DCBOOKS
Malayalam News Literature Website

അറബ് വസന്തത്തിന്റെ തീക്ഷ്ണത പങ്കുവെച്ച ‘മുല്ലപ്പൂനിറമുള്ള പകലുകള്‍’

അറബ് നഗരത്തില്‍ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി സമീറ പര്‍വ്വീണിന് അനുഭവിക്കേണ്ടി വന്ന യാതനകള്‍ നോവല്‍ രൂപത്തില്‍ അവിഷ്‌ക്കരിക്കുകയാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന രചനയിലൂടെ ബെന്യാമിന്‍. എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍ എന്ന ആ നോവല്‍ ബെന്യാമിന്‍ സുഗന്ധമില്ലാത്ത വസന്തം എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതായാണ് നോവലിന്റെ രൂപഘടന. അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിന്റെ തുടര്‍ച്ചയാണ് മുല്ലപ്പൂനിറമുള്ള പകലുകള്‍.

അറബ് നാടുകളില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച മുല്ലപ്പൂ വസന്തമാണ് നോവലിന്റെ പശ്ചാത്തലം. ആരും എത്തിനോക്കുക പോലും ചെയ്യാതിരുന്ന പ്രവാസജീവിതത്തിലെ പ്രശ്‌നങ്ങളും മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രീയത്തിലേക്കുമാണ് എഴുത്തുകാരന്‍ തന്റെ നോട്ടമെത്തിച്ചത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം ലഭിച്ച ഈ കൃതി ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഒരു വിദേശ നോവലിസ്റ്റിന് നോവല്‍ എഴുതാനുള്ള വിവരശേഖരണത്തിനായാണ് കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ പ്രതാപ് ആ അറബ് തുറമുഖ നഗരത്തില്‍ എത്തിച്ചേരുന്നത്. അവിടെ എത്തുന്ന അയാള്‍ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍’ എന്ന പുസ്തകത്തെക്കുറിച്ച് അറിയുന്നു. എന്നാല്‍ പുസ്തകത്തെപ്പറ്റിയോ എഴുത്തുകാരിയായ സമീറ പര്‍വീണിനെക്കുറിച്ചോ ഒരു വാക്കുപോലും എങ്ങും അടയാളപ്പെടുത്തിയിരുന്നില്ല. സമീറയെയും പുസ്തകത്തെയും തേടിയുള്ള പ്രതാപിന്റെ അന്വേഷണം ചെന്നെത്തുന്നത് അറബ് നാടുകളില്‍ അലയടിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ ബാക്കിപത്രങ്ങളിലേയ്ക്കാണ്. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവപരമ്പരകളാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലിലൂടെ ബെന്യാമിന്‍ പറയുന്നത്.

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയുടെ ബാക്കിപത്രമാണ് മുല്ലപ്പൂ നിറമുള്ള പകലുകള്‍. പ്രതാപ് അന്വേഷിച്ചെത്തിയ സമീറ പര്‍വീണിനെ കണ്ടെത്തുകയും അവളുടെ ആത്മകഥ കണ്ടെത്തുകയും ചെയ്യുന്ന പ്രതാപ് ആ കഥ പരിഭാഷപ്പെടുത്തി അതിന്റെ കഥാംശത്തെ കണ്ടെത്തുന്നു. മുല്ലപ്പൂ വിപ്ലവത്തിന്റെ ആയിരക്കണക്കിന് ഇരകളില്‍ ഒരാളായ സമീറാ പര്‍വീണിന്റെ ദുരിതക്കയങ്ങളിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതമാണ് അവള്‍ ആത്മകഥാപരമായ നോവലിലൂടെ വെളിപ്പെടുത്തിയത്. ഒരു റേഡിയോ ജോക്കിയായ സമീറ പറയുന്നത് ലോകത്ത് എല്ലാ കലാപങ്ങളിലും കൂടുതല്‍ മുറിവേല്‍ക്കപ്പെടുന്നത് പെണ്ണിനാണെന്ന യാഥാര്‍ത്ഥ്യമാണ്. സമീറ എന്ന പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ ജീവിതമാണ് മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന നോവലിലൂടെ ബെന്യാമിന്‍ വരച്ചുകാട്ടുന്നത്.

നോവലിന്റെ എട്ടാമത് പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്കു ലഭ്യമാണ്.

Comments are closed.