DCBOOKS
Malayalam News Literature Website

നവമലയാളി ഏകദിനസാഹിത്യോത്സവം നടക്കും

നവമലയാളി സംഘടിപ്പിക്കുന്ന ഏകദിന സാഹിത്യോത്സവം 2018 ജനുവരി 26ന് തൃശ്ശൂര്‍ കുന്നംകുളം ടൗണ്‍ഹാളില്‍ നടക്കും. പ്രമുഖ എഴുത്തുകാരന്‍ ആനന്ദിന് നവമലയാളി സാംസ്‌കാരികപുരസ്‌കാരവും സമര്‍പ്പിക്കും. മലയാള സാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെ ആദരിക്കാന്‍ വിഭാവനം ചെയ്ത ഈ പുരസ്‌കാരം 2017 ലാണ് നവമലയാളി തുടങ്ങിവെച്ചത്.

ഏകദിനസാഹിത്യോത്സവത്തിന്റെ ആദ്യ സെഷന്‍ ആരംഭിക്കുന്നത് രാവിലെ 10 മുതലാണ്. ഫാദര്‍ പത്രോസ് സ്വാഗതവും സുജ സൂസന്‍ ജോര്‍ജ്ജ് അദ്ധ്യക്ഷതയും വഹിക്കും. ഉദ്ഘാടനം നിര്‍വഹിക്കുന്നത് എം.എ ബേബിയാണ്. ‘ അംബേദ്കര്‍, മാക്‌സ് : സംവാദത്തിന്റെയും സമന്വയത്തിന്റെയും സാധ്യതകള്‍ ‘ എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം നവമലയാളി ലെക്ചര്‍ സീരീസിന്റെ പ്രഥമപ്രഭാഷണം നടത്തും. ആദ്യ സെഷന്റെ നന്ദി പ്രകാശിപ്പിക്കുന്നത് സോണി വേലൂക്കാരനാണ്.

ഉച്ചക്കുശേഷമുള്ള രണ്ടാമത്തെ സെഷനില്‍ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം പ്രശസ്ത എഴുത്തുകാരന്‍ ആനന്ദിന് സമര്‍പ്പിക്കും. അധ്യക്ഷന്‍ വി.കെ ശ്രീരാമനും ആമുഖം മുരളി വെട്ടത്തുമാണ്. പുരസ്‌കാരസമര്‍പ്പണം നടത്തുന്നത് കെ.ജി ശങ്കരപ്പിള്ളയാണ്. ആശംസ അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുന്നത് ടി. ഡി. രാമകൃഷ്ണന്‍. തുടര്‍ന്ന് ആനന്ദിന്റെസന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍‘ എന്ന പുസ്തകത്തിന്റെ പ്രകാശനം നടക്കും. ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. പുസ്തക പ്രകാശനം നടത്തുന്നത് കെ.ജി. ശങ്കരപ്പിള്ളയും ഏറ്റുവാങ്ങുന്നത് ടി.ഡി. രാമകൃഷ്ണനുമാണ്.

പുസ്തകപ്രകാശനത്തിന് ശേഷം ആനന്ദിന്റെ ലോകം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മോഡറേറ്റര്‍ പി.എന്‍ ഗോപീകൃഷ്ണനാണ്. ‘ ചരിത്രം, ദര്‍ശനം, രാഷ്ട്രീയം- ആനന്ദിന്റെ കൃതികളില്‍ ‘ എന്ന വിഷയത്തില്‍ എം.വി. നാരായണന്‍, ‘ നീതിയുടെ സഞ്ചാരങ്ങള്‍ ‘ എന്ന വിഷയത്തില്‍ കെ.സി. നാരായണന്‍, ‘ വ്യക്തി, ഭരണകൂടം, അധികാരം: സ്വാതന്ത്രത്തിന്റെ മാനങ്ങള്‍’ എന്ന വിഷയത്തില്‍ ഷാജി ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

 

 

Comments are closed.