DCBOOKS
Malayalam News Literature Website

ബി.കെ.എസ്- ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ നമ്പി നാരായണന്‍ പങ്കെടുക്കുന്നു

ബഹ്‌റിന്‍ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ബി.കെ.എസ്-ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഐ.എസ്.ആര്‍.ഒയിലെ മുന്‍ ശാസ്ത്രജ്ഞന്‍ ശ്രീ. നമ്പി നാരായണന്‍ പങ്കെടുക്കുന്നു. നമ്പി നാരായണനുമായുള്ള സംവാദവും അദ്ദേഹത്തിന്റെ ആത്മകഥയായ ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന കൃതിയെക്കുറിച്ചുള്ള ചര്‍ച്ചയും ഉണ്ടാകും. ഡിസംബര്‍ 21-ന് വൈകിട്ട് എട്ട് മണിക്കാണ് പരിപാടി.

ബഹ്‌റിന്‍ കേരളീയസമാജത്തിന്റെയും ഡി.സി ബുക്‌സിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12 മുതല്‍ 22 വരെ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലും സാംസ്‌കാരികോത്സവത്തിലും പ്രശസ്തരായ നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ദേശീയ പുരസ്‌കാര ജേതാവും നടനുമായ പ്രകാശ് രാജാണ് മേള ഉദ്ഘാടനം ചെയ്തത്. കെ.ജി ശങ്കരപ്പിള്ള, എന്‍.എസ്. മാധവന്‍, കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ് എന്നിവര്‍ വിവിധ ദിനങ്ങളിലായി നടന്ന സാഹിത്യസംവാദങ്ങളില്‍ പങ്കെടുത്തിരുന്നു.

മേളയുടെ ഭാഗമായി നിരവധി കലാപരിപാടികളും വിവിധ ദിനങ്ങളിലായി ഒരുക്കിയിരുന്നു. പുസ്തകമേളയോടനുബന്ധിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ നിരവധി പുസ്തകങ്ങളാണ് വായനക്കാര്‍ക്കായി ഡി.സി ബുക്സ് തയ്യാറാക്കിയിരിക്കുന്നത്. കഥ, കവിത, നോവല്‍, ജനപ്രിയഗ്രന്ഥങ്ങള്‍, ക്ലാസിക്കുകള്‍, റഫറന്‍സ് പുസ്തകങ്ങള്‍, ബാലസാഹിത്യഗ്രന്ഥങ്ങള്‍, ഡിക്ഷ്ണറികള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, മത്സരപരീക്ഷകള്‍ക്കുള്ള പഠനസഹായികള്‍, ആദ്ധ്യാത്മികഗ്രന്ഥങ്ങള്‍, പാചകം, യാത്രാവിവരണങ്ങള്‍, ജീവചരിത്രങ്ങള്‍, ആത്മകഥ, ആരോഗ്യം തുടങ്ങി വിവിധ വിഭാഗങ്ങളിലായി നിരവധി മലയാളം-ഇംഗ്ലീഷ് കൃതികള്‍ മേളയില്‍ ലഭ്യമാകും.

Comments are closed.