നോട്ടു പിൻവലിക്കലിനെതിരെ ആഞ്ഞടിച്ച് എം ടി വാസുദേവൻ നായർ

mt

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടു പിൻവലിക്കലിനെ ശക്തമായി വിമർശിച്ചുകൊണ്ട് എം ടി വാസുദേവൻ നായർ. ഡോ. തോമസ് ഐസക്കിന്റെ ‘കള്ളപ്പണ വേട്ട : മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് എംടി വാസുദേവൻ നായർ നോട്ടു പിൻവലിക്കലിനെതിരെ ശബ്ദിച്ചത്. അരക്കിറുക്കു കൊണ്ട് മാത്രമല്ല തുഗ്ലക് തലസ്ഥാനം മാറ്റിയത് തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു.തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക് ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ് തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്. ഇത്തരം എതിർപ്പുകൾ ഓരോ കാലത്തും ഉയർന്നു വരുമെന്നും എം.ടി പറഞ്ഞു.

രാജ്യത്തിന്റെ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനത്തുള്ളവര്‍ മാത്രമല്ല റിസര്‍വ്വ് ബാങ്കും നിലപാട് മാറ്റി പറയുകയാണെന്ന് എംടി ചൂണ്ടിക്കാട്ടി.കറന്‍സി പിന്‍വലിച്ച എല്ലാ രാജ്യങ്ങളും നേരിട്ടത് വലിയ ആപത്തായിരുന്നു. അഫ്രിക്കന്‍ രാജ്യങ്ങള്‍ ഉദാഹരണമാണെന്ന് എംടി പറഞ്ഞു. ധനമന്ത്രി ഡോ. തോമസ് ഐസക് രചിച്ച ‘കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും’ എന്ന പുസ്തകം തിരൂരില്‍ പ്രകാശനം ചെയ്യുകയായിരുന്നു എംടി.

നോട്ട് പിന്‍വലിക്കലിലൂടെ കേന്ദ്ര സര്‍ക്കാര്‍ എന്തിനുള്ള പുറപ്പാടാണ് എന്ന ചോദ്യമാണ് പുസ്തകമെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് തോമസ് ഐസക് പറഞ്ഞു. നോട്ട് പിന്‍വലിച്ചതിലൂടെ മൂന്ന് ലക്ഷം കോടി ഉല്‍പാദന നഷ്ടമാണ് രാജ്യത്ത് ഉണ്ടായതെന്നും ഐസക് പറഞ്ഞു. സംസ്‌കൃത സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ കെടി ഷംസാദ് ഹുസൈന്‍ പുസ്തകം ഏറ്റുവാങ്ങി.