DCBOOKS
Malayalam News Literature Website

ഷുക്കൂര്‍ വധം: പി. ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം

കണ്ണൂര്‍: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട കേസില്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി. തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരം കൊലക്കുറ്റവും ഗൂഢാലോചനക്കുറ്റവുമാണു ചുമത്തിയിരിക്കുന്നത്. ടി.വി രാജേഷ് എം.എല്‍.എയ്‌ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുമ്പാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കേസിന്റെ ആദ്യ ഘട്ടത്തില്‍ 118 വകുപ്പ് പ്രകാരം ഷുക്കൂറിനെ പാര്‍ട്ടിക്കാര്‍ പിടികൂടിയ വിവരം അറിഞ്ഞിട്ടും കൊലപാതകം നടത്തുന്നത് തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റമായിരുന്നു ജയരാജനെതിരെ ചുമത്തിയത്. എന്നാല്‍ സി.ബി.ഐ നടത്തിയ തുടരന്വേഷണത്തിനൊടുവിലാണ് ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നല്‍കിയത്. കൊലപാതകം നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

2012 ഫെബ്രുവരി 20-നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനും സംഘടനയുടെ വിദ്യാര്‍ത്ഥിവിഭാഗമായ എം.എസ്.എഫിന്റെ നേതാവുമായിരുന്നു ഷുക്കൂര്‍.2016-ലാണ് ഷുക്കൂര്‍ വധം സി.ബി.ഐയ്ക്കു വിട്ടത്.

Comments are closed.