നക്ഷത്ര പരിചയം- പുണര്‍തം

നക്ഷത്ര ഗണനയില്‍ ഏഴാമത്തെ നക്ഷത്രമാണ് പുണര്‍തം. അദിതി ദേവത. ഉദയം കര്‍ക്കടകം. 5-ാം ഭാവത്തില്‍ പാമരം പോലെ ആറു നക്ഷത്രം. ഉച്ചിയില്‍ വരുമ്പോള്‍ തുലാം രാശിയില്‍ 27 വിനാഴിക ചെല്ലും. ഈ നക്ഷത്ര സമൂഹം ഭൂമിയില്‍ നിന്ന് മുപ്പത്തിരണ്ട് പ്രകാശവര്‍ഷം ദൂരെസ്ഥിതി ചെയ്യുന്നു. അദിതി, ആദിത്യം, പുനര്‍വസു, സുരജനി എന്നിവ പുണര്‍തത്തിന്റെ പര്യായങ്ങളാണ്. സ്ത്രീയോനിയായ പുണര്‍തം ദേവഗണമാണ്. പൂച്ച മൃഗം, ചെമ്പോത്ത് പക്ഷി, മുള ജന്മവൃക്ഷം, ജലഭൂതം, വിഷ്ണുദേവത, ഇകാരം അക്ഷരം, മകാരം മന്ത്രാക്ഷരം, സൃഷ്ടി നക്ഷത്രം. പൗഷ്ടികകര്‍മ്മങ്ങള്‍ക്കും ശാന്തികര്‍മ്മങ്ങള്‍ക്കും യാത്രയ്ക്കും ആഭരണങ്ങള്‍ ഉണ്ടാക്കാവാനും വാസ്തുകര്‍മ്മങ്ങള്‍ക്കും വ്രതം തുടങ്ങുവാനും വാഹനം സമ്പാദിക്കുവാനും കൃഷിക്കും വിദ്യാരംഭത്തിനും കൊള്ളാവുന്ന നക്ഷത്രമാണ്. പുണര്‍തം നക്ഷത്രത്തിന്റെ ആദി നാല്‍പ്പത്തഞ്ച് നാഴിക മിഥുനംരാശിയിലും ശേഷം കര്‍ക്കടകരാശിയിലുമാണ്.

ഈ നാളില്‍ ജനിച്ചാല്‍ ആര്‍ക്കും എന്തും കൊടുക്കുന്ന ശീലമായിരിക്കും. അസാമാന്യ സൗമ്യതയും ശാന്തതയും സ്വഭാവത്തില്‍ കാണും. വളരെ സാവധാനമായി ആലോചിച്ചുമാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. തനിക്കാവശ്യമില്ലാത്ത യാതൊരുകാര്യത്തിലും ഇടപെടാനാഗ്രിക്കുകയില്ല. എന്നാല്‍ മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിച്ച് അതുദ്ധരിച്ച് എപ്പോഴും കലഹിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആര്യോഗ്യത്തിലും ശുചിത്വത്തിലും പരിസരശുുദ്ധീകരണത്തിലും വളരെ നിഷ്‌കര്‍ഷകാണും. അധികമാരോടും ഇടപെടുന്ന സ്വഭാവമല്ല. തന്മൂലം സുഹൃത്തുക്കള്‍ കുറവായിരിക്കും. സ്‌നേഹമെന്നു തോന്നിയാല്‍ അങ്ങനെയുള്ളവരോട് ഒരുകാര്യവും മറയ്ക്കാതെ തുറന്നുപറയും. ആര്‍ഭാടങ്ങളില്‍ വലിയ നിഷ്‌കര്‍ഷയിണ്ടായിരിക്കുകയില്ല. ആദര്‍ശപ്രേമിയാണെങ്കിലും വിഷാദാത്മകനാണ്. നിസ്സാരവിഷയങ്ങളെയും വളരെ വലുതായി ചിന്തിച്ചുകൊണ്ടിരിക്കും. അതാരെയും അറിയിക്കുകയുമില്ല. അതുമൂലം മഹത്തായ പല കഴിവുകളും വളരാന്‍ സാധിക്കുന്നില്ല. എപ്പോഴും ഒരു ക്ഷീണ ഭാവം കാണിക്കും. പെട്ടന്ന് ശരീരമനസ്സുകള്‍ ക്ഷീണിക്കും. ആതുകാര്യത്തിലും നിഷ്പക്ഷ തീരുമാനമുണ്ടാക്കുവാന്‍ സാധിക്കും. സഹകരിക്കുവാന്‍ കൊള്ളാവുന്ന സ്വഭാവവും ആര്‍ദ്രത നിറഞ്ഞ ഹൃദയവും നിരുപദ്രവമായ പ്രകൃതവും ആയിരിക്കും.

സത്യത്തിനും മര്യാദയ്ക്കും യോജിക്കാത്ത പ്രവൃത്തികണ്ടാല്‍ പെട്ടന്നു ക്ഷോഭിക്കും. മനസ്സിന്റെ സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി കോപമോ, താപമോ ഉണ്ടായാല്‍ സാഹസികമായി എന്തും പ്രവര്‍ത്തിക്കും. പിന്നെ പ്രതികാരേച്ഛയാണ്. അത് എല്ലാ സത്ഗുണങ്ങളേയും ഇല്ലാതാക്കും. സത്യത്തിനും ധര്‍മ്മത്തിനും വേണ്ടി എന്തും ചെയ്യും. ലേഖകന്‍, അദ്ധ്യാപകന്‍, അഭിഭാഷകന്‍, കലാകാരന്‍, വൈദ്യന്‍ എന്നീ നിലകളില്‍ ആത്മമാര്‍ത്ഥത വേണ്ട സകലരംഗത്തും ശോഭിക്കും.

Categories: ASTROLOGY