നക്ഷത്ര പരിചയം- പൂയം

നക്ഷത്രഗണനയില്‍ എട്ടാമത്തെ നക്ഷത്രമാണ് പൂയം, ബൃഹസ്പദിയാണ് ദേവത, അതുമൂലം വ്യാഴത്തിന്റെ പര്യായങ്ങളെല്ലാം പൂയത്തിനും ചേരും.വാല്‍ക്കണ്ണാടിപോലെ കാണപ്പെടുന്ന പൂയത്തിന്റെ നക്ഷത്രസമൂഹം എട്ടെണ്ണമാണ്. ഇവ ഉച്ചിയില്‍ വരുമ്പോള്‍ തുലാം രാശിയില്‍ രണ്ടുനാഴിക അമ്പത്താറു വിനാഴികയാകും. ഇവയുടെ ഉദയം കര്‍ക്കിടക്കത്തില്‍ പതിനാറാം ഭാവത്തിലാണ്. പുരുഷയോനിയായ പൂയം സ്ഥിതി നക്ഷത്രവും, ദേവഗണവും, ജലം ഭൂതവുമാണ്. ഇതിന്റെ മൃഗം ആടും വൃക്ഷം അരയാലുമാണ്. അക്ഷരം ഇകാരവും മകാരം മന്ത്രാക്ഷരവുമാണ്. പൂയ്യം പൂര്‍ണ്ണമായും കര്‍ക്കടകം രാശിയില്‍പ്പെടുന്ന നക്ഷത്രമാണ്. പാദദോഷമുള്ള ഈ നാളില്‍ ആദ്യത്തെ കാല്‍ താന്‍കാലും, രണ്ടാമത്തെ കാല്‍ മാതൃപാദവും നാലാം കാല്‍ മാതുലപാദവുമാണ്. പൗഷ്ഠികകര്‍മ്മം, ശാന്തികര്‍മ്മം, ഉത്സവം, വിവാഹം എന്നിവയൊഴിച്ചുള്ള സകലശുഭകര്‍മ്മങ്ങളും പൂയം ഉത്തമമാണ്.

പൂയം നക്ഷത്രത്തില്‍ ജനിച്ചാല്‍ എല്ലായിപ്പോഴും പ്രസന്നനും, സന്തുഷ്ടനുമായിരിക്കും. ചെറിയകാര്യങ്ങളില്‍പ്പോലും വേഗം കോപിക്കുന്ന പ്രകൃതമാണ്. പൊതു വിജ്ഞാനമുണ്ടായിരിക്കും. വാഗ്‌സാമര്‍ത്ഥ്യവും കര്‍മ്മകുശലതയും നിസ്സര്‍ഗ്ഗേമ കാണാം. വിദ്യാഭ്യാസം കുറഞ്ഞിരുന്നാലും പലകാര്യങ്ങളിലും വിദ്യാസമ്പന്നരേക്കാള്‍ അറിവും യഥോചിതം പ്രവര്‍ത്തിക്കാനുള്ള കഴിവും ഉണ്ടായിരിക്കും. ഒരു മുഖ്യ ലക്ഷ്യവുമില്ലാതെ പല കാര്യങ്ങളിലും ഇടപെടുന്നതും ആലോചനകൂടാതെ പ്രവര്‍ത്തിക്കുന്നതും പല നഷ്ടങ്ങള്‍ക്കും പരാജയങ്ങള്‍ക്കും ഇടയാക്കും. എത്ര പരാജയം സംഭവിച്ചാലും നിരാശപ്പെടാതെ എന്തുത്യാഗവും സഹിച്ചും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കുന്നതുവരെ പരിശ്രമിക്കും. അതിന്റെ പ്രയോജനം നഷ്ടത്തിലായാലും കാര്യം നേടിയതില്‍ കൃതാര്‍ത്ഥത കൈകള്ളും.

ബുദ്ധികൂര്‍മ്മത, പ്രവര്‍ത്തികളില്‍ വ്യഗ്രത, എന്തും മനസ്സിലാക്കാനുള്ള കഴിവ്, മുതലായവ ഗുണങ്ങളായിരിക്കും. വളരെ സ്‌നേഹഭാവത്തില്‍ ആരോടും പെരുമാറുമെങ്കിലും തനിക്ക് അതുകൊണ്ട് പ്രയോജനമില്ലെന്നു കണ്ടുകഴിഞ്ഞാല്‍ ആ സ്‌നേഹബന്ധത്തില്‍ നിന്ന് പിന്‍മാറും. അതുമൂലം ആത്മാര്‍ത്ഥത ഇല്ലാത്തവനെന്ന ദുഷ്‌പ്പേര് ലഭിക്കാനിടയാകും. അന്യരെ ദ്രോഹിക്കണമെന്ന ചിന്ത ഉണ്ടായിരിക്കുകയില്ല. അങ്ങനെയുള്ളവരെ എതിര്‍ക്കുകയും ചെയ്യും. ആരോഗ്യ നില പൊതുവേ സംതൃപ്തികരമാണ്. കാഴ്ചയില്‍ ആരോഗ്യക്കുറവ് കാണാമെങ്കിലും ശ്വാശതമായ ആരോഗ്യവും നിസ്തന്ദ്രതയും കര്‍മ്മകുശലതയും ഉണ്ടായിരിക്കും.

പൂയം ഒന്നാം കാലില്‍ ജനിച്ചാല്‍ ഏകാകിയും തീവ്രകോപിയും ശൂലരോഗിയും നിഷ്ഠൂരനും, ദീര്‍ഘദേഹനും കുബുദ്ധിയും ആകും. രണ്ടാംകാലില്‍ ജനിച്ചാല്‍ പരപൂജ്യനും പരസ്‌നേഹിയും അന്യരുടെ ഇഷ്ടമറിയുന്നവനും ധനികനും ദീര്‍ഘയാത്രചെയ്യുന്നവനും ആകും. മൂന്നാം കാലില്‍ജനിച്ചവര്‍ പ്രസന്നനും ജ്ഞാനിയും ശ്രേഷ്ഠനും സ്വജനനേതാവും ക്ഷമാശീലനും ആയിത്തീരും. എന്നാല്‍ നാലാം പാദത്തിലാണ് ജനനമെങ്കില്‍ അയാള്‍ പുരഷശീലനും സുന്ദരനും പരദാരരതനും കലഹശീലനും ആകും.

Categories: ASTROLOGY