi