നക്ഷത്രപരിചയം; മകം

19

നക്ഷത്രഗണനയില്‍ പത്താമത് നക്ഷത്രമാണ് മകം. പിതൃക്കളാണ് ദേവത. മഘാ, മഘം, മഖം ഇവയും ഈ നക്ഷത്രത്തിന്റെ പേരുകളാണ്. നുകം പോലെ അഞ്ചു നക്ഷത്രമാണ് മകം. ഇത് ഉച്ചിയില്‍ വരുമ്പോള്‍ വൃശ്ചികരാശിയില്‍ ഒന്നേകാല്‍ നാഴിക ചെല്ലും. മകം ഉദിക്കുന്നത് ചിങ്ങം പതിനഞ്ചിനാണ്. ഭൂമിയില്‍ നിന്ന് എഴുപത്തിരണ്ട് പ്രകാശവര്‍ഷം ദൂരെയാണ് മകം നക്ഷത്രത്തിന്റെ സ്ഥിതി. പുരുഷയോനി. അസുരഗണം,എലി മൃഗം, പേരാല്‍ വൃക്ഷം, ചകോരം പക്ഷി, അപ്പ് ഭൂതം, വിഷ്ണു ഭൂതദേവത. ഇകാരം അക്ഷരം. മകാരം മന്ത്രാക്ഷരം, അവകഹഡാദി വിധിയനുസരിച്ച് മ, മി, മു ,മേ ഈ അക്ഷരങ്ങള്‍ മകാരത്തിന്റേതാണ്.

മകം പൂര്‍ണ്ണമായും ചിങ്ങം രാശിയിലാണ്. ചിങ്ങത്തില്‍ 13 തീയതി ഇരുപതിലിവരെയാണ് മകം. ആദ്യത്തെ പതിനഞ്ചുനാഴിക ഗണ്ഡാന്തമാകയാല്‍ ഈ സമയം സകല മുഹൂര്‍ത്തങ്ങള്‍ക്കും വര്‍ജ്ജിക്കുന്നു. പിതൃകാര്യങ്ങള്‍, വിവാഹം, യുദ്ധാദിസാഹസിക പ്രവര്‍ത്തനങ്ങള്‍ ഇവയ്ക്ക് ഈ നാള്‍ മുഖ്യമാണ്. സൃഷ്ടി നക്ഷത്രമായ മകം ഞായറാഴ്ച വന്നാല്‍ മൃതിയുണ്ടാകും.

മകം നാളില്‍ ജനിച്ചാല്‍ സാമാന്യം സകലകാര്യങ്ങളിലും അറിവു സമ്പാദിക്കാന്‍ സാധിക്കും. സൗമ്യശീലവും പ്രശാന്ത ഗംഭീരവുമായ മുഖഭാവവുമാണ്. നിസ്വാര്‍ത്ഥതയും കര്‍മ്മകുശലതയും ഉണ്ടെങ്കിലും വേഗം കോപിക്കുന്ന ശീലമാണ്. വ്യാപാരരംഗത്തോ കലാപ്രവര്‍ത്തനങ്ങളിലോ ശോഭിക്കും ഉദ്യോഗത്തിലും സേവനപ്രവര്‍ത്തനത്തിലും ശോഭിക്കുകയില്ല. കവിഞ്ഞ ആത്മാഭിമാനമാണ് ഇതിന് കാരണം. ആവശ്യത്തില്‍ കവിഞ്ഞ് ആരെയും വകവയ്ക്കാത്ത പ്രകൃതിയുമാണ്. അയോഗ്യമായി പ്രവര്‍ത്തിച്ചാല്‍ ഗുണംകിട്ടുന്ന കാര്യത്തിലും ആ ഗുണം വേണ്ടെന്നുവെക്കും. സ്വന്തം ആത്മാര്‍ത്ഥതയില്‍ തികഞ്ഞ വിശ്വാസമായിരിക്കും, ആതുമൂലം അഹങ്കാരിയാണെന്നു ജനങ്ങള്‍ പറയും. സജ്ജനങ്ങളാല്‍ ബഹുമാനിക്കപ്പെടുന്ന പല സത്ഗുണങ്ങളും ദൈവഭക്തിയും സംസ്‌കാരവും കാണും. നിര്‍ഭയശീലനും ദീര്‍ഘവിരോധിയുമാകും. ആദര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കും. ജീവിതഗതി സുഖദുഃഖസമ്പൂര്‍ണ്ണമാണ്. അക്ഷീണമായി പ്രയത്‌നിക്കുമെങ്കിലും അതിനനുസരിച്ച് ഉത്ഗതി ഉണ്ടാകില്ല.

പ്രവര്‍ത്തന മണ്ഡലങ്ങളില്‍ പല ശത്രുക്കളെയും നേരിടേണ്ടിവരും. സഹകാരികളെക്കൊണ്ട് ഇച്ഛാഭംഗത്തിനാണിടവരുന്നത്. ദാമ്പത്യജീവിതം വളരെ വിജയമാണ്. സുഭഗതയും വശ്യതയും ഉള്ളതാണെങ്കിലും ശരീരം അധികം പുഷ്ടിയുള്ളതായിരിക്കില്ല. യാഥാസ്ഥിതികത്വത്തെയും അന്ധവിശ്വാസത്തെയും എതിര്‍ക്കുമെങ്കിലും തികഞ്ഞ ഈശ്വരവിശ്വാസിയാണ്. സ്ത്രീകള്‍ക്കാണ് ഈ നാള്‍ ഉത്തമമായി വരുന്നത്. മകം പിറന്ന മങ്ക എന്ന് പറയാറുണ്ട്.

മകം നക്ഷത്രത്തിന്റെ ഒന്നാംകാലില്‍ ജനിച്ചാല്‍ ശരീരം, തലമുടി, രോമം, കണ്ണ് ഇവ ചുവന്ന(ചെമ്പന്‍)നിറമായിരിക്കും. നോട്ടം ഭയജനകമായിരിക്കും. ഉത്സാഹശീലനും പൂജ്യപൂജാതത്പരനും ആകും. രണ്ടാം കാലില്‍ ജനിച്ചാല്‍ അര്‍ശ്ശോരാഗിയും ദുസ്സാമര്‍ത്ഥ്യക്കാരനും ഏകാകിയും കണ്ഠരോഗിയും വ്യയാധിക്യമുള്ളവനും ആകും. മൂന്നാം കാലില്‍ ജനിച്ചാല്‍ കര്‍ക്കശനും പിശുക്കനും ബലവാനും സാധുവാദിയും ഗ്രഹണശക്തിയുള്ളവനുമാകും. നാലാം കാലില്‍ ജനിച്ചാല്‍ സ്ത്രീപരിചാരകനും സകലര്‍ക്കും പ്രീതികരനും പാപങ്ങളെ വെറുക്കുന്നവനും ദന്തരോഗിയും കാമിയും ആയിരിക്കും.

Categories: ASTROLOGY, GENERAL