DCBOOKS
Malayalam News Literature Website

ബഷീര്‍ കൃതികളുടെ പുത്തന്‍ പതിപ്പുകള്‍

ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത കൃതികളായ ബാല്യകാലസഖി, ശബ്ദങ്ങള്‍, പ്രേമലേഖനം, ആനപ്പൂട(കഥാസമാഹാരം) എന്നീ കൃതികളുടെ പുതിയ പതിപ്പുകള്‍ ഇപ്പോള്‍ വില്പനയില്‍. ബാല്യകാലസഖിയുടെ 52-ാം പതിപ്പ്, ശബ്ദങ്ങളുടെ 22-ാം പതിപ്പ്, പ്രേമലേഖനത്തിന്റെ 38-ാം പതിപ്പ്, ആനപ്പൂടയുടെ 25-ാം പതിപ്പ് എന്നിവയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബഷീറിന്റെ അനശ്വരമായ കഥകള്‍ ഇനിയും വായിക്കാത്തവര്‍ക്കായി ഈ പുസ്തകങ്ങള്‍ ഇപ്പോള്‍ വിവിധ പുസ്തകശാലകളില്‍ ലഭ്യമാണ്.

ബാല്യകാലസഖി

മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള നോവലുകളില്‍ തികച്ചും വ്യത്യസ്തമായ ഒരു കൃതിയാണ് ബഷീറിന്റെ ബാല്യകാലസഖി. സുഹ്‌റയുടെയും മജീദിന്റെയും ജീവിതത്തിലൂടെ കഥ പറയുന്ന ഈ കൃതി മനസ്സിന്റെ ഒരു കോണില്‍ ആത്മനൊമ്പരം പടര്‍ത്തുന്ന ഒരനുഭവമാണ്. കഥാന്ത്യത്തില്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് ഒത്തു ചേരുന്ന കമിതാക്കളെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്. എന്നാല്‍ ബഷീറിന്റെ ‘ബാല്യകാലസഖി’ ഇവിടെ വേറിട്ട് നില്‍ക്കുന്നു.

 

ശബ്ദങ്ങള്‍

യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശബ്ദങ്ങള്‍ എന്ന നോവല്‍ ഒരു സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് രചിച്ചിരിക്കുന്നത്. സൈനികന്‍ എഴുത്തുകാരനെ സമീപിച്ച് തന്റെ ജീവിതകഥ പറയുന്നു. എഴുത്തുകാരന്‍ അതെല്ലാം കുറിച്ചെടുക്കുകയും സൈനികനോട് സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. അതോടൊപ്പം അദ്ദേഹം സൈനികന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുന്നു. ഈ നോവല്‍ ഒരു അശ്ലീലമാണെന്ന പേരില്‍ ധാരാളം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നിരുന്നു.

പ്രേമലേഖനം

ജീവിതം യൗവനതീക്ഷ്ണവും പ്രേമസുരഭിലവുമായിരിക്കുമ്പോള്‍ ജീവിതത്തിന് മധുരം പകരാന്‍ മറ്റൊന്നും ആവശ്യമില്ലല്ലോ.’ കേശവന്‍ നായര്‍ എന്ന യുവാവ് സാറാമ്മ എന്ന യുവതിയില്‍ അനുരക്തനായി. വിവാഹപ്രായം കഴിഞ്ഞ സാറാമ്മ കേശവന്‍ നായരോട് ഒരു ജോലിക്കായി അപേക്ഷിക്കുന്നു. ‘സാറാമ്മയെ ഞാന്‍ സ്‌നേഹിക്കുന്നതുപോലെ സാറാമ്മ എന്നെയും സ്‌നേഹിക്കണം ഇതായിരുന്നു അയാള്‍ നിര്‍ദ്ദേശിച്ച ജോലി. സമുദായസൗഹാര്‍ദ്ദത്തിനോ, സന്മാര്‍ഗ്ഗചിന്തക്കോ കോട്ടംതട്ടാത്ത വിധത്തില്‍ ഒരു പ്രേമകഥ വിജയകരമായി അവതരിപ്പിക്കുകയാണ് ബഷീര്‍.

ആനപ്പൂട

ബഷീറിന്റെ ചെറുകഥാസമാഹാരമാണ് ആനപ്പൂട. ആനപ്പൂട, മന്ത്രച്ചരട്, ബാലയുഗം പ്രതിനിധികള്‍!, വത്സരാജന്‍, എന്റെ നൈലോണ്‍ കുട, ആശുപത്രിയിലെ മരണം, ഒരു ഭാര്യയും ഭര്‍ത്താവും എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

Comments are closed.