DCBOOKS
Malayalam News Literature Website

നദീറിനെതിരായ കേസ്; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമപ്രവര്‍ത്തകനായ നദീറിനെതിരെ കേസെടുത്തതില്‍ തെളിവുകള്‍ ഹാജാരാക്കാനും അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം. കേസ് പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷയാണ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കാരണമില്ലാതെ കേസ് നീട്ടികൊണ്ടുപോകുന്ന പൊലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ”നദീറിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജാരാക്കുക, നിയമപരമായുള്ള നടപടികള്‍ സ്വീകരിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുക. ഒരു യുവാവിന്റെ ജീവിതത്തെ ബാധിക്കുന്ന വിഷയമാണ് ഇത്. ഇതിനൊരു അവസാനമുണ്ടാകണം – കോടതി അഭിപ്രായപ്പെട്ടു. ഡെമോക്ലസിന്റെ വാള്‍ തലക്കു മീതെയിട്ട് എത്ര കാലമായി ഒരു യുവാവ് നടക്കുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണ്ടെയെന്നും കോടതി ചോദിച്ചു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണ്ടിവരുമെന്ന് ചോദിച്ച കോടതി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയം കൂടെ അന്വേഷണസംഘത്തിന് നല്‍കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് 2016 ലാണ് നദീറിനെതിരെ കേസ് എടുക്കുന്നത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസെടുത്തത്. ഇതിനെ ചോദ്യം ചെയ്ത് നദീര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ ഉത്തരവുണ്ടായിരിക്കുന്നത്. പോലീസിന്റെ അന്തിമറിപ്പോര്‍ട്ടില്‍ ഹര്‍ജിക്കാരന് എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് കമാല്‍ പാഷ അറിയിച്ചു. ആറളം ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് ലഘുലേഖ നല്‍കിയെന്നാരോപിച്ച് 2016 ഡിസംബറിലാണ് നദീറിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്.

Comments are closed.